Wednesday, November 13, 2013

ഗ്രാമം പെയ്തിറങ്ങുന്ന കഥകള്‍
                       
                 ഗ്രാമം എന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓര്‍മ്മ മാത്രമായിരിക്കേ ഒരു മള്‍ട്ടി ടൗണ്‍ഷിപ്പിന്റെ സ്വഭാവ സവിശേഷതകള്‍ കേരളീയന്റെ നിത്യജീവിത വ്യവഹാരങ്ങളെപ്പോലും സ്വാധീനിക്കുമ്പോള്‍ പരസ്പര കൊള്ളക്കൊടുക്കകള്‍ കൊണ്ട് ഗ്രാമീണതയുടെ  നിഷ്‌കളങ്കതയും പ്രതികാരവും കാമവും ക്രോധവും പ്രണയവും ചിത്രീകരിക്കാന്‍ പ്രദീപ് തയ്യിലിനിനെ പ്രേരിപ്പിച്ചത് തന്റെ ഗ്രാമീണമായ ജീവിത പശ്ചാത്തലം തന്നെയായിരിക്കണം.പ്രദീപ് തയ്യിലിന്റെ ആദ്യ കഥാസമാഹാരം പട്ടത്തിപ്പാടത്തിന്റെ കാവല്‍ക്കാര്‍ പത്ത് ചെറുകഥകളുടെ സമാഹാരമാണ്.കെട്ടിലും മട്ടിലും ഭംഗി ചോരാതെ പുറത്തിറക്കിയതില്‍ പ്രസാധകരായ പൗര്‍ണ്ണമി ബുക്ക്‌സിനെ അഭിനന്ദിക്കാതെ വയ്യ.നവാഗതരുടെ പുസ്തകങ്ങള്‍ പലപ്പോഴും വിലകുറഞ്ഞ ചരക്ക് പോലെ കൈകാര്യം ചെയ്യപ്പെടാറുള്ളതിനാല്‍ ഇക്കാര്യം പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല.
                             കഴിഞ്ഞ കാലത്തെ കഥകളാണെന്ന ബോധ്യത്തോടെ വായിക്കുമ്പോഴും വായനക്കാരനെ കൂടെ കൊണ്ടുപോകുന്ന പ്രദീപിന്റെ ഭാഷാശൈലിയാണ് ഈ കഥകളുടെ പ്രത്യേകത.ഒരുപക്ഷേ മുന്‍പ് എപ്പോഴെങ്കിലും ഈ കഥകള്‍ നമ്മള്‍ കേട്ടിരിക്കാമെങ്കിലും പ്രദീപ് അതിനെ ഭാഷ കൊണ്ട് ആകര്‍ഷകമാക്കി എന്ന് മാത്രമല്ല കഥകളുടെ രസച്ചരടിനെ മുറിച്ചു കളയാതെ പുനര്‍ സൃഷ്ടിച്ചു.സമാഹാരത്തിലെ രണ്ട് കഥകള്‍ പഴയകാലത്തല്ല നടക്കുന്നത്.പക്ഷേ അവയുടെ അടിസ്ഥാന ചോദനവും ഭൂതകാലമാണ്.
                              സാമൂഹ്യാവസ്ഥകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു എന്നും പഴയ ഫ്യൂഡല്‍ സവര്‍ണ്ണ ചിഹ്നങ്ങള്‍ ദൃശ്യപരതയുടെ സാധ്യതകളും ഭൂരിപക്ഷ മതത്തിന്റെ മതേതര മേല്‍ക്കോയ്മയും മൂലം നിലനില്‍പ്പ് തേടുമ്പോള്‍ പ്രദീപിനെപ്പോലെയുള്ള എഴുത്തുകാരില്‍ നിന്ന് കേരളീയ നവോത്വാനത്തിന്റെ പിന്‍മടക്കം തുടങ്ങാനിട വരരുത് എന്ന് ആവശ്യപ്പെടേണ്ടി വരുന്നു.സാമ്പ്രദായക ചിഹ്നങ്ങളുടെ വാര്‍പ്പ് മാതൃകകള്‍ക്കപ്പുറം പുതിയ കേരളത്തില്‍ നടക്കുന്ന സാധാരണക്കാരുടെ അതിജീവനങ്ങള്‍  കൂടി കഥകള്‍ക്ക് പ്രചോദമാകേണ്ടതുണ്ട്. 
