Wednesday, November 13, 2013

ഗ്രാമം പെയ്തിറങ്ങുന്ന കഥകള്‍
                       
                 ഗ്രാമം എന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓര്‍മ്മ മാത്രമായിരിക്കേ ഒരു മള്‍ട്ടി ടൗണ്‍ഷിപ്പിന്റെ സ്വഭാവ സവിശേഷതകള്‍ കേരളീയന്റെ നിത്യജീവിത വ്യവഹാരങ്ങളെപ്പോലും സ്വാധീനിക്കുമ്പോള്‍ പരസ്പര കൊള്ളക്കൊടുക്കകള്‍ കൊണ്ട് ഗ്രാമീണതയുടെ  നിഷ്‌കളങ്കതയും പ്രതികാരവും കാമവും ക്രോധവും പ്രണയവും ചിത്രീകരിക്കാന്‍ പ്രദീപ് തയ്യിലിനിനെ പ്രേരിപ്പിച്ചത് തന്റെ ഗ്രാമീണമായ ജീവിത പശ്ചാത്തലം തന്നെയായിരിക്കണം.പ്രദീപ് തയ്യിലിന്റെ ആദ്യ കഥാസമാഹാരം പട്ടത്തിപ്പാടത്തിന്റെ കാവല്‍ക്കാര്‍ പത്ത് ചെറുകഥകളുടെ സമാഹാരമാണ്.കെട്ടിലും മട്ടിലും ഭംഗി ചോരാതെ പുറത്തിറക്കിയതില്‍ പ്രസാധകരായ പൗര്‍ണ്ണമി ബുക്ക്‌സിനെ അഭിനന്ദിക്കാതെ വയ്യ.നവാഗതരുടെ പുസ്തകങ്ങള്‍ പലപ്പോഴും വിലകുറഞ്ഞ ചരക്ക് പോലെ കൈകാര്യം ചെയ്യപ്പെടാറുള്ളതിനാല്‍ ഇക്കാര്യം പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല.
                             കഴിഞ്ഞ കാലത്തെ കഥകളാണെന്ന ബോധ്യത്തോടെ വായിക്കുമ്പോഴും വായനക്കാരനെ കൂടെ കൊണ്ടുപോകുന്ന പ്രദീപിന്റെ ഭാഷാശൈലിയാണ് ഈ കഥകളുടെ പ്രത്യേകത.ഒരുപക്ഷേ മുന്‍പ് എപ്പോഴെങ്കിലും ഈ കഥകള്‍ നമ്മള്‍ കേട്ടിരിക്കാമെങ്കിലും പ്രദീപ് അതിനെ ഭാഷ കൊണ്ട് ആകര്‍ഷകമാക്കി എന്ന് മാത്രമല്ല കഥകളുടെ രസച്ചരടിനെ മുറിച്ചു കളയാതെ പുനര്‍ സൃഷ്ടിച്ചു.സമാഹാരത്തിലെ രണ്ട് കഥകള്‍ പഴയകാലത്തല്ല നടക്കുന്നത്.പക്ഷേ അവയുടെ അടിസ്ഥാന ചോദനവും ഭൂതകാലമാണ്.
                              സാമൂഹ്യാവസ്ഥകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു എന്നും പഴയ ഫ്യൂഡല്‍ സവര്‍ണ്ണ ചിഹ്നങ്ങള്‍ ദൃശ്യപരതയുടെ സാധ്യതകളും ഭൂരിപക്ഷ മതത്തിന്റെ മതേതര മേല്‍ക്കോയ്മയും മൂലം നിലനില്‍പ്പ് തേടുമ്പോള്‍ പ്രദീപിനെപ്പോലെയുള്ള എഴുത്തുകാരില്‍ നിന്ന് കേരളീയ നവോത്വാനത്തിന്റെ പിന്‍മടക്കം തുടങ്ങാനിട വരരുത് എന്ന് ആവശ്യപ്പെടേണ്ടി വരുന്നു.സാമ്പ്രദായക ചിഹ്നങ്ങളുടെ വാര്‍പ്പ് മാതൃകകള്‍ക്കപ്പുറം പുതിയ കേരളത്തില്‍ നടക്കുന്ന സാധാരണക്കാരുടെ അതിജീവനങ്ങള്‍  കൂടി കഥകള്‍ക്ക് പ്രചോദമാകേണ്ടതുണ്ട്. 
                              സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങളുടെ പകര്‍ത്തിയെഴുത്ത് ഏറ്റവും ദുഷ്‌കരമാണ്.കാരണം അതിന് പൊടിപ്പും തൊങ്ങലുമില്ല.എന്നാല്‍ പ്രദീപ് തീര്‍ത്തും ലളിതമായ ഭാഷയിലൂടെ അതാവിഷ്‌കരിക്കുക മാത്രമല്ല കഥാപാത്രങ്ങളുടെ വികാരങ്ങള്‍ വായനക്കാരന്റേത് കൂടിയാക്കുക കൂടി ചെയ്തു.