

പെരുമകളുടെ ചങ്ങാതിക്കാലമാണിത്. ശുദ്ധ സൌഹൃദവും ആദര്‍ശവും ചങ്ങാതിക്കൂട്ടങ്ങളുടെ നിലപാടുകളായിരുന്ന കാലം വിദൂര സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. കടങ്കഥകള്‍ കള്ളക്കഥകള്‍ പറയുന്ന കാലമാണിത്. പഴഞ്ചൊല്ലുകള്‍ക്ക് മറുചൊല്ലുകളുണ്ടാകുമ്പോള്‍ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിയേണ്ടിവരുന്നു. നിരന്തരമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഒരു ചൊല്ല് രൂപപ്പെട്ടതും പ്രചരിക്കപ്പെട്ടതുമെങ്കില്‍ അതിന്റെ മറുചൊല്ലുo അങ്ങനെതന്നെ ആയിത്തീരണം. അതിവേഗതയുള്ള ജീവിത പരിസരങ്ങളാണ് കൂട്ടിനുള്ളതെന്നതിനാല്‍ അതിവേഗതയില്‍ പുതിയ ചൊല്ലുകളും മറുചൊല്ലുകളും സൃഷ്ടിക്കാന്‍ ഇന്ന് കഴിയുന്നതില്‍ അത്ഭുതവുമില്ല.
ഉത്തരം കിട്ടാത്ത സമസ്യാപൂരണമായിരുന്നില്ല ചങ്ങാതിയെ കണ്ണാടിയോടുപമിച്ച പഴയ മനസ്സിന്റ ലക്ഷ്യം. മറിച്ച് അത് യാഥാര്‍ത്ഥ്യവും ജീവിതാനുഭവവുമായിരുന്നു. ആദര്‍ശ പരമായ ചങ്ങാത്തത്തെക്കുറിച്ച് വിശുദ്ധ വാക്യങ്ങള്‍ ജീവിതാനുഭവങ്ങളിലൂടെ കണ്ടറിഞ്ഞിരുന്നു. അപകടങ്ങള്‍ വാരിക്കുഴികളായി മുന്നില്‍ നില്‍ക്കുമ്പേള്‍ അത് കണ്ടറിയുകയും മുന്നറിയിപ്പ് നല്‍കുകയും ആപത്തിലകപ്പെടാതെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന ചങ്ങാതിക്കൂട്ടങ്ങള്‍ ഓര്‍മ്മ മാത്രമായെന്ന് പറയുന്നത് അതിശയോക്തിയാകും. പക്ഷേ, നിറം മങ്ങിയ ഓര്‍മ്മകള്‍ പോലെ വല്ലപ്പോഴും മാത്രം കഴിയുന്ന ഒന്നായി അത് മാറിപ്പോയിരിക്കുന്നു എന്നത് നഗ്ന സത്യമായി മാറിയിരിക്കുകയും ചെയ്യുന്നു.
പണം ഒരു മാനദണ്ഡമായത് ഇന്ന് മാത്രമല്ല. എല്ലാ കാലത്തും അത്തരം പണജീവിതങ്ങള്‍ ജീവിതം ഹോമിച്ചിരുന്നു. പക്ഷേ, അതൊരു സമൂഹത്തിന്റെ പൊതുജീവിതധാരയായിരുന്നില്ല. അതിനുവേണ്ടിയുള്ള നിരന്തരമായ സമരമാണ് ജീവിതമെന്ന് ആരും പറഞ്ഞ് പഠിപ്പിച്ചിരുന്നില്ല. ക്ഷുഭിത യൌവനം കുരുതി നല്‍കി, മരവിപ്പ് ബാധിച്ച മനസ്സുകള്‍ സ്വന്തമാക്കാന്‍ മത്സരിക്കുന്ന അവസ്ഥ വ്യാപകമായിരുന്നില്ല.
ഇതൊരു ചങ്ങാതിക്കാലമാണെന്ന പ്രസ്താവന ഒരിക്കലും അതിശയോക്തിയല്ല. ആഘോഷങ്ങളുടെ ചങ്ങാതിക്കാലം എന്ന് തിരുത്തിപ്പറഞ്ഞാലും തെറ്റല്ല. ആഘോഷങ്ങളാണ് ചങ്ങാതികളെ നിര്‍ണ്ണയിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരവസരം. ലഹരിയുടെ സുഖം തേടാനും മദ്യത്തിന്റെ രുചി നുണയാനും ഇത്തരം ചങ്ങാതിക്കൂട്ടങ്ങള്‍ വേദിയാകുന്നു എന്നതും ഒരു വാസ്തവം. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്യ്രം ആഗ്രഹിക്കുന്ന തലമുറ എന്ന വിശേഷണത്തില്‍ നിന്ന് അത് അനുഭവിച്ച തലമുറയായി മാറാനുള്ള കുതിപ്പായി അതിനെ വിശേഷിപ്പിക്കാം.