                              സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങളുടെ പകര്‍ത്തിയെഴുത്ത് ഏറ്റവും ദുഷ്‌കരമാണ്.കാരണം അതിന് പൊടിപ്പും തൊങ്ങലുമില്ല.എന്നാല്‍ പ്രദീപ് തീര്‍ത്തും ലളിതമായ ഭാഷയിലൂടെ അതാവിഷ്‌കരിക്കുക മാത്രമല്ല കഥാപാത്രങ്ങളുടെ വികാരങ്ങള്‍ വായനക്കാരന്റേത് കൂടിയാക്കുക കൂടി ചെയ്തു.

Friday, January 18, 2013


സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ബാക്കിവെച്ചത്


                                കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്ക് സമരം അവസാനിപ്പിക്കപ്പെട്ടു. എണ്‍പത് ശതമാനം വരെ ജീവനക്കാര്‍ ജോലിക്കെത്തി എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോഴും ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ സമരം സര്‍ക്കാര്‍ സംവിധാനങ്ങളെയും വിദ്യാലയങ്ങളേയും സാരമായി ബാധിച്ചിരുന്നു. സമരം വിജയിച്ചോ ഇല്ലയോ എന്നകാര്യത്തില്‍ നീണ്ടുനില്‍ക്കുന്ന വാദകോലാഹലങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. അതിനപ്പുറം ഈ സമരം ബാക്കിവെച്ച ചില വസ്തുതകള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അന്യഗ്രഹ ജീവികളാണോ എന്ന് തോന്നിപ്പോകാന്‍ മാത്രം രൂക്ഷമായിരുന്നു ജീവനക്കാരുടെ സമരത്തോടനുബന്ധിച്ച പല പ്രതികരണങ്ങളും. ഭേദപ്പെട്ട ശമ്പളം വാങ്ങുന്നവര്‍ക്ക് തങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് മിണ്ടാന്‍ അവകാശമില്ല എന്നൊരു നിയമമില്ലാത്തതിനാല്‍ തങ്ങളുടെ വേതനഘടനയെ ബാധിക്കാനിടയുള്ള ഒരു വിഷയത്തെ സംബന്ധിച്ച് അവരുന്നയിച്ച ആശങ്കകള്‍ ആസ്ഥാനത്തല്ല. സമരത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടന്ന് ചെല്ലുക ഈ ചര്‍ച്ചയില്‍ പ്രസക്തമല്ലാത്തതിനാല്‍ തല്‍ക്കാലം അത് മാറ്റിവെക്കാം.
സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ആദ്യമായല്ല ഒരു അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുന്നത്. അത്തരം സമരങ്ങള്‍ നടത്തിയപ്പോഴൊക്കെ അതാത് ഭരണാനുകൂല സംവിധാനങ്ങള്‍ അത്തരം സമരങ്ങള്‍ക്കെതിരെ പ്രചാരണവും നടത്തിയിട്ടുണ്ട്. ജനവികാരം ഈ സമരങ്ങള്‍ക്ക് എതിരായി തിരിക്കുക എന്നത് ഭരണാധികാരികളുടെ രീതിയായി മാറുക സ്വാഭാവികമാണ്. പക്ഷേ, എന്ത് കൊണ്ട് ജനവികാരം എളുപ്പത്തില്‍ തങ്ങള്‍ക്കെതിരായി മാറ്റാന്‍ കഴിയുന്നു എന്നതിനെക്കുറിച്ച് ജീവനക്കാര്‍/ അധ്യാപകര്‍ ചിന്തിക്കേണ്ടതുണ്ട്.

കേരളീയന്റെ അച്ഛന്‍/ അമ്മ/ മകന്‍/ സഹോദരന്‍/......................... തുടങ്ങിയവര്‍ തന്നെയാണ് കേരളത്തിലെ ജീവനക്കാരും അധ്യാപകരും. ഇവരുടെ വേതന ഘടനയിലെ മാറ്റങ്ങള്‍ നമ്മുടെ പ്രാദേശിക കമ്പോളത്തിലാണ് പ്രതിഫലിപ്പിക്കപ്പെടുന്നത്. ശമ്പളം വാങ്ങുന്ന തുക മുഴുവന്‍ ചിട്ടികമ്പനിയില്‍ നിക്ഷേപിച്ച് മറ്റേതെങ്കിലും വഴിയിലൂടെ സമ്പാദിക്കുന്ന പണം അരിഷ്ടിച്ച് വ്യയം ചെയ്ത് ജീവിക്കുന്ന വിചിത്ര ജീവികളായി ഇവരെ വിശേഷിപ്പിക്കുന്ന ഭോഷത്തരം തല്‍ക്കാലം ഒഴിവാക്കാം. അതിനാല്‍ കേരളത്തിലെ സാധാരണ കൂലി തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇടയില്‍ ചിലവഴിക്കപ്പെടുന്ന ഈ പണത്തെ ചില സാമാന്യവല്‍ക്കരണങ്ങളിലൂടെ നിസ്സാരവല്‍ക്കരിക്കുന്നത് ശരിയായിരിക്കില്ല.
കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡല്‍ എന്നതിന്റെ സാക്ഷാത്കാരത്തിന് മുഖ്യ പങ്ക് വഹിച്ച  ഒരു വിഭാഗമാണ്് കേരളത്തിലെ ജീവനക്കാരും അധ്യാപകരും. പൊതുവിദ്യഭ്യാസ രംഗത്തിന്റെയും കേരളത്തിന്റ ആരോഗ്യമേഖലയുടേയും വികാസത്തിന് ഇവര്‍ ചെയ്ത സേവനങ്ങളെ വിസ്മരിക്കാനാകില്ല. കേരളത്തിലെ സാധാരണ മനുഷ്യന് നിവര്‍ന്ന് നിന്ന് സംസാരിക്കാന്‍ ധൈര്യം ലഭിച്ച ഭൂ ഉടമസ്ഥത ഭൂപരിഷ്‌കരണ നിയമത്തിന്റെ നടപ്പാക്കലിലൂടെ അനുഭവിപ്പിക്കാന്‍ സാധിച്ചത് കേരളത്തിന്റെ സിവില്‍ സര്‍വ്വീസിലൂടെയാണ് . കുറ്റങ്ങളും കുറവുകളും വീഴ്ചകളും യാഥാര്‍ത്ഥ്യമാണെങ്കിലും ഒരു പുരോഗമന കേരളത്തെ സൃഷ്ടിച്ചതിലും അത് നിലനിര്‍ത്തുന്നതിലും കേരളത്തിന്റെ സിവില്‍ സര്‍വ്വീസും പൊതുവിദ്യഭ്യാസ രംഗവും തങ്ങളുടെ ഭാഗം സമര്‍ത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്. പരാതികളെയും കുറ്റങ്ങളെയും പര്‍വതീകരിച്ച് ഈ സംവിധാനങ്ങള്‍ തന്നെ നിലനില്‍ക്കേണ്ടതില്ല എന്ന സമീപനം പ്രതിലോമപരമാണ്.
നാടിനും നാട്ടുകാര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവരായി മാറേണ്ടിയിരുന്ന ജീവനക്കാരും അധ്യാപകരും എന്ത് കൊണ്ട് ജനവിരുദ്ധരും ചൂഷകരുമായി ചിത്രീകരിക്കപ്പെടുന്നു എന്നതിന് സ്വന്തം പ്രവര്‍ത്തനങ്ങളിലേക്ക് നോക്കി ജീവനക്കാരും അധ്യാപകരും അവലോകനം നടത്തേണ്ടതുണ്ട്. ഈ മനോഭാവങ്ങളെ  അഭിമുഖീകരിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും മുന്നോട്ട് പോകാന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തണം. പഴയ അടിമ -ഉടമ ബന്ധത്തിന്റെയും കൊളോണിയല്‍ അവശിഷ്ടങ്ങളെയും ചൂണ്ടിക്കാണിച്ച് ചരിത്രപരമായ കാരണങ്ങളെ മുന്‍ നിര്‍ത്തി വ്യവസ്ഥിതിയുടെ തകരാന്‍ ചൂണ്ടിക്കാണിക്കുന്ന പരമ്പരാഗത ശൈലി അപ്രസക്തമാക്കുന്നു എന്നത്  സമരത്തിന് ശേഷമുള്ള ഈ സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കുന്നത് നന്ന്.
