Thursday, December 18, 2014

സര്‍വ്വീസ് പരിഷ്‌കരണം ഒരു ജനാധിപത്യ പ്രക്ഷോഭമാണ്


സാമൂഹ്യശാസ്ത്രപരമായി ഔപചാരിക സംഘടന എന്ന നിര്‍വചനത്തില്‍ ഒരു പ്രത്യേക ലക്ഷ്യത്തിനായി ബോധപൂര്‍വ്വം പടുത്തുയര്‍ത്തിയ സാമൂഹിക ഘടകം എന്ന അര്‍ത്ഥത്തിലാണ് ബ്യൂറോക്രസിയെ രാഷ്ട്രമീമാംസകര്‍ വിവക്ഷിച്ചിട്ടുള്ളത്. ഇത് വ്യത്യസ്ത സംഘടനകളെ പരാമര്‍ശിക്കുന്ന കേവല പദമല്ല. രാഷ്ട്രങ്ങളുടെ ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകളിലെ ബുദ്ധിപരമായ വിവേചനം വേണ്ടുന്ന ചുമതലകള്‍ നിര്‍വഹിക്കുന്ന മനുഷ്യജീവികളെ വിശേഷിപ്പിക്കുന്നതിനാണ് ബ്യൂറോക്രസി എന്ന പദം ഉപയോഗിക്കാറുള്ളത്. ആധുനിക ഗവണ്‍മെന്റുകളുടെ വളര്‍ച്ച ബ്യൂറോക്രസിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയുടെ അനിവാര്യമായ സംഘടനാ ഘടകം കൂടിയാണിത്.
തൊഴില്‍ വിഭജനം, അധികാര ഘടന, ഓരോ അംഗത്തിന്റേയും പദവിയും ധര്‍മ്മവും, ഓരോരുത്തരും തമ്മിലുള്ള ബന്ധത്തെ വ്യവസ്ഥാപിതമാക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ എന്നിവയാണ് ബ്യൂറോക്രസിയുടെ ഘടനാപരമായ സവിശേഷതകള്‍. അത്യന്തം വികസിതമായ തൊഴില്‍ വിഭജനവും ജോലി വൈദഗ്ദ്യവുമാണ് ഇതിന്റെ മൗലിക ലക്ഷണങ്ങളാകേണ്ടത്. ഓരോ പദവിയുടേയും ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച സൂക്ഷമവും വിശദവുമായ നിര്‍വ്വചനങ്ങളിലൂടെയാണ് ഈ തൊഴില്‍ വിഭജനം സാധിക്കുന്നത്. ഭരണപരമായ ചട്ടങ്ങളിലൂടെ നിര്‍ണ്ണയിക്കുന്ന നിശ്ചിതാധികാര മേഖലകള്‍ എന്ന തത്വമനുസരിച്ചാണ് ഓരോ പദവിക്കും ജോലികള്‍ നീക്കിവെക്കുക. ഭരണ നിയമ നിര്‍മ്മാണ പ്രക്രിയയുടെ കൃത്യതയെ സംബന്ധിച്ച വിശ്വാസത്തില്‍ അധികാരം നിയമ സാധൂകരണം തേടുന്നു.
പരീക്ഷകളുടേയും യോഗ്യതകളുടേയും അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ നിയമന സമ്പ്രദായവും യുക്തിസഹമായ വകുപ്പ് വിഭജനവും ഇതിന്റെ സവിശേഷതയാണ്. പൊതുഭരണം എല്ലാ പൗരന്‍മാര്‍ക്കും വേണ്ടിയുള്ള നിഷ്പക്ഷ സംഘടനയാണ് എന്നതാണ് സങ്കല്‍പ്പം. കൃത്യനിര്‍വഹണത്തിനിടയിലെ എല്ലാതരം വ്യതിചലനങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും ബ്യൂറോക്രസിയെ സംരക്ഷിക്കേണ്ടതാണ് എന്ന ബോധ്യവും ഇത്തരം സങ്കല്‍പ്പങ്ങളില്‍ നിന്നും ഊരവം കൊണ്ടതാണ്.
നിയമ നിര്‍മ്മാണം, കാര്യനിര്‍വഹണം, നീതിന്യായം ഇവയുടെ അര്‍ത്ഥപൂര്‍ണ്ണമായ സങ്കലനത്തിലൂടെയാണ് സാമൂഹിക സംവിധാനങ്ങളുടെ ആരോഗ്യകരമായ വികാസവും സംരക്ഷണവും നടക്കുക. ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ നിഷ്പക്ഷവും കാര്യക്ഷമവുമായ ഭരണനിര്‍വഹണ വിഭാഗത്തിന്റെ അനിവാര്യത മാറ്റിവെക്കാനാവുന്നതല്ല.
നാട്ടുരാജ്യങ്ങളും വലിയ സാമ്രാജ്യങ്ങളുമെല്ലാമായി രാജാക്കന്‍മാരും ചക്രവര്‍ത്തിമാരുമെല്ലാം ഈ നാട് ഭരിച്ചപ്പോഴും അതാത് കാലഘട്ടങ്ങളിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കാര്യനിര്‍വഹണ വിഭാഗം നിലനിന്നിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസം അവരുടെ ഭരണ സംവിധാനത്തെ നിലനിര്‍ത്താനുതകുന്ന ബ്യൂറോക്രസിയെ സംവിധാനിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ പരിതസ്ഥിതികളിലേക്ക് നാമതിനെ സ്വാംശീകരിച്ചു. അടിമ-ഉടമാ ബന്ധത്തിന്റെ ഫ്യൂഡല്‍ മനോഭാവങ്ങള്‍ സ്വതേ നിറഞ്ഞുനിന്നിരുന്ന ബ്യൂറോക്രസി ജനാധിപത്യ ഭരണ സംവിധാനത്തിലേക്ക് കടന്നുവന്നു. മാറുന്ന സാമൂഹിക സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടും അതിനെ സവിശേഷമായി അഭിമുഖീകരിച്ചും ഈ സംവിധാനത്തെ ഏറ്റവും ചലനാത്മകമായ ഒന്നായി നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. സാമൂഹിക ഘടനയുടെ അവിഭാജ്യ ഘടകമായി ഇതിനെ അംഗീകരിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ ദൈനംദിന പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടും വേഗത്തിലും ന്യായത്തിലുമുള്ള തീര്‍പ്പുകളിലൂടെ ഭരണ നിര്‍വ്വഹണ വിഭാഗം അതിന്റെ ഉത്തരവാദിത്തങ്ങളുടെ പ്രായോഗിക മാതൃകകള്‍ കാഴ്ചവെക്കുന്നു.