കണ്ണാടി പ്രതിഫലിപ്പിക്കേണ്ടുന്ന ഒന്നാണ്. ഇല്ലാത്ത ഒന്ന് പ്രതിഫലിപ്പിക്കാനാവില്ല. നന്മയെ പ്രതിഫലിപ്പിക്കാന്‍ നമ്മുടെ ചങ്ങാതികള്‍ക്ക് കഴിയുന്നുണ്ടോ, ചോദ്യമോ, ചങ്ങാതിക്കൂട്ടങ്ങള്‍ അതിന് ഉത്സുകരാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അരിക് വത്കരണത്തിന്റെ
സൂചനകളല്ല. ഒറ്റപ്പെടുത്താനുള്ള ചോദ്യങ്ങളുമല്ല. സമൂഹത്തിന്റെ മുന്നോട്ടുപോക്കില്‍ ആര്‍ക്കാണ് കൂടുതല്‍ സ്വാധീനം ചെലുത്താനാകുക എന്ന അന്വേഷണത്തിന്റെ ഭാഗം മാത്രമാണിത്. ആത്മവിശ്വാസത്തോടെ നാളയെ നേരിടാന്‍ ആര്‍ക്കെല്ലാം കഴിയുമെന്ന അന്വേഷണം സാമൂഹിക പുരോഗതിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നവരുടെ അന്വേഷണത്തിന്റെ ഭാഗമാകുന്നത് സ്വാഭാവികം മാത്രമാണ്.
യുവതയുടെ സ്വപ്നങ്ങളാണ് സമൂഹത്തിന്റെ സ്വപ്നങ്ങളാകുന്നത്, യുവാക്കളുടെ കര്‍മ്മശേഷിയാണ് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ടത്. ലോകം തങ്ങളെയല്ല മാറ്റുകയെന്നും മറിച്ച് തങ്ങളാണ് ലോകത്തെ മാറ്റുകയെന്നും ഉറപ്പിച്ച് പറയാനാവുക ഈ യുവശക്തിക്ക് മാത്രമാണ്. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ തങ്ങളെ ബാധിക്കാത്ത പുഴുക്കുത്തുകളും കീടബാധകളുമാണ് എന്നതും തങ്ങളതിന്റെ കീടനാശിനികളാകാന്‍ തയ്യാറുള്ളവരാണെന്നതും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത യുവാക്കള്‍ക്കുള്ളതാണ്. ഒഴുക്കിനെതിരെ നീന്താനാവുക തങ്ങള്‍ക്കാണെന്നും, ഒഴുക്കിനൊപ്പം പോവുന്ന പൊങ്ങുതടികളാകാന്‍ തങ്ങില്ലെന്നും പറയേണ്ടത് യുവാക്കള്‍ തന്നെയാണ്.
നമുക്ക് പുന:രര്‍പ്പണം ചെയ്യേണ്ടതുണ്ട്. തന്നിലേക്ക് മാത്രം ചുരുങ്ങാതെ നമ്മുടെ നന്മകള്‍ ഈ ലോകത്തോളം വിശാലമാകേണ്ടതുണ്ട്. അതൊരിക്കലും എളുപ്പമായിരിക്കില്ല. ത്യാഗം ആവശ്യപ്പെടാത്ത ഒന്നും ഭൂമുഖത്തില്ല. ആര്‍ക്കുവേണ്ടി ത്യജിക്കുന്നു എന്നതല്ല എന്തിനുവേണ്ടി ത്യജിക്കുന്നു എന്നതും തീര്‍ച്ചയായും പ്രസക്തവും പരിശോധിക്കപ്പെടേണ്ടതുമാണ്. മനുഷ്യനുവേണ്ടി പ്രകൃതിക്ക് വേണ്ടി ദൈവത്തിന് വേണ്ടി നമുക്ക് മാറ്റിവയ്ക്കാനും ത്യാഗപ്പെടാനും കഴിയണം. അപ്പോള്‍ നമ്മളില്‍, ചങ്ങാതികളില്‍, ചങ്ങാതിക്കൂട്ടങ്ങളില്‍ പുതിയ പ്രകാശം കടന്നുവരും. അതൊരിക്കലും അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. അവരില്‍ നിന്ന് അവരുടെ കൂട്ടുകാരിലേക്ക്, അവരില്‍ നിന്ന് . . . . അത് തുടരുക തന്നെ ചെയ്യും. ആ പകര്‍ച്ച നമ്മെ, നമ്മുടെ സമൂഹത്തെ മാറ്റിത്തീര്‍ക്കും. അതൊരിക്കലും പരാജയപ്പെട്ടിട്ടില്ല. നന്മ ഒരിക്കലും പ്രസരിക്കാതിരുന്നിട്ടില്ല.
നമ്മുടെ ചങ്ങാതികളും ചങ്ങാതിക്കൂട്ടങ്ങളും നമ്മുടെയെല്ലാം തന്നെ ഇരുളില്‍ തിളങ്ങുന്ന നക്ഷത്രങ്ങളും നക്ഷത്രക്കൂട്ടങ്ങളുമാകട്ടെ. അതെ, അത് എപ്പോഴും പ്രകാശം പരത്തുകയും ചുറ്റുമുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യട്ടെ.
ഈ ചങ്ങാതിക്കാലത്ത് കണ്ണാടിക്ക് ഒന്നും പറയാനുണ്ടാകില്ല.
ദയ, സ്നേഹം, നീതി, കരുണ തുടങ്ങി നന്മകളുടെ സുഗന്ധം പരന്ന് ജീവിതത്തിന് സൌരഭ്യമുണ്ടായി. അത് ജീവിതത്തിലും സമൂഹത്തിലും പ്രതിഫലിപ്പിക്കട്ടെ എന്നതൊഴിച്ച്.
good keep going..
ReplyDeletenambiarguy@gmail.com