ജീവനക്കാരും അധ്യാപകരും ഇന്നനുഭവിക്കുന്ന മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ഒരു ഭരണകൂടവും അവര്‍ക്ക് ദാനം നല്‍കിയതല്ല. നിരന്തരമായ അവകാശപ്പോരാട്ടങ്ങളിലൂടെ അവരത് പിടിച്ച് വാങ്ങുമ്പോള്‍ ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ തൊഴില്‍ വിഭാഗം എന്ന വിലയിരുത്തല്‍ സ്വാഭാവികമാണ്. പക്ഷേ തങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയ ജനാധിപത്യ സാധ്യതകള്‍ തങ്ങളുടെ സേവനം ലഭിക്കേണ്ട വിഭാഗത്തിന് ഉപയോഗപ്പെടുത്തി നല്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല പലപ്പോഴും നിഷേധിക്കാനും കൂട്ടുനിന്നു എന്ന യാഥാര്‍ത്ഥ്യം ജീവനക്കാര്‍/ അധ്യാപകര്‍ ക്ക് മറച്ചുവെയ്ക്കാനാകില്ല. തങ്ങള്‍ പണിയെടുക്കുന്ന വ്യവസ്ഥിതിയുടെ ആന്തരിക ജനാധിപത്യ വത്കരണത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് പോലും സമയം കണ്ടെത്താതെ അവകാശസമരങ്ങളുടെ വേലിക്കെട്ടുകള്‍ക്കകത്ത് സ്വയം തളച്ചിടപ്പെട്ടതിന്റെ ദുരനുഭവങ്ങളാണ് ഇന്ന് ജീവനക്കാര്‍ അനുഭവിക്കുന്നത്.
സിവില്‍ സര്‍വ്വീസിന്റെ ഘടനയും ശൈലിയും സൗഹൃദ പൂര്‍ണ്ണമാക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വവും വലിയ താല്പര്യമെടുത്തിട്ടില്ല. സെക്രട്ടറിയേറ്റിലെ അലമാരകളില്‍ തടിച്ച പുസ്തകകെട്ടുകളായി വിശ്രമിക്കുന്ന ഒന്നിലധികം ഭരണപരിഷ്‌കാര റിപ്പോര്‍ട്ടുകള്‍ അതിന്റെ തെളിവാണ്. പക്ഷേ, ഇക്കാര്യം ജനങ്ങളില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട ജീവനക്കാരന്‍ അതിന് തയ്യാറായില്ല എന്നതും ആ ഇരുട്ടിന്റെ ആനുകൂല്യം പറ്റാന്‍ തയ്യാറായി എന്നതും വിരോധാഭാസമാണ്. സിവില്‍ സര്‍വ്വീസിലെ ചെറിയ വിഭാഗമാണ് അഴിമതിക്കാരെങ്കിലും അതിനെ സാമാന്യവത്കരിക്കാന്‍ പ്രേരണയായത് ഇത്തരം നിസ്സംഗതകളാണ്.

മുഴുവന്‍ സമയ രാഷ്ട്രീയ തൊഴിലാളികളുള്ള നമ്മുടെ നാട്ടില്‍ ഏതാണ് മധ്യനിര രാഷ്ട്രീയക്കാരുടെ വരെ എങ്കിലും പ്രധാന തൊഴില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ചുവപ്പ് നാട നിവാരണമാണ്. ഒരു കൊടുക്കല്‍ വാങ്ങല്‍  കച്ചവടമായി ഇത് നിലനില്‍ക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വത്തിനും ലാഭങ്ങളുണ്ടെന്ന് സാരം. അതിനാല്‍ ജനവിരുദ്ധത ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളായി സര്‍ക്കാര്‍ ഓഫീസുകളെ മാറ്റി തീര്‍ത്തതില്‍ രാഷ്ട്രീയ നേതൃത്വവും ജീവനക്കാരുടെ സംഘടനകളും കൂട്ടുത്തരവാദികളാണ്.