സിവില്‍  സര്‍വ്വീസ് എന്ന് പറയപ്പെടുന്ന ഭരണനിര്‍വ്വഹണ വിഭാഗത്തിന്റെ പരിഷ്‌കരണങ്ങളുമായി  ബന്ധപ്പെട്ട ബോധപൂര്‍വ്വമായ ഒട്ടേറെ ശ്രമങ്ങള്‍ കേരളത്തിലും ഉണ്ടായിട്ടുണ്ട്. 1957 ലെ ഇ.എം.എസ്. കമ്മിറ്റി, 1965 ലെ എം.കെ.വെള്ളോടി കമ്മിറ്റി, 1997 ലെ ഇ.കെ.നായനാര്‍ ചെയര്‍മാനായ ഭരണ പരിഷ്‌കരണ കമ്മിറ്റി എന്നിവയുടെ ഉദ്ദേശങ്ങള്‍ ഇവയുടെ പുനഃസംവിധാനങ്ങളെ സംബന്ധിച്ച ആലോചനകളും അഭിപ്രായങ്ങളും തന്നെയായിരുന്നു.
ജനാധിപത്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ടും തൊഴില്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടും പൊതുസേവന ഇടങ്ങളുടെ കാര്യക്ഷമത തന്നെയായിരുന്നു എല്ലായിപ്പോഴും ചര്‍ച്ചയ്ക്ക് വന്നിരുന്നത്. അതാത് കാലത്തെ ഭരണ-നിയമ പരിഷ്‌കരണങ്ങളെ അഭിമുഖീകരിച്ച് പുതിയ മാറ്റങ്ങള്‍ക്കുള്ള വിചാരങ്ങള്‍ നല്‍കാന്‍ ഇത്തരം കമ്മിറ്റികള്‍ക്ക് കഴിഞ്ഞുവെങ്കിലും പ്രായോഗികമായി ഈ കമ്മിറ്റികള്‍ നിര്‍ദേശിച്ച വിഷയങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുന്നോട്ട് പോകാന്‍ ഏറെയൊന്നും കഴിഞ്ഞില്ല. പ്രായോഗികമായ സമീപനങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കാനും കഴിഞ്ഞിട്ടില്ല.
1997 ല്‍ രൂപീകരിക്കുകയും 2000 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത ഭരണ പരിഷ്‌കരണ കമ്മിറ്റി മുമ്പാകെ  ജീവനക്കാരെ പ്രതിനിധീകരിച്ച് ഹാജരായത് 11 സംഘടനകള്‍ മാത്രമായിരുന്നു.  എന്നാല്‍ നടപ്പിലാക്കപ്പെട്ട 9 ാം ശമ്പള പരിഷ്‌കരണ കമ്മീഷനുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയ സംഘടനകളുടെ എണ്ണം മുന്നൂറോളമാണ്. പരിഷ്‌കരണ ശ്രമങ്ങളെ തുറന്ന മനസ്സോടെയും പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കും വിധവും സ്വീകരിക്കാന്‍ ജീവനക്കാര്‍ക്ക് എത്രത്തോളം കഴിഞ്ഞു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. തൊഴില്‍പരമായ ഉന്നതി എന്നത് തന്റെ  മേഖലയുടെ പ്രവര്‍ത്തനക്ഷമതയുടെ അളവുകോലായി കണക്കാക്കപ്പെടുന്നതില്‍ ജാഗ്രതയോടെയുള്ള സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ ജീവനക്കാര്‍ വിജയിച്ചിട്ടില്ല. അതിനാലാണ് ആവര്‍ത്തന വിരസതയുള്ള വാക്കുകളും പദാവലികളും കൊണ്ട് ഈ മേഖല വിമര്‍ശനാത്മകമായി നിരൂപണം ചെയ്യപ്പെടുമ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് കാണിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെടുന്നത്.
കേരളത്തിന്റെ സാമൂഹിക വികസനത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതില്‍ കൃത്യമായി പങ്കുവഹിച്ച ഘടകമാണ് കേരളത്തിന്റെ പൊതു സേവന മേഖലകള്‍. പൊതു വിദ്യാഭ്യാസവും ഭൂപരിഷ്‌കരണവും ആരോഗ്യ മേഖലയുമെല്ലാം ശ്രദ്ധിക്കപ്പെടും വിധം ഗുണപരമായ സദ്ഫലങ്ങള്‍ക്ക് ഹേതുവായിത്തീരുന്നതില്‍ കേരളത്തിന്റെ സിവില്‍ സര്‍വ്വീസും പൊതു വിദ്യാഭ്യാസ മേഖലയും പൊതു മേഖലയുമെല്ലാം വഹിച്ച പങ്കിനെ വിസ്മരിക്കുക സാധ്യമല്ല. പക്ഷേ, കേരളത്തിന്റെ സാമൂഹിക ശാസ്ത്ര പഠനങ്ങളില്‍ ഈ ക്രിയാത്മക ഇടപെടലുകളെ ഒന്നുകില്‍ പരിഗണിക്കാതിരിക്കുകയോ അല്ലെങ്കില്‍ വിമര്‍ശനാത്മകമായി പരാമര്‍ശിച്ച് വിട്ടുകളയുകയോ ആണ് ചെയ്യാറുള്ളത്. സ്വാഭാവികമായി രൂപപ്പെടുന്ന ചില നിര്‍ദ്ദോശമായ പരാമര്‍ശങ്ങള്‍ മാത്രമായി ഇതിനെ കാണാനാകില്ല. മറിച്ച്, പ്രവര്‍ത്തനങ്ങളേക്കാളുപരി മനോഭാവങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും മേല്‍ക്കൈ ലഭിക്കുന്നതിന്റെ ഫലമാണിത്.
സിവില്‍ സര്‍വ്വീസിനെ സംബന്ധിച്ച നിരൂപണാത്മകമായ പരാമര്‍ശങ്ങളെ പൊതു സേവന ഇടങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പൗരാവശ്യങ്ങളുമായി ബന്ധപ്പെട്ട് സമീപിക്കുന്ന പക്ഷം ഇതിലെ വിമര്‍ശനങ്ങളെ തല്‍കാലം ശ്രദ്ധിക്കാതിരിക്കാനാകും. അപ്പോഴും മൗലികമായ ചില വിഷയങ്ങളില്‍ സവിശേഷമായ ശ്രദ്ധ പതിയേണ്ടതുണ്ട്.
നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച ചര്‍ച്ചയാണ് അതില്‍ പ്രധാനം. രോഗിക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കാമെന്നും രോഗിയുടെ കൂട്ടിരിപ്പുകാരന് കൂടി മികച്ച സൗകര്യം ലഭിക്കാന്‍ സ്വകാര്യ  ആശുപത്രിയാണ് സൗകര്യപ്രദമാണെന്ന മനോഭാവം മുതല്‍ സേവന സംസ്‌കാരത്തിന്റെ രീതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കാവുന്നതാണ്. വിശ്വാസ്യതയും പ്രതിബദ്ധതയും ഗുണമേന്മയുമുള്ള സേവന ഇടങ്ങളില്‍  പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത മുതലുള്ള പ്രശ്‌നങ്ങള്‍ ഏറെയാണ്. അതോടൊപ്പം തന്നെയാണ് ഇവിടങ്ങളിലെത്തുന്ന സാധാരണക്കാരന് ലഭിക്കുന്ന സ്വീകരണത്തെ സംബന്ധിച്ച ആക്ഷേപങ്ങളേയും കൈകാര്യം ചെയ്യേണ്ടിവരുന്നത്. ഇത്തരം പ്രശ്‌നങ്ങളെ സമതുലിതമായി ബോധ്യപ്പെടുത്തി മുന്നോട്ട് പോകുന്നതില്‍ സംഘടിത തൊഴില്‍ മേഖലയില്‍ നിന്നും വ്യാപകമായ ശ്രമങ്ങള്‍ ഉണ്ടായില്ല എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്നതില്‍ കാര്യമില്ല.
തൊഴിലിടങ്ങളിലെ പരിമിതികളെ സംബന്ധിച്ച് ബോധ്യമുള്ള ജീവനക്കാരന്‍ ഉപഭോക്താവിന് അത് യഥാവിധി പകര്‍ന്ന് നല്‍കിയിരുന്നുവെങ്കില്‍ അതിന്റെ നവീകരണം വലിയ അര്‍ത്ഥത്തില്‍ സാമൂഹിക ചര്‍ച്ചകളിലെത്തുകയും അതിന് ഫലപ്രാപ്തി ലഭിക്കുകയും ചെയ്യാന്‍ വലിയ സാധ്യതകളുണ്ടായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരന്റെ ഓഫീസ് കുടുസ്സുകള്‍ പുറം ലോകത്ത് വിപുല ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നതില്‍ ഏറെ മുന്നോട്ട് കൊണ്ട് പോകാന്‍ ജീവനക്കാരുടെ സംഘടിത ശ്രമങ്ങള്‍ക്കായിട്ടില്ല. സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ച വിഷയങ്ങളുടെ ന്യായങ്ങള്‍ നിരന്തരമായി  ബോധ്യപ്പെടുത്താന്‍ ശ്രമിച്ച അധ്വാനശേഷിയുടെ അല്‍പ്പം ഇപ്രകാരം തൊഴിലിടങ്ങളിലെ പരിമിതികളെ സംബന്ധിച്ച പൊതുചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കുന്നതില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അതിന് ഗുണപരമായ ഫലങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞേനെ.
ഏറ്റവും മികച്ച സൗകര്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ ജോലി എന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ ജോലിയെ സംബന്ധിച്ച് വെച്ചുപുലര്‍ത്തുന്നത്. പൊതു സമൂഹത്തിന്റെ ഈ ധാരണയെ അന്തസ്സിന്റേയും അഭിമാനത്തിന്റേയും പ്രതീകമായി കണക്കാക്കി പരിമിതികളെ ചര്‍ച്ചക്ക് വിധേയമാക്കാന്‍ കഴിയാതെ പോയത് ഒരു വീഴ്ചയാണ്. പൊതുസേവന ഇടങ്ങളുടെ അനിവാര്യത ബോധ്യപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്ത് ജീവനക്കാരുടേയും അധ്യാപകരുടേയും ആവശ്യങ്ങള്‍ പൊതു ആവശ്യങ്ങളായി മാറുന്നതില്‍ പരാജയങ്ങളുണ്ടാകുന്നത് ശുഭ സൂചനകളല്ല. ഇത് തിരിച്ചറിഞ്ഞ് ഇതിനെ അര്‍ത്ഥപൂര്‍ണ്ണമായി മറികടക്കാന്‍ കഴിയുന്നതിന് ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ജനപക്ഷത്ത് നില്‍ക്കുന്ന സിവില്‍ സര്‍വ്വീസിനെ ബോധ്യപ്പെടാനാരംഭിക്കുക.
നിയമങ്ങളുടേയും ചട്ടങ്ങളുടേയും പ്രായോഗികതയില്‍ തടസ്സങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. അത് ഒഴിവാക്കാന്‍ കാലാനുസൃതമല്ലാത്ത നടപടിക്രമങ്ങളും പരമ്പരാഗതമായി തുടര്‍ന്നുവരുന്ന രീതികളും മറികടക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടാകണം. മാറേണ്ടത് മാറ്റുന്നതിന് വേഗതയാര്‍ന്ന തീരുമാനങ്ങള്‍ ഉണ്ടാകണം. നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളുമെല്ലാം സാമൂഹികമായ ഇടപെടലുകളെ തുറസ്സാക്കുന്നതാകണം. ഇടുങ്ങിയ മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധമുള്ള സമീപനങ്ങള്‍ ഇക്കാര്യങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല.
മാറുന്ന ജീവിത കാഴ്ചപ്പാടുകള്‍, അവയുടെ ഫലമായുണ്ടായ പുതിയ അഭിരുചികള്‍, അവയുമായി ബന്ധപ്പെട്ടുണ്ടായ സാമൂഹിക ചലനങ്ങള്‍ ഇവയൊന്നും അഭിമുഖീകരിക്കാതെ മുന്‍പ് നിശ്ചയിക്കപ്പെട്ട അതേ വഴിയിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പരിമിതികളാണ് സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. പുറംലോകത്ത് സാധാരണക്കാരന് ലഭിക്കുന്ന സേവനങ്ങളിലെ വേഗതയും കൃത്യതയും പണം കൊടുത്തു വാങ്ങുന്ന ഉപഭോക്താവിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ്. സാങ്കേതിക വിദ്യയുടെ യഥാവിധിയുള്ള ഉപയോഗം നിമിത്തമാണ് അവിടങ്ങളില്‍ ആകര്‍ഷകമാകുംവിധം സേവന ഇടങ്ങള്‍ സജ്ജീകരിക്കപ്പെടുന്നത്. എന്നാല്‍, പശ്ചാത്തല സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ മേഖല വളരെ പിറകില്‍ നില്‍ക്കുന്നു എന്ന് മാത്രമല്ല, വിവര സാങ്കേതിക വിദ്യ തൊഴിലിടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കപ്പുറം പ്രായോഗിക മാതൃകകള്‍ വ്യവസ്ഥാപിതമാക്കുന്നതില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുമില്ല.
സുതാര്യതയാണ് ഒരു ഭരണസംവിധാനത്തിന്റെ ജനാധിപത്യപരമായ ഉള്‍ച്ചേരലിന്റെ തെളിവായി മാറേണ്ടത്. സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വിജയിച്ചിരുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞേനെ. ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളില്‍ പോലും അത്തരമൊരു സമീപനം സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അര്‍ഹതയുള്ളത് അതിജീവിക്കുമെന്ന പ്രമാണപ്രകാരം അര്‍ഹത തെളിയിക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ഈ സംവിധാനത്തിന്റെ നിഷ്പക്ഷത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സുതാര്യത ഉറപ്പ് വരുത്തുക എന്നതാണ്. അതിലേക്കുള്ള നടപടികളുടെ ഗതിവേഗം കൂട്ടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.
കാലതാമസം മുതല്‍ അഴിമതി വരെ നീളുന്ന പരാതികള്‍ ഈ മേഖലയെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങളെല്ലാം ഇത്തരം പ്രതിലോമപരമായ മനോഭാവങ്ങളെ  മാത്രം പ്രതിനിധീകരിക്കുന്നവയാണ് എന്ന് ഉന്നയിക്കപ്പെടാറുമില്ല. ഒരു ന്യൂനപക്ഷത്തിന്റെ അരുതായ്മകള്‍ ഈ മേഖലയെ വല്ലാതെ ആക്ഷേപങ്ങള്‍ക്കിടയാക്കുന്നു എന്ന വസ്തുതയെ, ഒരു പുതിയ മുഖം നല്‍കി മറുപടി പറയാന്‍ കഴിയുംവിധം പൊതുധാരണകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയങ്ങളുണ്ടായിട്ടുണ്ട്.
വിമര്‍ശനങ്ങളെ പ്രതിരോധിക്കേണ്ടതും പുതിയ കാഴ്ച്ചപ്പാടുകളും പ്രവര്‍ത്തന സംസ്‌കാരവും നല്‍കി അഴിച്ചു പണിയുന്നേടത്തും തൊഴിലുടമക്കെന്നപോലെ തൊഴിലാളിക്കും വലിയ പങ്കുണ്ട്. സര്‍ക്കാര്‍ സേവന മേഖലകളേയും ഓഫീസുകളേയും ആധുനികവത്കരിക്കുന്നതിലും പുതിയ പ്രവര്‍ത്തന ശൈലിയും നടപടിക്രമങ്ങളും നിര്‍ണ്ണയിക്കുന്നതിലും ഭരണനേതൃത്വം  മുന്‍കൈയ്യെടുക്കണം. അതോടൊപ്പം തന്നെ ദൈനംദിന കാര്യനിര്‍വ്വഹണം നടത്തുന്ന ഓരോ ജീവനക്കാരനും ഇത് സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടുകളിലേക്ക് മാറുന്നതിനും പ്രാധാന്യമുണ്ട്. മനുഷ്യവിഭവശേഷിയുടെ കുറവ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പലതിലും യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഇവയെ കൃത്യമായി ക്ലിപ്തപ്പെടുത്തി പരിഹാര നിര്‍ദ്ദേശങ്ങളുണ്ടാകുന്നതിലും അധിക തസ്തികകളുടെ കാര്യത്തിലും സമഗ്രമായ സമീപനം സ്വീകരിക്കുന്നതിനും കഴിയാതെ പോയിട്ടുണ്ട്. വകുപ്പ്/കാറ്റഗറി/തസ്തികകളുടെ സങ്കുചിത താല്‍പര്യങ്ങള്‍ ഇതിന് പ്രതിബന്ധമായിരുന്നോ എന്നും ഇതിനെ മറിക്കടക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമെന്തെന്നും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. സ്റ്റേറ്റ് സിവില്‍ സര്‍വ്വീസിന്റെ രൂപീകരണത്തിലേക്കുള്ള ആദ്യചുവടുമായി എല്ലാ ജീവനക്കാരുടേയും സ്ഥാനക്കയറ്റ സാധ്യതകളെ കൂടുതല്‍ ഫലപ്രദമാക്കും വിധമുള്ള ഒരു സംവിധാനവും ആലോചനകള്‍ക്ക് വിധേയമാക്കണം. 1956-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിനകത്ത് ഉണ്ടായിരുന്ന പത്ത് വകുപ്പുകള്‍ പലമടങ്ങായി വര്‍ധിച്ചത് സാമൂഹിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഉന്നത തസ്തികകള്‍ പത്തിരട്ടിയിലധികം വര്‍ദ്ധിക്കുകയും എന്നാല്‍ ഇത് താഴ്ന്ന തസ്തികകളില്‍ അത് പ്രതിഫലിക്കാതിരിക്കുകയും ചെയ്യുന്നതിന് ഫീല്‍ഡ് വകുപ്പുകളിലും സമാനതകള്‍ കാണാനാകും. ദൈനംദിന ഭരണത്തെ പൊതുസമൂഹവുമായി അടുപ്പിക്കുന്ന ചെറിയ യൂണിറ്റുകളായ പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളുടെ ആധുനികവത്കരണവും സര്‍ക്കാര്‍ ഓഫീസുകളുടെ പശ്ചാത്തല ഭൗതിക സാഹചര്യങ്ങളുടെ വികസനവും മനുഷ്യ വിഭവശേഷിയുടെ ശരിയായ വികേന്ദ്രീകരണവും സമഗ്രമായ ആലോചനകളിലൂടെ നടക്കേണ്ടതുണ്ട്.
പൊതു ചിലവിനങ്ങളിലെ ഭീമമായ ഒരു ശതമാനക്കണക്കിനെ ചൂണ്ടി ഭരണ നിര്‍വ്വഹണ വിഭാഗത്തിന്റെ ചിലവുകളെ പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്ന ആശാസ്യമല്ലാത്ത പ്രവണതയും നിലനില്‍ക്കുന്നുണ്ട്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ രൂപീകരണവും നടത്തിപ്പും മേല്‍നോട്ടവും മുതല്‍ സാമൂഹ്യക്ഷേമ മേഖലകള്‍ വരെ നിലനില്‍ക്കേണ്ടത് പൊതു ആവശ്യമായിരിക്കുകയും, അതൊരു ജനാധിപത്യ ഭരണ സംവിധാനത്തിന് ഒഴിവാക്കാന്‍ പാടില്ലാത്തതുമായിരിക്കെ ഇത്തരം പ്രതിലോമപരമായ പ്രചാരണങ്ങളുടെ ഉദ്ദേശശുദ്ധി സംശയിക്കത്തക്കതാണ്. പൊതുസേവകനെന്ന നിലയില്‍ സിവില്‍ സര്‍വ്വീസിലേക്ക് കടന്നുവരുന്ന ഓരോരുത്തരും അവരവരുടെ പൗരാവകാശങ്ങള്‍ പോലും അടിയറ വെക്കാന്‍ ബാധ്യസ്ഥരാണ്. രാഷ്ട്രീയ സാമൂഹ്യ അഭിപ്രായ സ്വാതന്ത്ര്യങ്ങളെ പോലും ഒഴിവാക്കി സര്‍ക്കാര്‍ ജോലിയിലേക്ക് കടന്ന് വരുന്നവരുടെ സാമൂഹ്യ സുരക്ഷിതത്ത്വത്തിന്റെ ഭാഗമായിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തെ സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ നിലവിലെ കാഴ്ചപ്പാടുകള്‍ ഒരു പുനരാലോചനക്ക് വിധേയമാക്കേണ്ടതിന്റെ അനിവാര്യത ഇപ്രകാരം തിരിച്ചറിയണം.
സര്‍ക്കാര്‍ സേവന ഇടങ്ങളിലുള്ള എല്ലാതരം സേവനങ്ങളേയും വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകും വിധം മുഴുസമയ സേവനത്തിന്റെ  പ്രയോജനം കിട്ടുംവിധം സംവിധാനിക്കണം. അതോടൊപ്പം തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ  ജീവനക്കാരുടെ പ്രവര്‍ത്തന സമയം, പ്രവര്‍ത്തി ദിനങ്ങള്‍, ഹാജര്‍  രേഖപ്പെടുത്തുന്ന രീതി ഇവക്കെല്ലാം കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

സവിശേഷമായ രീതികളും സംവിധാനങ്ങളും വഴി ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ശാക്തീകരണത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി ഉണ്ടാകേണ്ട ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സാമൂഹിക ബാധ്യതയാണ്. ഇവ ഏറ്റെടുത്ത് നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. അവര്‍ ഭരണകൂടത്തിന്റെ നയം രൂപീകരിക്കുന്നേടത്ത് അഭിപ്രായങ്ങളറിയിക്കുന്നവരാണ്. ഭരണ നേതൃത്വത്തിന്റെ പദ്ധതികളും പരിപാടികളും കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്നവര്‍. അതിന്റെ വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കാന്‍ കഴിയുന്നവര്‍. അതിനാല്‍ ജനപക്ഷത്ത് നിന്നുള്ള രാഷ്ട്രീയ സമീപനങ്ങള്‍ ഭരണകൂടത്തിന്റെ  നയമായി  മാറ്റാന്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ സര്‍വീസ് ഒരു ജനപക്ഷ രാഷ്ട്രീയമാണ് എന്ന അടിസ്ഥാനത്തെ ഉറപ്പിക്കാന്‍ കഴിയുന്നവനാണ്. അതിനപ്പുറം ജനാധിപത്യത്തെക്കുറിച്ച് പൗരന്റെ മോഹങ്ങള്‍ക്കും ആശകള്‍ക്കും നിറവും മണവും രൂപവും നല്‍കാന്‍ കഴിയുന്നവര്‍. അതുമായി ബന്ധപ്പെട്ട എല്ലാ ആശങ്കളേയും പൊതു സാമൂഹിക ജീവിതത്തില്‍ അപ്രസക്തരാക്കാന്‍ കഴിയുന്നവര്‍.
ജനാധിപത്യം; അതിന്റെ ശക്തിയും ദൗര്‍ബല്യവും ജനങ്ങളാണ്. ജനകീയ ഹിതത്തെ ഏറ്റവും മികച്ചതും സാമൂഹ്യ കാഴ്ച്ചപ്പാടുള്ളതുമായ ആശയമായി പരിവര്‍ത്തിപ്പിക്കാന്‍ ജനക്കൂട്ടത്തിന്  കഴിയില്ല. അതിനാണ് രാഷ്ട്രീയ ഭരണ നേതൃത്വമുള്ളത്. അവര്‍ക്ക് സഹായകരമായി നാടിന്റെ നാഢീ സ്പന്ദനങ്ങളെ വസ്തുതകളും കണക്കുകളും യാഥാര്‍ത്ഥ്യങ്ങളും വെച്ച് ശരിയായ തീരുമാനങ്ങളെടുക്കുന്നതിലേക്ക് എത്തിക്കുക എന്നതാണ് സിവില്‍ സര്‍വ്വീസിന്റെ മൗലിക കര്‍ത്തവ്യം. ജനങ്ങളുടെ ക്ഷേമാവശ്യാര്‍ത്ഥം എടുക്കുന്ന തീരുമാനങ്ങള്‍ യഥാവിധി നടപ്പിലാക്കുക എന്നതാണ് സിവില്‍ സര്‍വ്വീസിന്റെ ജോലി. അതിനാല്‍, ജനാധിപത്യത്തിന്റെ നടത്തിപ്പുകാരും പ്രയോക്താക്കളുമായി മാറുന്ന  ജീവനക്കാര്‍ക്കിടയിലെ പരിഷ്‌കരണ ശ്രമങ്ങള്‍ ജനാധിപത്യത്തിന്റെ സാധ്യതകളെ പോഷിപ്പിച്ചും ഉപയോഗപ്പെടുത്തിയുമാണ് നടത്തേണ്ടത്. അപ്രകാരമുള്ള അഭിപ്രായ രൂപീകരണത്തിന് ജനാധിപത്യപരമായ മാനങ്ങള്‍ സ്വീകരിക്കുക എന്നത് പ്രധാനമാണ്. കേവലം തൊഴിലിടങ്ങളിലെ തൊഴില്‍ പ്രശ്‌നമല്ല സര്‍ക്കാര്‍ ജീവനക്കാരന്റെ  പ്രശ്‌നങ്ങളെന്നും അത് പൊതു സമൂഹത്തിന്റെ നിരന്തരമായ ജാഗ്രത ആവശ്യപ്പെടേണ്ട സവിശേഷമായ വിഷയങ്ങളാണെന്നും തിരിച്ചറിയപ്പെടണം. സര്‍വ്വീസ് പരിഷ്‌കരണം ഒരു ജനാധിപത്യ പ്രക്ഷോഭമാകേണ്ടത് ഇപ്രകാരമൊരു കാഴ്ചപ്പാടിലാകണം. പൊതു സേവന ഇടങ്ങള്‍ക്കും കാര്യനിര്‍വ്വഹണ വിഭാഗങ്ങളുടെ നിലനില്‍പ്പിനും വേണ്ടിയുള്ള  അര്‍ത്ഥവത്തായ ശബ്ദങ്ങള്‍ എല്ലാവരും പങ്കിടുന്ന പുതിയ കാലത്തെയും ലോകത്തേയും പ്രതീക്ഷിച്ച് കൊണ്ടാണ് ഇതിനെ മുന്നോട്ട് കൊണ്ടു പോകേണ്ടത്.
ധര്‍മ്മ നീതിയുടെ അടിസ്ഥാനത്തില്‍, നിസ്വാര്‍ത്ഥതയോടെയും തുറന്ന മനസ്സോടെയും നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാരന് രാജ്യം അവസരം നല്‍കിയിരിക്കുന്നു. നിയമപരമായ ചട്ടക്കൂടിനകത്തെ ധാര്‍മ്മികമായ മാതൃകകളായി മാറുന്ന പൊതുസേവകരെന്ന ഉദാത്ത സങ്കല്‍പ്പം ഏറ്റെടുത്ത് ക്രിയാത്മകവും സര്‍ഗാത്മകവുമായ സര്‍ക്കാര്‍  ഓഫീസുകളെക്കുറിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് ചുവട് വെക്കുക എന്നതാണ് ഇത്തരമൊരു ജനാധിപത്യ ഇടപെടലിനെ പ്രസക്തമാക്കുന്നത്.