താല്‍ക്കാലിക ലാഭത്തിനായി ജനസൗഹൃദപരമല്ലാത്ത രീതികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ ഇന്ന് കേരളത്തിന് ആവശ്യമില്ലാത്ത വിഭാഗമായി വിലയിരുത്തപ്പെടുന്ന ചര്‍ച്ചകള്‍ക്ക് കാരണഭൂദര്‍ അവര്‍ തന്നെയാണ്. സര്‍ക്കാര്‍  ഓഫീസുകള്‍ ഒരു മാസം അടഞ്ഞുകിടന്നാലും ഒന്നും സംഭവിക്കാനില്ല എന്ന പ്രസ്താവനകള്‍ക്ക് കയ്യടി ലഭിക്കുന്നതും ഈ പശ്ചാതലത്തിലാണ്. എന്നാല്‍ ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്നതിലും സര്‍ക്കാര്‍ സേവനങ്ങളെ സാധാരണക്കാരന് എത്തിക്കുന്നതിലും കേരളത്തിലെ ജനങ്ങളോടൊപ്പം നില്‌ക്കേണ്ട ഒന്നാണ് സിവില്‍ സര്‍വ്വീസ് എന്ന് ബോധ്യപ്പെടുത്താനും അത് ജനകീയമായ ആവശ്യമായി മാറ്റിതീര്‍ക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവനക്കാരന്റെയും അദ്ധ്യാപകന്റെയും ശമ്പളവും പെന്‍ഷനും മാത്രമല്ല, സിവില്‍ സര്‍വ്വീസും പൊതുവിദ്യഭ്യാസ രംഗവും ഉള്‍പ്പടെ സംരക്ഷിക്കാനാകൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
പരമ്പരാഗത സര്‍വ്വീസ് സംഘടനകളുടെ ജനിതക ദൗര്‍ബല്യങ്ങളെ ഈ അവസരത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്. രാഷ്ട്രീയ ഭരണ നേതൃത്വങ്ങളോട് ഒട്ടി നിന്ന് ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും നടത്താനുള്ള അട്ടിപ്പേറവകാശം വാങ്ങി ജീവനക്കാരെ വരുതിയില്‍ നിര്‍ത്തുന്നതാണ് സംഘടനാ പ്രവര്‍ത്തനമെന്ന്  ധരിച്ചതാണ് ഭരണ പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ക്ക് ചാണകവെള്ളവും നായ്കുരണ പൊടിയും പോലീസ് കാവലും പ്രലോഭനങ്ങളും ഭീഷണിപ്പെടുത്തലും സമരത്തിന്റെ വിജയ പരാജയങ്ങള്‍ക്ക് വേണ്ടി വന്നത്. പ്രതിപക്ഷ  സംഘടനകളാകുമ്പോള്‍ അവകാശങ്ങള്‍ ഓര്‍മ്മ വരികയും ഭരണപക്ഷമാകുമ്പോള്‍ മുട്ടിലിഴയുകയും ചെയ്യുന്ന പൊന്തന്‍മാടകളായി ഇവര്‍ മാറിയിരിക്കുന്നു. അപരിഷ്‌കൃതമായ ഈ സംഘടനാ ശൈലി കാരണമാണ് ജീവനക്കാരുടെ ആശങ്കകള്‍ ഇനിയും വിട്ടൊഴിയാത്ത പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെപോലും ഭരണാനുകൂല സംഘടനകള്‍ക്ക് അനുകൂലിക്കേണ്ടി വന്നതും എത്ിര്‍ത്ത പ്രതിപക്ഷ സംഘടനകള്‍ക്ക് തങ്ങളുടെ മാതൃ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രത്യക്ഷ സഹായങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടി വന്നതും.

തൊഴില്‍ മേഖലയില്‍ പുതിയ സേവന സംസ്‌കാരവും സഹകരണത്തിന്റെ പുതിയ സംഘടനാ ശൈലിയും ഇവര്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനവര്‍ക്ക് കഴിയാതെ പോകുന്നുവെങ്കില്‍ ജനാധിപത്യപരമായ  ഉള്‍ക്കാഴ്ചയും മൂല്യങ്ങളാല്‍ പ്രചോദിതമായ സേവന ശൈലിയും സംസ്‌കാരമാക്കാന്‍ കഴിയുന്ന പുതിയ കൂട്ടായ്മകള്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഉണ്ടായി വരേണ്ടതുണ്ട്. തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ തങ്ങളുടെ സേവനം ലഭിക്കേണ്ടവരെ കൂടി ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട് എന്ന വലിയ പാഠം ഈ സമരം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്.
പങ്കാളിത്ത പെന്‍ഷന് വേണ്ടി വാളെടുത്തവനെല്ലാം വെളിച്ചപ്പാടായി തുള്ളി നമ്മുടെ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളും അവക്ക് സിന്ദാബാദ് വിളിച്ച പൗരസഞ്ചയവും ശക്തമായ സിവില്‍ സര്‍വ്വീസ് എന്നത് ജീവനക്കാരുടെ ആവശ്യമല്ലെന്നും നാടിന്റെ അത്യാവശ്യമാണെന്നും മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടവരാണ്. കോര്‍പ്പറേറ്റ് ഭരണത്തിന്റെ പകര്‍പ്പുകളല്ല ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണ സംവിധാനങ്ങള്‍.  തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷയും നല്കാത്ത സിവില്‍ സര്‍വ്വീസിലേക്കും സേവന മേഖലയിലേക്കും കഴിവുള്ള  ചെറുപ്പക്കാരെ ആകര്‍ഷിക്കാനാവില്ല. സിവില്‍ സര്‍വ്വീസിന്റെ സ്ഥിരത നമ്മുടേത് പോലുള്ള ജനാധിപത്യ സംവിധാനത്തിന് അത്യാവശ്യമാണ്. അതിനാല്‍ തന്നെ, കൂടുതല്‍ നല്ല ജോലിക്കുള്ള ഇടത്താവളമായി സിവില്‍ സര്‍വ്വീസ് മാറാന്‍ പാടില്ല.