Wednesday, November 13, 2013

ഗ്രാമം പെയ്തിറങ്ങുന്ന കഥകള്‍
                       
                 ഗ്രാമം എന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓര്‍മ്മ മാത്രമായിരിക്കേ ഒരു മള്‍ട്ടി ടൗണ്‍ഷിപ്പിന്റെ സ്വഭാവ സവിശേഷതകള്‍ കേരളീയന്റെ നിത്യജീവിത വ്യവഹാരങ്ങളെപ്പോലും സ്വാധീനിക്കുമ്പോള്‍ പരസ്പര കൊള്ളക്കൊടുക്കകള്‍ കൊണ്ട് ഗ്രാമീണതയുടെ  നിഷ്‌കളങ്കതയും പ്രതികാരവും കാമവും ക്രോധവും പ്രണയവും ചിത്രീകരിക്കാന്‍ പ്രദീപ് തയ്യിലിനിനെ പ്രേരിപ്പിച്ചത് തന്റെ ഗ്രാമീണമായ ജീവിത പശ്ചാത്തലം തന്നെയായിരിക്കണം.പ്രദീപ് തയ്യിലിന്റെ ആദ്യ കഥാസമാഹാരം പട്ടത്തിപ്പാടത്തിന്റെ കാവല്‍ക്കാര്‍ പത്ത് ചെറുകഥകളുടെ സമാഹാരമാണ്.കെട്ടിലും മട്ടിലും ഭംഗി ചോരാതെ പുറത്തിറക്കിയതില്‍ പ്രസാധകരായ പൗര്‍ണ്ണമി ബുക്ക്‌സിനെ അഭിനന്ദിക്കാതെ വയ്യ.നവാഗതരുടെ പുസ്തകങ്ങള്‍ പലപ്പോഴും വിലകുറഞ്ഞ ചരക്ക് പോലെ കൈകാര്യം ചെയ്യപ്പെടാറുള്ളതിനാല്‍ ഇക്കാര്യം പരാമര്‍ശിക്കാതിരിക്കാന്‍ കഴിയില്ല.
                             കഴിഞ്ഞ കാലത്തെ കഥകളാണെന്ന ബോധ്യത്തോടെ വായിക്കുമ്പോഴും വായനക്കാരനെ കൂടെ കൊണ്ടുപോകുന്ന പ്രദീപിന്റെ ഭാഷാശൈലിയാണ് ഈ കഥകളുടെ പ്രത്യേകത.ഒരുപക്ഷേ മുന്‍പ് എപ്പോഴെങ്കിലും ഈ കഥകള്‍ നമ്മള്‍ കേട്ടിരിക്കാമെങ്കിലും പ്രദീപ് അതിനെ ഭാഷ കൊണ്ട് ആകര്‍ഷകമാക്കി എന്ന് മാത്രമല്ല കഥകളുടെ രസച്ചരടിനെ മുറിച്ചു കളയാതെ പുനര്‍ സൃഷ്ടിച്ചു.സമാഹാരത്തിലെ രണ്ട് കഥകള്‍ പഴയകാലത്തല്ല നടക്കുന്നത്.പക്ഷേ അവയുടെ അടിസ്ഥാന ചോദനവും ഭൂതകാലമാണ്.
                              സാമൂഹ്യാവസ്ഥകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു എന്നും പഴയ ഫ്യൂഡല്‍ സവര്‍ണ്ണ ചിഹ്നങ്ങള്‍ ദൃശ്യപരതയുടെ സാധ്യതകളും ഭൂരിപക്ഷ മതത്തിന്റെ മതേതര മേല്‍ക്കോയ്മയും മൂലം നിലനില്‍പ്പ് തേടുമ്പോള്‍ പ്രദീപിനെപ്പോലെയുള്ള എഴുത്തുകാരില്‍ നിന്ന് കേരളീയ നവോത്വാനത്തിന്റെ പിന്‍മടക്കം തുടങ്ങാനിട വരരുത് എന്ന് ആവശ്യപ്പെടേണ്ടി വരുന്നു.സാമ്പ്രദായക ചിഹ്നങ്ങളുടെ വാര്‍പ്പ് മാതൃകകള്‍ക്കപ്പുറം പുതിയ കേരളത്തില്‍ നടക്കുന്ന സാധാരണക്കാരുടെ അതിജീവനങ്ങള്‍  കൂടി കഥകള്‍ക്ക് പ്രചോദമാകേണ്ടതുണ്ട്. 
                              സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങളുടെ പകര്‍ത്തിയെഴുത്ത് ഏറ്റവും ദുഷ്‌കരമാണ്.കാരണം അതിന് പൊടിപ്പും തൊങ്ങലുമില്ല.എന്നാല്‍ പ്രദീപ് തീര്‍ത്തും ലളിതമായ ഭാഷയിലൂടെ അതാവിഷ്‌കരിക്കുക മാത്രമല്ല കഥാപാത്രങ്ങളുടെ വികാരങ്ങള്‍ വായനക്കാരന്റേത് കൂടിയാക്കുക കൂടി ചെയ്തു.

Friday, January 18, 2013


സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ബാക്കിവെച്ചത്


                                കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്ക് സമരം അവസാനിപ്പിക്കപ്പെട്ടു. എണ്‍പത് ശതമാനം വരെ ജീവനക്കാര്‍ ജോലിക്കെത്തി എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോഴും ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ സമരം സര്‍ക്കാര്‍ സംവിധാനങ്ങളെയും വിദ്യാലയങ്ങളേയും സാരമായി ബാധിച്ചിരുന്നു. സമരം വിജയിച്ചോ ഇല്ലയോ എന്നകാര്യത്തില്‍ നീണ്ടുനില്‍ക്കുന്ന വാദകോലാഹലങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. അതിനപ്പുറം ഈ സമരം ബാക്കിവെച്ച ചില വസ്തുതകള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടതുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അന്യഗ്രഹ ജീവികളാണോ എന്ന് തോന്നിപ്പോകാന്‍ മാത്രം രൂക്ഷമായിരുന്നു ജീവനക്കാരുടെ സമരത്തോടനുബന്ധിച്ച പല പ്രതികരണങ്ങളും. ഭേദപ്പെട്ട ശമ്പളം വാങ്ങുന്നവര്‍ക്ക് തങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് മിണ്ടാന്‍ അവകാശമില്ല എന്നൊരു നിയമമില്ലാത്തതിനാല്‍ തങ്ങളുടെ വേതനഘടനയെ ബാധിക്കാനിടയുള്ള ഒരു വിഷയത്തെ സംബന്ധിച്ച് അവരുന്നയിച്ച ആശങ്കകള്‍ ആസ്ഥാനത്തല്ല. സമരത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടന്ന് ചെല്ലുക ഈ ചര്‍ച്ചയില്‍ പ്രസക്തമല്ലാത്തതിനാല്‍ തല്‍ക്കാലം അത് മാറ്റിവെക്കാം.
സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ആദ്യമായല്ല ഒരു അനിശ്ചിതകാല പണിമുടക്ക് സമരം നടത്തുന്നത്. അത്തരം സമരങ്ങള്‍ നടത്തിയപ്പോഴൊക്കെ അതാത് ഭരണാനുകൂല സംവിധാനങ്ങള്‍ അത്തരം സമരങ്ങള്‍ക്കെതിരെ പ്രചാരണവും നടത്തിയിട്ടുണ്ട്. ജനവികാരം ഈ സമരങ്ങള്‍ക്ക് എതിരായി തിരിക്കുക എന്നത് ഭരണാധികാരികളുടെ രീതിയായി മാറുക സ്വാഭാവികമാണ്. പക്ഷേ, എന്ത് കൊണ്ട് ജനവികാരം എളുപ്പത്തില്‍ തങ്ങള്‍ക്കെതിരായി മാറ്റാന്‍ കഴിയുന്നു എന്നതിനെക്കുറിച്ച് ജീവനക്കാര്‍/ അധ്യാപകര്‍ ചിന്തിക്കേണ്ടതുണ്ട്.

കേരളീയന്റെ അച്ഛന്‍/ അമ്മ/ മകന്‍/ സഹോദരന്‍/......................... തുടങ്ങിയവര്‍ തന്നെയാണ് കേരളത്തിലെ ജീവനക്കാരും അധ്യാപകരും. ഇവരുടെ വേതന ഘടനയിലെ മാറ്റങ്ങള്‍ നമ്മുടെ പ്രാദേശിക കമ്പോളത്തിലാണ് പ്രതിഫലിപ്പിക്കപ്പെടുന്നത്. ശമ്പളം വാങ്ങുന്ന തുക മുഴുവന്‍ ചിട്ടികമ്പനിയില്‍ നിക്ഷേപിച്ച് മറ്റേതെങ്കിലും വഴിയിലൂടെ സമ്പാദിക്കുന്ന പണം അരിഷ്ടിച്ച് വ്യയം ചെയ്ത് ജീവിക്കുന്ന വിചിത്ര ജീവികളായി ഇവരെ വിശേഷിപ്പിക്കുന്ന ഭോഷത്തരം തല്‍ക്കാലം ഒഴിവാക്കാം. അതിനാല്‍ കേരളത്തിലെ സാധാരണ കൂലി തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇടയില്‍ ചിലവഴിക്കപ്പെടുന്ന ഈ പണത്തെ ചില സാമാന്യവല്‍ക്കരണങ്ങളിലൂടെ നിസ്സാരവല്‍ക്കരിക്കുന്നത് ശരിയായിരിക്കില്ല.
കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡല്‍ എന്നതിന്റെ സാക്ഷാത്കാരത്തിന് മുഖ്യ പങ്ക് വഹിച്ച  ഒരു വിഭാഗമാണ്് കേരളത്തിലെ ജീവനക്കാരും അധ്യാപകരും. പൊതുവിദ്യഭ്യാസ രംഗത്തിന്റെയും കേരളത്തിന്റ ആരോഗ്യമേഖലയുടേയും വികാസത്തിന് ഇവര്‍ ചെയ്ത സേവനങ്ങളെ വിസ്മരിക്കാനാകില്ല. കേരളത്തിലെ സാധാരണ മനുഷ്യന് നിവര്‍ന്ന് നിന്ന് സംസാരിക്കാന്‍ ധൈര്യം ലഭിച്ച ഭൂ ഉടമസ്ഥത ഭൂപരിഷ്‌കരണ നിയമത്തിന്റെ നടപ്പാക്കലിലൂടെ അനുഭവിപ്പിക്കാന്‍ സാധിച്ചത് കേരളത്തിന്റെ സിവില്‍ സര്‍വ്വീസിലൂടെയാണ് . കുറ്റങ്ങളും കുറവുകളും വീഴ്ചകളും യാഥാര്‍ത്ഥ്യമാണെങ്കിലും ഒരു പുരോഗമന കേരളത്തെ സൃഷ്ടിച്ചതിലും അത് നിലനിര്‍ത്തുന്നതിലും കേരളത്തിന്റെ സിവില്‍ സര്‍വ്വീസും പൊതുവിദ്യഭ്യാസ രംഗവും തങ്ങളുടെ ഭാഗം സമര്‍ത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്. പരാതികളെയും കുറ്റങ്ങളെയും പര്‍വതീകരിച്ച് ഈ സംവിധാനങ്ങള്‍ തന്നെ നിലനില്‍ക്കേണ്ടതില്ല എന്ന സമീപനം പ്രതിലോമപരമാണ്.
നാടിനും നാട്ടുകാര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവരായി മാറേണ്ടിയിരുന്ന ജീവനക്കാരും അധ്യാപകരും എന്ത് കൊണ്ട് ജനവിരുദ്ധരും ചൂഷകരുമായി ചിത്രീകരിക്കപ്പെടുന്നു എന്നതിന് സ്വന്തം പ്രവര്‍ത്തനങ്ങളിലേക്ക് നോക്കി ജീവനക്കാരും അധ്യാപകരും അവലോകനം നടത്തേണ്ടതുണ്ട്. ഈ മനോഭാവങ്ങളെ  അഭിമുഖീകരിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും മുന്നോട്ട് പോകാന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തണം. പഴയ അടിമ -ഉടമ ബന്ധത്തിന്റെയും കൊളോണിയല്‍ അവശിഷ്ടങ്ങളെയും ചൂണ്ടിക്കാണിച്ച് ചരിത്രപരമായ കാരണങ്ങളെ മുന്‍ നിര്‍ത്തി വ്യവസ്ഥിതിയുടെ തകരാന്‍ ചൂണ്ടിക്കാണിക്കുന്ന പരമ്പരാഗത ശൈലി അപ്രസക്തമാക്കുന്നു എന്നത്  സമരത്തിന് ശേഷമുള്ള ഈ സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കുന്നത് നന്ന്.
ജീവനക്കാരും അധ്യാപകരും ഇന്നനുഭവിക്കുന്ന മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ഒരു ഭരണകൂടവും അവര്‍ക്ക് ദാനം നല്‍കിയതല്ല. നിരന്തരമായ അവകാശപ്പോരാട്ടങ്ങളിലൂടെ അവരത് പിടിച്ച് വാങ്ങുമ്പോള്‍ ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ തൊഴില്‍ വിഭാഗം എന്ന വിലയിരുത്തല്‍ സ്വാഭാവികമാണ്. പക്ഷേ തങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയ ജനാധിപത്യ സാധ്യതകള്‍ തങ്ങളുടെ സേവനം ലഭിക്കേണ്ട വിഭാഗത്തിന് ഉപയോഗപ്പെടുത്തി നല്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല പലപ്പോഴും നിഷേധിക്കാനും കൂട്ടുനിന്നു എന്ന യാഥാര്‍ത്ഥ്യം ജീവനക്കാര്‍/ അധ്യാപകര്‍ ക്ക് മറച്ചുവെയ്ക്കാനാകില്ല. തങ്ങള്‍ പണിയെടുക്കുന്ന വ്യവസ്ഥിതിയുടെ ആന്തരിക ജനാധിപത്യ വത്കരണത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് പോലും സമയം കണ്ടെത്താതെ അവകാശസമരങ്ങളുടെ വേലിക്കെട്ടുകള്‍ക്കകത്ത് സ്വയം തളച്ചിടപ്പെട്ടതിന്റെ ദുരനുഭവങ്ങളാണ് ഇന്ന് ജീവനക്കാര്‍ അനുഭവിക്കുന്നത്.
സിവില്‍ സര്‍വ്വീസിന്റെ ഘടനയും ശൈലിയും സൗഹൃദ പൂര്‍ണ്ണമാക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വവും വലിയ താല്പര്യമെടുത്തിട്ടില്ല. സെക്രട്ടറിയേറ്റിലെ അലമാരകളില്‍ തടിച്ച പുസ്തകകെട്ടുകളായി വിശ്രമിക്കുന്ന ഒന്നിലധികം ഭരണപരിഷ്‌കാര റിപ്പോര്‍ട്ടുകള്‍ അതിന്റെ തെളിവാണ്. പക്ഷേ, ഇക്കാര്യം ജനങ്ങളില്‍ എത്തിക്കാന്‍ ബാധ്യതപ്പെട്ട ജീവനക്കാരന്‍ അതിന് തയ്യാറായില്ല എന്നതും ആ ഇരുട്ടിന്റെ ആനുകൂല്യം പറ്റാന്‍ തയ്യാറായി എന്നതും വിരോധാഭാസമാണ്. സിവില്‍ സര്‍വ്വീസിലെ ചെറിയ വിഭാഗമാണ് അഴിമതിക്കാരെങ്കിലും അതിനെ സാമാന്യവത്കരിക്കാന്‍ പ്രേരണയായത് ഇത്തരം നിസ്സംഗതകളാണ്.

മുഴുവന്‍ സമയ രാഷ്ട്രീയ തൊഴിലാളികളുള്ള നമ്മുടെ നാട്ടില്‍ ഏതാണ് മധ്യനിര രാഷ്ട്രീയക്കാരുടെ വരെ എങ്കിലും പ്രധാന തൊഴില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ചുവപ്പ് നാട നിവാരണമാണ്. ഒരു കൊടുക്കല്‍ വാങ്ങല്‍  കച്ചവടമായി ഇത് നിലനില്‍ക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വത്തിനും ലാഭങ്ങളുണ്ടെന്ന് സാരം. അതിനാല്‍ ജനവിരുദ്ധത ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളായി സര്‍ക്കാര്‍ ഓഫീസുകളെ മാറ്റി തീര്‍ത്തതില്‍ രാഷ്ട്രീയ നേതൃത്വവും ജീവനക്കാരുടെ സംഘടനകളും കൂട്ടുത്തരവാദികളാണ്.
താല്‍ക്കാലിക ലാഭത്തിനായി ജനസൗഹൃദപരമല്ലാത്ത രീതികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ ഇന്ന് കേരളത്തിന് ആവശ്യമില്ലാത്ത വിഭാഗമായി വിലയിരുത്തപ്പെടുന്ന ചര്‍ച്ചകള്‍ക്ക് കാരണഭൂദര്‍ അവര്‍ തന്നെയാണ്. സര്‍ക്കാര്‍  ഓഫീസുകള്‍ ഒരു മാസം അടഞ്ഞുകിടന്നാലും ഒന്നും സംഭവിക്കാനില്ല എന്ന പ്രസ്താവനകള്‍ക്ക് കയ്യടി ലഭിക്കുന്നതും ഈ പശ്ചാതലത്തിലാണ്. എന്നാല്‍ ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്നതിലും സര്‍ക്കാര്‍ സേവനങ്ങളെ സാധാരണക്കാരന് എത്തിക്കുന്നതിലും കേരളത്തിലെ ജനങ്ങളോടൊപ്പം നില്‌ക്കേണ്ട ഒന്നാണ് സിവില്‍ സര്‍വ്വീസ് എന്ന് ബോധ്യപ്പെടുത്താനും അത് ജനകീയമായ ആവശ്യമായി മാറ്റിതീര്‍ക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവനക്കാരന്റെയും അദ്ധ്യാപകന്റെയും ശമ്പളവും പെന്‍ഷനും മാത്രമല്ല, സിവില്‍ സര്‍വ്വീസും പൊതുവിദ്യഭ്യാസ രംഗവും ഉള്‍പ്പടെ സംരക്ഷിക്കാനാകൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
പരമ്പരാഗത സര്‍വ്വീസ് സംഘടനകളുടെ ജനിതക ദൗര്‍ബല്യങ്ങളെ ഈ അവസരത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്. രാഷ്ട്രീയ ഭരണ നേതൃത്വങ്ങളോട് ഒട്ടി നിന്ന് ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും നടത്താനുള്ള അട്ടിപ്പേറവകാശം വാങ്ങി ജീവനക്കാരെ വരുതിയില്‍ നിര്‍ത്തുന്നതാണ് സംഘടനാ പ്രവര്‍ത്തനമെന്ന്  ധരിച്ചതാണ് ഭരണ പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ക്ക് ചാണകവെള്ളവും നായ്കുരണ പൊടിയും പോലീസ് കാവലും പ്രലോഭനങ്ങളും ഭീഷണിപ്പെടുത്തലും സമരത്തിന്റെ വിജയ പരാജയങ്ങള്‍ക്ക് വേണ്ടി വന്നത്. പ്രതിപക്ഷ  സംഘടനകളാകുമ്പോള്‍ അവകാശങ്ങള്‍ ഓര്‍മ്മ വരികയും ഭരണപക്ഷമാകുമ്പോള്‍ മുട്ടിലിഴയുകയും ചെയ്യുന്ന പൊന്തന്‍മാടകളായി ഇവര്‍ മാറിയിരിക്കുന്നു. അപരിഷ്‌കൃതമായ ഈ സംഘടനാ ശൈലി കാരണമാണ് ജീവനക്കാരുടെ ആശങ്കകള്‍ ഇനിയും വിട്ടൊഴിയാത്ത പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെപോലും ഭരണാനുകൂല സംഘടനകള്‍ക്ക് അനുകൂലിക്കേണ്ടി വന്നതും എത്ിര്‍ത്ത പ്രതിപക്ഷ സംഘടനകള്‍ക്ക് തങ്ങളുടെ മാതൃ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രത്യക്ഷ സഹായങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടി വന്നതും.