ഭരണകൂടത്തിന്റെ മുകള്‍തട്ട് നയം തീരുമാനിക്കുകയും ആ നയത്തിനനുസരിച്ച് സ്വകാര്യ കമ്പനികള്‍ ഭരണം നടത്തുകയും ചെയ്യുന്ന പുതിയ ഉദാരീകരണ ഭരണ കാഴ്ചപ്പാട് (  PPP പബ്ലിക്ക് പ്രൈവറ്റ് പാട്ണര്‍ഷിപ്പ്) ജനസേവനത്തിന്റെ പുതിയ മാതൃകകളൊന്നും നല്കാനിടയില്ല. മറിച്ച് ചൂഷണത്തിന്റെ പുതിയ ഭാവങ്ങളാണ് അത് പ്രകടിപ്പിക്കുക. ഭരണകൂടത്തിന്റെ ശക്തി തെളിയിക്കാനും നിയന്ത്രിക്കാനും പോലീസും, നയം  തീരുമാനിക്കാന്‍ രാഷ്ട്രിയ ഭരണ നേത്യത്വവും, അത് നടപ്പിലാക്കാന്‍ സ്വകാര്യ മുതലാളിമാരുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് സിവില്‍ സര്‍വ്വീസിന്റെ തകര്‍ച്ച രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുക. അതിനാല്‍ ജനാധിപത്യത്തിന്റെ നിലനില്‍പിന് സിവില്‍ സര്‍വ്വീസിനെ ശക്തിപ്പെടുത്തണമെന്നും ജനപക്ഷ നിലപാടുകളിലേക്ക് അതിനെ പരിവര്‍ത്തിപ്പിക്കണമെന്നുമായ ആവശ്യമാണ് ഉയര്‍ന്ന് വരേണ്ടത്. സിവില്‍ സര്‍വ്വീസിന് നല്കുന്ന ആനുകൂല്യങ്ങള്‍ രാജ്യവികസനത്തിന്റെ കണക്കിനും മാത്രമാണെന്നും തിരിച്ചറിയപ്പെടണം.
കേരളത്തിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സാമൂഹിക ഉള്ളടക്കങ്ങള്‍ സന്നിവേശിപ്പിച്ച പുതിയ കൂട്ടായ്മകളെക്കുറിച്ച അന്വേഷണങ്ങള്‍ക്ക് ഈ അവസരം പ്രേരണയാകേണ്ടതുണ്ട്. സിവില്‍ സര്‍വ്വീസ്/ പൊതുവിദ്യഭ്യാസ രംഗം നിലനില്ക്കപ്പെടേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ കഴിയാവുന്ന ഒരു ചരിത്ര സന്ദര്‍ഭമായി ഇതിനെ തിരിച്ചറിഞ്  പൊതുസമൂഹത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ പുതിയ സേവന സംസ്‌കാരവുമായി ജീവനക്കാരും അധ്യാപകര്‍ക്കും മുന്നോട്ട് വന്നില്ലെങ്കില്‍ ജന വിരുദ്ധ വ്യവസ്ഥിതികള്‍ക്കെതിരെ പുതിയ ചത്വരങ്ങള്‍ കേരളത്തിലും രൂപപ്പെട്ടാല്‍ പിന്നെ പിടിച്ച് നില്‍ക്കാനാവില്ല. അന്ന് ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ ഒരിക്കലും ഫലിക്കാനിടയില്ല. അതിനാല്‍ പുതിയ അനുഭവങ്ങളോട് മുഖം തിരിക്കാതെ സംവദിക്കാനും പുതിയ പ്രവര്‍ത്തന ശൈലിയിലേക്ക് പരിവര്‍ത്തിക്കപ്പെടാനും തയ്യാറാവുന്ന ജീവനക്കാരെയും അധ്യാപകരേയും കേരളം കാത്തിരിക്കുന്നു.