തൊഴില്‍ മേഖലയില്‍ പുതിയ സേവന സംസ്‌കാരവും സഹകരണത്തിന്റെ പുതിയ സംഘടനാ ശൈലിയും ഇവര്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനവര്‍ക്ക് കഴിയാതെ പോകുന്നുവെങ്കില്‍ ജനാധിപത്യപരമായ  ഉള്‍ക്കാഴ്ചയും മൂല്യങ്ങളാല്‍ പ്രചോദിതമായ സേവന ശൈലിയും സംസ്‌കാരമാക്കാന്‍ കഴിയുന്ന പുതിയ കൂട്ടായ്മകള്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഉണ്ടായി വരേണ്ടതുണ്ട്. തൊഴില്‍ മേഖലയെ സംരക്ഷിക്കാന്‍ തങ്ങളുടെ സേവനം ലഭിക്കേണ്ടവരെ കൂടി ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട് എന്ന വലിയ പാഠം ഈ സമരം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്.
പങ്കാളിത്ത പെന്‍ഷന് വേണ്ടി വാളെടുത്തവനെല്ലാം വെളിച്ചപ്പാടായി തുള്ളി നമ്മുടെ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളും അവക്ക് സിന്ദാബാദ് വിളിച്ച പൗരസഞ്ചയവും ശക്തമായ സിവില്‍ സര്‍വ്വീസ് എന്നത് ജീവനക്കാരുടെ ആവശ്യമല്ലെന്നും നാടിന്റെ അത്യാവശ്യമാണെന്നും മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടവരാണ്. കോര്‍പ്പറേറ്റ് ഭരണത്തിന്റെ പകര്‍പ്പുകളല്ല ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭരണ സംവിധാനങ്ങള്‍.  തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷയും നല്കാത്ത സിവില്‍ സര്‍വ്വീസിലേക്കും സേവന മേഖലയിലേക്കും കഴിവുള്ള  ചെറുപ്പക്കാരെ ആകര്‍ഷിക്കാനാവില്ല. സിവില്‍ സര്‍വ്വീസിന്റെ സ്ഥിരത നമ്മുടേത് പോലുള്ള ജനാധിപത്യ സംവിധാനത്തിന് അത്യാവശ്യമാണ്. അതിനാല്‍ തന്നെ, കൂടുതല്‍ നല്ല ജോലിക്കുള്ള ഇടത്താവളമായി സിവില്‍ സര്‍വ്വീസ് മാറാന്‍ പാടില്ല.

ഭരണകൂടത്തിന്റെ മുകള്‍തട്ട് നയം തീരുമാനിക്കുകയും ആ നയത്തിനനുസരിച്ച് സ്വകാര്യ കമ്പനികള്‍ ഭരണം നടത്തുകയും ചെയ്യുന്ന പുതിയ ഉദാരീകരണ ഭരണ കാഴ്ചപ്പാട് (  PPP പബ്ലിക്ക് പ്രൈവറ്റ് പാട്ണര്‍ഷിപ്പ്) ജനസേവനത്തിന്റെ പുതിയ മാതൃകകളൊന്നും നല്കാനിടയില്ല. മറിച്ച് ചൂഷണത്തിന്റെ പുതിയ ഭാവങ്ങളാണ് അത് പ്രകടിപ്പിക്കുക. ഭരണകൂടത്തിന്റെ ശക്തി തെളിയിക്കാനും നിയന്ത്രിക്കാനും പോലീസും, നയം  തീരുമാനിക്കാന്‍ രാഷ്ട്രിയ ഭരണ നേത്യത്വവും, അത് നടപ്പിലാക്കാന്‍ സ്വകാര്യ മുതലാളിമാരുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് സിവില്‍ സര്‍വ്വീസിന്റെ തകര്‍ച്ച രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുക. അതിനാല്‍ ജനാധിപത്യത്തിന്റെ നിലനില്‍പിന് സിവില്‍ സര്‍വ്വീസിനെ ശക്തിപ്പെടുത്തണമെന്നും ജനപക്ഷ നിലപാടുകളിലേക്ക് അതിനെ പരിവര്‍ത്തിപ്പിക്കണമെന്നുമായ ആവശ്യമാണ് ഉയര്‍ന്ന് വരേണ്ടത്. സിവില്‍ സര്‍വ്വീസിന് നല്കുന്ന ആനുകൂല്യങ്ങള്‍ രാജ്യവികസനത്തിന്റെ കണക്കിനും മാത്രമാണെന്നും തിരിച്ചറിയപ്പെടണം.
കേരളത്തിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സാമൂഹിക ഉള്ളടക്കങ്ങള്‍ സന്നിവേശിപ്പിച്ച പുതിയ കൂട്ടായ്മകളെക്കുറിച്ച അന്വേഷണങ്ങള്‍ക്ക് ഈ അവസരം പ്രേരണയാകേണ്ടതുണ്ട്. സിവില്‍ സര്‍വ്വീസ്/ പൊതുവിദ്യഭ്യാസ രംഗം നിലനില്ക്കപ്പെടേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ കഴിയാവുന്ന ഒരു ചരിത്ര സന്ദര്‍ഭമായി ഇതിനെ തിരിച്ചറിഞ്  പൊതുസമൂഹത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ പുതിയ സേവന സംസ്‌കാരവുമായി ജീവനക്കാരും അധ്യാപകര്‍ക്കും മുന്നോട്ട് വന്നില്ലെങ്കില്‍ ജന വിരുദ്ധ വ്യവസ്ഥിതികള്‍ക്കെതിരെ പുതിയ ചത്വരങ്ങള്‍ കേരളത്തിലും രൂപപ്പെട്ടാല്‍ പിന്നെ പിടിച്ച് നില്‍ക്കാനാവില്ല. അന്ന് ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ ഒരിക്കലും ഫലിക്കാനിടയില്ല. അതിനാല്‍ പുതിയ അനുഭവങ്ങളോട് മുഖം തിരിക്കാതെ സംവദിക്കാനും പുതിയ പ്രവര്‍ത്തന ശൈലിയിലേക്ക് പരിവര്‍ത്തിക്കപ്പെടാനും തയ്യാറാവുന്ന ജീവനക്കാരെയും അധ്യാപകരേയും കേരളം കാത്തിരിക്കുന്നു.

Tuesday, December 6, 2011

കേരള വികസനം സിവില്‍ സര്‍വ്വീസിന്റെ പുന:സംഘടയിലൂടെ

              
 വികസനം ഒരു പാഴ്വാക്കല്ല. മുനയും മൂര്‍ച്ചയുമുള്ള ഒരു പ്രയോഗമാണിത്. നീണ്ടതല്ലാത്ത ഒരു കാലയളവില്‍ ഗുണപരമായ പരിവര്‍ത്തനത്തിന് ഇടയാക്കുന്ന നിര്‍മാണാത്മകവും രചനാത്മകവുമായ മാറ്റങ്ങളെയാണ് വികസനം എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ചരിത്രത്തില്‍ വികസനമെന്ന പദം ഉയര്‍ന്ന് വരാന്‍ തുടങ്ങുന്നത്. പിന്നീടത്, പുരോഗമനപരമായ ആശയങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്തപ്പെടുകയും തുടര്‍ന്ന് സാമൂഹ്യ ശാസ്ത്രത്തിന്റെ പദാവലികളില്‍ അതിന് മുഖ്യമായ സ്ഥാനം ലഭിക്കുകയും ചെയ്തു. വികസനമെന്ന പദത്തിന്റെ അര്‍ത്ഥങ്ങളും ആന്തരാര്‍ത്ഥങ്ങളും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സാമൂഹിക സൂചികകളിലെ വളര്‍ച്ചയെ ഉദ്ദീപിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും വികസനം എന്ന പദം കൊണ്ട് സാമാന്യമായി വിശദീകരിക്കാവുന്നതാണ്.
 സാമൂഹിക വികസന സൂചികയുടെ വളര്‍ച്ച സമഗ്രവും സുസ്ഥിരവുമാകണമെങ്കില്‍ ഭരണകൂടത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഭരണകൂട സംവിധാനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് വികസനo  ഒരു സമാന്തര ധാരയായി മുന്നോട്ട് നീങ്ങുകയില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഭരണകൂടമായി മാറുകയോ അല്ലെങ്കില്‍ അത്തരം സംവിധാനങ്ങള്‍ സ്ഥാപനവത്കരിക്കപ്പെടുകയോ ആണ് സംഭവിക്കുക.
 കേരളത്തിന് പുതിയ വികസന മാതൃകയും രീതിശാസ്ത്രവും പരിഗണിക്കപ്പെടുമ്പോള്‍ കേരളത്തിലെ ഭരണകൂടം വികസന പരിപാടികളില്‍ എങ്ങിനെ ഇടപെടുന്നു എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. വികസന പദ്ധതികളുടെ യഥാര്‍ത്ഥ നിര്‍വഹണം നടത്തപ്പെടുന്നത് ഒരിക്കലും ഭരണകൂടത്തിന്റെ ഉന്നത തലങ്ങളിലല്ല.അതിനാല്‍ തന്നെ ഭരണകൂടത്തിന്റെ ഉപകരണമായ അതിന്റെ ജീവനക്കാര്‍ വികസന പരിപാടികളില്‍ എത്രത്തോളം സജീവമായി പങ്ക് വഹിക്കുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അവരുടെ പങ്കാളിത്തം പദ്ധതികളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നയരൂപവത്കരണത്തിനൊപ്പം പരമാവധി, പ്രായോഗികതയ്ക്കുള്ള വഴികള്‍ കൂടി ചൂണ്ടിക്കാണിക്കുക മാത്രമാണ് ഭരണകൂടത്തിലെ രാഷ്ട്രീയ നേതൃത്വം ചെയ്യുന്നത്. അത് അഖിലേന്ത്യാ സിവില്‍ സര്‍വീസിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരിലൂടെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളുമായി രൂപാന്തരം പ്രാപിക്കുന്നു. തുടര്‍ന്ന് അതിനെ പ്രായോഗികതലത്തില്‍ നടപ്പാക്കേണ്ടത് സംസ്ഥാന സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥരാണ്.
 കേരളത്തിന്റെ സാമൂഹിക വികസനത്തിന്റെ ഒരു പ്രേരണയും കാരണവുമായി ഭൂപരിഷ്‌കരണത്തെ വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലെ ഭൂഉടമാ സമ്പ്രദായത്തില്‍ ഏറെ മാറ്റങ്ങള്‍  വരുത്തിയ കേരള ഭൂപരിഷ്‌കരണത്തിന്റെ പ്രായോഗികതയുമായി ബനധപ്പെട്ടാണ് കേരളത്തിലെ സിവില്‍ സര്‍വീസിലേക്ക് തുടര്‍ച്ചയായ റിക്രൂട്ട്‌മെന്റുകള്‍ നടന്നത് എന്ന് കാണാന്‍ കഴിയും. കേരളീയ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടാവുന്ന ഒന്നാം ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിനുള്ള ശ്രമങ്ങള് ഊര്‍ജ്ജിതമായി നടന്നത്. അതിനാല്‍ തന്നെ, വികസനത്തിന്റെ നിര്‍വഹണ ഏജന്‍സികളായാണ് കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളെ കണക്കാക്കാനാവുന്നത്. മുഖ്യധാര വികസന പദ്ധതികളും പരിപാടികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അഥവാ കേരള സിവില്‍ സര്‍വീസിനെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താതെ കേരളത്തിന്റെ വികസന ചര്‍ച്ചകള്‍ അപൂര്‍ണ്ണമായിരിക്കും. 
 കോളനിവാഴ്ചക്കാലത്തെ ബ്യൂറോക്രസിയുടെ തുടര്‍ച്ച സ്വാഭാവികമായും കേരളത്തിലും പിന്തുടര്‍ന്നുവന്നു എന്നത് സ്വാഭാവികവുo യാഥാര്‍ത്ഥ്യവുമാണ്. പൗരനോടുള്ള അവിശ്വാസവും അടിമ രാജ്യത്തെ ജനങ്ങളില്‍ നിന്നുള്ള വിധേയത്വത്തിന്റെ പ്രകടനവും ഇതിന്റെ സവിശേഷതയായിരുന്നു. മുകള്‍തട്ടില്‍ തീരുമാനിക്കപ്പെടുന്നതിനെ ചോദ്യം ചെയ്യാതെ പ്രായോഗികമാക്കുമ്പോള്‍ ഉണ്ടാകുന്ന പൗരസമൂഹത്തിന്റെ പ്രയാസങ്ങളേയോ പ്രതിഷേധങ്ങളേയോ വകവെച്ചു നല്‍കാനാവാത്ത വിധം ഇടുങ്ങിയ ചിന്താഗതിയും അതിന്റെ പ്രത്യേകതയായിരുന്നു. നിയമങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും ചട്ടക്കൂടിന് അകത്ത് നിന്ന് കൊണ്ട് അക്ഷരപൂജകരായ നിയമജ്ഞരായി എതിര്‍പ്പുകളെ തള്ളിക്കളയുക എന്ന മനോഭാവവും ബ്യൂറോക്രസി വെച്ചുപുലര്‍ത്തി. ഇക്കാര്യത്തില്‍ സിവില്‍ സര്‍വ്വീസിന്റെ ഉപരിനേതൃവും കീഴ്ജീവക്കാരുമെല്ലാം അസാമാന്യമായ ഐക്യം വെച്ചു പുലര്‍ത്തി.

 കേരളത്തിലെ സിവില്‍ സര്‍വീസിലെ ജീവനക്കാര്‍ കേരളത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടവരല്ല. ഈ സിവില്‍ സര്‍വ്വീസിന്റെ ഗുണവും ദോഷവും അനുഭവിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ സാധാരണക്കാരായ കര്‍ഷകരുടേയും തൊഴിലാളികളുടേയും അധ്യപകരുടേയും തുടങ്ങി കേരളീയ സമൂഹത്തിന്റെ മക്കളും സഹോദരങ്ങളും തന്നെയാണ് ഇതിന്റെ ഭാഗമാക്കുന്നത്. അതിനാല്‍ സാമൂഹിക ബന്ധങ്ങളുടെ കുറവാണ് ഇതിന്റെ ജനവിരുദ്ധമായ മുഖത്തിന് കാരണമാകുന്നത് എന്ന് കരുതാനാകില്ല. ഒരു മത്സര പരീക്ഷ കഴിഞ്ഞ് സിവില്‍ സര്‍വീസിനകത്തേക്ക് എത്തുന്നവര്‍ക്ക് സമൂഹത്തിനോടുള്ള കാഴ്ചപാടില്‍ പരിണാമം സംഭവിക്കുന്നത് എങ്ങിനെ. ഒരര്‍ത്ഥത്തില്‍, സിവില്‍ സര്‍വീസിന്റെ പൈതൃകവും പാരമ്പര്യവും ആണ് ഈ ജനവിരുദ്ധ മുഖം എന്ന് വിശേഷിപ്പിക്കപ്പെടുകയാണ് ഏറ്റവും ലളിതം. അതുകൊണ്ടാണ് ഈ ദുഷിച്ച പൈതൃകത്തില്‍ നിന്ന് പുറത്തകടക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ വാര്‍ത്തയാകുന്നത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് കേരളത്തിന്റെ സിവില്‍ സര്‍വീസിന് ഒരു പുതിയ മുഖം നല്‍കി മാനുഷികവും ജനകീയവുമായ മാനങ്ങളോടെ മാറ്റിപണിയാന്‍ കഴിഞ്ഞാല്‍ അത് കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കും എന്നതില്‍ തര്‍ക്കമില്ല. 
 കേരളത്തിലെ സര്‍ക്കാര്‍ പദ്ധതികളില്‍ അനുവദിക്കപ്പെടുന്ന തുകയുടെ പരമാവധി 60% മാത്രമാണ് ചിലവഴിക്കപ്പെടുന്നത് എന്ന് വിലയിരുത്തപ്പെടാറുണ്ട്. ഇത് പലപ്പോഴും 50 മുതല്‍ 40% വരെയായി താഴാറുമുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത് ഉദ്യോഗസ്ഥതലത്തിലെ അഴിമതി കുറയുമ്പോള്‍ മറ്റ് തട്ടുകളിലും അതിനുള്ള സാധ്യതകള്‍ സ്വാഭാവികമായും കുറഞ്ഞ് വരും. അങ്ങിനെ കേരളത്തിലെ സിവില്‍ സര്‍വീസിലെ അഴിമതിക്ക് തടയിടാനായാല്‍, വികസനോല്‍മുഖമാ കാഴ്ചപ്പാടോട് കൂടി അതിനെ മാറ്റിപ്പണിയാനായാല്‍ കേരളത്തിന്റെ വികസനത്തിന് പുതിയ മാനങ്ങള്‍ രൂപപ്പെടും എന്നതില്‍ സംശയിക്കേണ്ടതില്ല. 
 ഭരണകൂടത്തിന്റെ മുഖവും ഭാഷയുമെല്ലാo അതിന്റെ ജീവനക്കാരാണ്. സിവില്‍ സര്‍വ്വീസിന്റെ സംശുദ്ധിയാണ് ഭരണകൂടത്തെ പൊതുസമൂഹത്തിന് വിലയരുത്താനാകാവുന്ന ഏറ്റവും മുഖ്യമായ ഉപാദി. ഇക്കാര്യം തിരിച്ചറിയാത്ത ഒരു ഭരണകര്‍ത്താവും കേരളം ഭരിക്കാനിടയായിട്ടില്ല എന്ന വാസ്തവം അവരവരുടെ പ്രസ്താവകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാക്കാനാകും. എന്നിട്ടും എന്ത് കൊണ്ടാണ് കേരളത്തിലെ സിവില്‍ സര്‍വ്വീസ് ഇപ്പോഴും ജനവിരുദ്ധമായ ഒരു കൂട്ടമായി ചിത്രീകരിക്കപ്പെടുന്നത്. കേവലം സാമാന്യവല്‍ക്കരണത്തിന്റെ മാത്രം അടിസ്ഥാനം ചൂണ്ടിക്കാണിച്ച് ഈ വിലയിരുത്തലിനെ തള്ളികളയാനാകില്ല. കാരണം, ജനക്ഷേമപരമായ സര്‍ക്കാര്‍ പരിപാടികള്‍ക്ക് പോലും ഒട്ടും സൗഹൃദപരമല്ലാത്ത ഇടപെടലുകളിലൂടെ ഈ വിഭാഗം ജനവിരുദ്ധമായ മുഖം നല്‍കിയിട്ടുണ്ട്. 
 നാടുവാണിരുന്ന ബ്രിട്ടീഷുകാന്റെ താത്പര്യ സംരക്ഷണാര്‍ത്ഥം നിലവില്‍ വന്ന സിവില്‍ സര്‍വീസ്, അതിന് മുന്‍പ് നിലനിന്നിരുന്ന ഭരണകൂടത്തിന്റെ ഉപകരണങ്ങളായ നാട്ടുപ്രമാണി വ്യവസ്ഥയുടെ ശ്രേണി ശൃംഖലയില്‍ നിന്നും കടം കൊണ്ടതും സ്വാംശീകരിച്ചതുമായ ഒരു ഉദ്യോഗസ്ഥ വിന്യാസമായിരുന്നു. നാടുവാഴിയുടെ പ്രമാണി സമ്പ്രദായത്തെ ഭരണകൂടത്തിന്റെ ഘടനാപരമായ സവിശേഷതകളിലേക്ക് ഉള്‍ചേര്‍ത്ത് തങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഭരണവ്യവസ്ഥ സൃഷ്ടിക്കുകയാണ് കൊളോണിയല്‍ അധികാരികള്‍ ചെയ്തത്. കൊളോണിയലിസത്തിന് നാടും നാട്ടുകാരും അന്യരും ശത്രുക്കളും വിശ്വസ്തരല്ലാത്തവരുമായിരുന്നു.
  വിശ്വാസ്യതയില്ലാത്തവരും അനുസരണയില്ലാത്തവരുമായ ഒരു ജനതയെന്ന പേരില്‍ ഭരണകൂടം അപരവത്കരിച്ചവര്‍ക്ക് മുകളില്‍ അധികാരത്തിന്റെ സ്വാധീനം പ്രകടിപ്പിക്കപ്പെട്ടത് ഭയപ്പെടുത്തലിന്റേയും പിടിച്ചെടുക്കലിന്റേയും രൂപത്തിലായിരുന്നു. അടിമത്വത്തിന്റെ വിശ്വസ്തവിധേയഭാവമാണ് അവര്‍ ആവശ്യപ്പെട്ടത്. സ്വാഭാവികമായും പൗരന്റെ ആവശ്യങ്ങള്‍ അപേക്ഷകളായി മാറേണ്ടിവന്നു. ആക്ഷേപങ്ങളെ ഉള്‍ക്കൊള്ളാതിരിക്കുന്നതിനും, അത് ഉന്നയിക്കാന്‍ അവസരങ്ങള്‍ നല്‍കാതിരിക്കുന്നതിനും സിവില്‍ സര്‍വീസിന് തുടര്‍ച്ചയായ നിലപാടുകള്‍ സ്വീകരിക്കേണ്ടിവന്നു. അത് അതിന്റെ സ്ഥായിയായ ഭാവമായി മാറാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല. അധികാരം എന്നും ദുഷിപ്പിക്കുന്നതിനുള്ള ഒരു രാസത്വരകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരണകൂടത്തിന് മുപാകെ സമര്‍പ്പിക്കപ്പെടുന്ന വിവരങ്ങളുടെ വിശ്വാസ്യത തെളിയിക്കുക പൗരന്റെ ബാധ്യതയായി കണക്കാക്കപ്പെട്ടു. ജനപക്ഷത്ത് നിന്നുള്ള ഉള്‍ക്കാഴ്ചകളല്ല ഭരണപക്ഷത്തിന്റെ സൗകര്യവും ക്ഷേമവുമാണ് അത് ലക്ഷ്യം വെച്ചത്.
 ജനാധിപത്യത്തിലേക്കുള്ള മാറ്റം സിവില്‍ സര്‍വീസിന് പുതിയ സംസ്‌കാരങ്ങളൊന്നും പ്രദാനം ചെയ്തില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ക്കകത്തേക്ക് ജനാധിപത്യത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. അതേ സമയം, ഓഫീസിന് പുറത്ത് ജനാധിപത്യാവകാശങ്ങള്‍ ഏറ്റവും സംഘടിതമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ശക്തിയായി മാറാനും സിവില്‍ സര്‍വീസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞു. കൊളോണിയല്‍ ഭരണകൂടത്തിന്റെ ഉപകരണം ജാധിപത്യ ഭരണകൂടത്തിലേക്ക് മാറ്റപ്പെട്ടപ്പോള്‍ ജനാധിപത്യത്തിലെ രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് അത് ഉപജാപത്തിന്റേയും ശുപാര്‍ശയുടേയും ഒരു പുതിയ അവസരം സമ്മാനിച്ചു. ഒരു പൗരന്റെ ജാതി, വരുമാനം, സ്ഥിരതാമസം തുടങ്ങയ അടിസ്ഥാന വിവരങ്ങള്‍ക്ക് പോലും ആ പൊരന്റെ സത്യപ്രസ്താവനകള്‍ക്ക് ഭരണകൂടം യാതൊരു പരിഗണനയും നല്‍കുന്നില്ല. അത്തരം വസ്തുതകള്‍ സിവില്‍ സര്‍വീസിലെ ഉത്തരവാദിത്തപ്പെട്ടവരുടെ സാക്ഷ്യപത്രങ്ങളിലൂടെ മാത്രമേ ഇന്നും കേരളത്തിലെ ഭരണകൂടത്തിനും സ്വീകാര്യമാവുകയുള്ളൂ. കൊളോണിയലിസത്തിന് ഇത്തരം സാക്ഷ്യപ്പെടുത്തലുകള്‍ അത്യാവശ്യമായിരുന്നു എന്ന് മനസ്സിലാക്കാനാകും. പക്ഷേ ജനാധിപത്യ ഭരണ സംവിധാനം എന്തിനാണ് പൗരന് മെല്‍ ഇത്രത്തോളം അവിശ്വാസം കെട്ടിയേല്‍പിക്കുന്നത്
 പൗരനെ വിശ്വാസത്തിലെടുക്കാത്തത് പോലെ ഈ പൗരസഞ്ചയത്തില്‍ നിന്നും തിരഞ്ഞെക്കപ്പെടുന്ന ഉദ്യോഗസ്ഥരിലും ഭരണകൂടം അവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. സിവില്‍ സര്‍വീസിലെ വിവിധ വിഭാഗങ്ങളിലെ തട്ടുകള്‍ ഈ അവിശ്വാസത്തിന്റെ ഒരു പ്രകടമായ തെളിവാണ്. തുടര്‍ച്ചയായ സൂഷ്മപരിശോധനകള്‍ ഓരോ പരിശോധകനിലുമുള്ള വിശ്വാസ്യതക്കുറവിന്റെ ഫലമാണ്. ഇ തട്ടുകളിലൂടെ പടിപടയായി മാത്രം കടന്ന് പോകുന്ന ജനങ്ങളുടെ ആവലാതികള്‍ പരിഹാരം കാണാതെ നീണ്ട് പോകുന്നതിന്റെ ഭരണാധികാരികള്‍ പരിഗണിക്കാതിരിക്കുന്നത് എന്ത് കൊണ്ടാണ്. 
  കേരണത്തിലെ സിവില്‍ സര്‍വീസിലെ തൊഴിലാളികളുടെ സംഘടിത ശക്തി (സര്‍വീസം സംഘടനകള്‍) മറ്റ ഏത് സംഘടിത തൊഴിലാളി വര്‍ഗ്ഗത്തേക്കാളും ഏറെ ശക്തമാണ്. സംഘടിത ശക്തി കേവല വിലപേശല്‍ ശക്തി മാത്രമായി മാറുകയും ഒരു സമ്മര്‍ദ്ദ വിഭാഗം എന്നതിനപ്പുറം തങ്ങളുടെ സേവനം അര്‍ഹിക്കുനന ജനവിഭാഗത്തിന് കിട്ടേണ്ട സേവനത്തിന്റെ ഗുണമേന്‍മ മെച്ചപ്പെടുത്തുന്നതില്‍ തങ്ങള്‍ക്കുള്ള പങ്ക് വിസ്മരിച്ച് മാറി നില്‍കുകയും ചെയ്യുമ്പോള്‍ തങ്ങള്‍ കൂടി ഉള്‍പ്പെട്ട പൗര സമൂഹത്തിന്റെ അവകാശ നിഷേധമാണ് സംഭവിക്കുന്നത് എന്നത് ഇവര്‍ മന:പൂര്‍വ്വം മറന്ന് പോവുകയാണ്.

 കേരളത്തിന്റെ വികസന സംരഭങ്ങളുടെ പ്രയോക്താക്കളും നടത്തിപ്പുകാരുമാണ് കേരളത്തിന്റെ സിവില്‍ സര്‍വീസ് എന്നത് കണക്കിലെടുത്ത് താഴെ പറയുന്ന കാര്യങ്ങള്‍ കണക്കിലെത്തേ മതിയാകൂ.
  •  കേരളത്തിന്റെ സിവില്‍ സര്‍വ്വീസ് കേരളത്തിന്റെ വികസനത്തിന്റെ നിര്‍വ്വഹണ ഏജന്‍സിയാണ്
  •  കേരളത്തിന്റെ വികസന മുന്നേറ്റത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ പങ്ക് വഹിക്കേണ്ടതുണ്ട്.
  •  ബ്രിട്ടീഷ് കാലത്തെ കാഴ്ചപ്പാടുകളും ചട്ടങ്ങളുമാണ് ഇന്നും സിവില്‍ സര്‍വീസിനെ നയിച്ചുകൊണ്ടിരിക്കുന്നത്.
  •  ജനപക്ഷത്ത് നിന്ന് സിവില്‍ സര്‍വീസിനെ മാറ്റി പണിയേണ്ടതുണ്ട്.
  •  ഉദ്യോഗസ്ഥതല അഴിമതി കുറക്കാനാകുന്ന പക്ഷം അത് പദ്ധതി ചിലവുകളില്‍ കുറവ് വരുത്തും.
  •  പദ്ധതികള്‍ ഏറ്റവും മികച്ച രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ അത് ഇടയാക്കും. 
  • .രാഷ്ട്രീയ നേതൃത്വത്തിന്റെ അഴിമതികളേയും ഇത് കുറച്ച് കൊണ്ട് വരും.
  •  പൗരന്റെ പസ്താവനകള്‍ക്ക് ആധികാരികത നല്‍കുകയും അവനെ വിശ്വസ്യത്തിലെടുക്കുകയും വേണം.
  • സിവില്‍ സര്‍വീസിലെ അനാവശ്യ ശ്രേണീ ബന്ധങ്ങള്‍ പൗരന്റെ ആവശ്യങ്ങളെ യഥാസമയം പരിഹരിക്കുന്നതിന് പര്യാപ്തമല്ല. 
 കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ജനപക്ഷ കാഴ്ചപ്പാടുകള്‍ ഭരണകൂടം അതിന്റെ എല്ലാ തട്ടുകളിലേക്കുo തുടര്‍ച്ചയായി നല്‍കേണ്ടതുണ്ട്. ഭരണകൂടത്തിലെ രാഷ്ട്രീയ നേതൃത്വം രൂപീകരിക്കുന്ന നയപരിപാടികള്‍ക്കനുസരിച്ച് സിവില്‍ സര്‍വീസിനെ മാറ്റിതീര്‍ക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടാകണം. ജനക്ഷേമപരിപാടികള്‍ പ്രഖ്യാപിച്ച അത് യഥാവിധി ജനങ്ങളിലേക്കെത്തിക്കാന്‍ ഏറ്റവും പ്രായോഗികമായ തുടര്‍ച്ചയായ പരിശീലനങ്ങള്‍ സിവില്‍ സര്‍വീസില്‍ ഉടനീളം നടക്കേണ്ടതുണ്ട്. അടച്ചിട്ട ശീതീകൃത മുറികളിലെ പഞ്ചനക്ഷത്ര വിരുന്ന സല്‍ക്കാരങ്ങളെ ഓര്‍മിപ്പിക്കുന്ന പരിശീലന പരിപാടികളല്ല, മറിച്ച് ഭരണ നേതൃത്വത്തിന്റെ സജീവ സാന്നിദ്ധ്യവും മേല്‍നോട്ടവും മുഖേന പ്രാദേശികാടിസ്ഥാനത്തില്‍ നടക്കുന്ന പദ്ധതി നിര്‍വഹണത്തിലെ പ്രായോഗികമായ പ്രയാസങ്ങളെ നേരിടുന്നതിനുള്ള ഉത്തമമായ മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരും. അതിന് മണ്ണിന്റേയും മനുഷ്യന്റേയും ഗന്ധവുമുണ്ടാകും. 
  സര്‍ക്കാര്‍ പരിപാടികളും പദ്ധതികളും സുതാര്യമാകേണ്ടതും അതിന്റെ വിവരങ്ങള്‍ ആര്‍ക്കു എപ്പോഴും ലഭ്യമാകുന്ന അവസ്ഥ ഉണ്ടാകേണ്ടതുമാണ്. ഇന്റര്‍നെറ്റിന്റെ സാധ്യതകളുപയോഗിച്ച് അത് നടപ്പാക്കുന്നതിന് വലിയ സാമ്പത്തിക ബാധ്യതകളൊന്നുമില്ല. സാങ്കേതികമായ വിവരങ്ങളും സാധാരണക്കാരന് എളുപ്പം ഗ്രഹിക്കാവുന്ന വിധത്തില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ ലഭ്യമാകണം. പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുന്നതിന് മുന്‍പ് അത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുക എന്നത് ഒരു സര്‍ക്കാര്‍ നയമായി മാറണം. ജനങ്ങളുടെ അഭിപ്രായം പ്രസക്തമാണെങ്കില്‍ അത് സ്വീകരിക്കാനുള്ള മനസ്സ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ടാകണം. 
 കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു വലിയ വിഭാഗത്തിന്റെ ജോലി, പൗരന്‍മാര്‍ക്ക് വിവിധ സാക്ഷ്യപത്രങഅങള്‍ നല്‍കുന്നതിനായി മാത്രം വിനിയോഗിക്കപ്പെടുകയാണ്. ഏറ്റവും കുറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യത്തിനെങ്കിലും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ എന്ന നിര്‍ബന്ധന ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കുകയും അര്‍ഹതയുള്ളവരില്‍ നിന്ന് അപേക്ഷ
സ്വീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനകളിലൂടെയോ, മറ്റ് ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെയോ അതിന്റെ അര്‍ഹത പരിശോധിക്കപ്പെടുകയും ചെയ്യുക എന്ന മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരുടെ ഒരു മുന്‍ഗണനാ പട്ടിക മുര്‍കൂറായി തയ്യാറാക്കുന്നത് അനാവശ്യമായ ജോലിഭാരം, തര്‍ക്കം, അഴിമതി എന്നിവ ഒഴിവാക്കുന്നതിന് സഹായിക്കും.

  കേരളത്തില്‍ ഭരണ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമായി പ്രവര്‍ത്തിക്കുന്ന റവന്യൂ വകുപ്പിനെ ഉദാഹരിച്ചാല്‍ തന്നെ മേല്‍ കാര്യത്തില്‍ ഒരു ഏകദേശ ചിത്രം ലഭിക്കും. റവന്യൂ വകുപ്പിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളായ  പൊതു റവന്യൂ ഭരണം, റവന്യൂ കളക്ഷന്‍, സര്‍ക്കാര്‍ ഭൂമി സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പകരം വകുപ്പിന്റെ അടിസ്ഥാന യൂണിറ്റായ വില്ലേജ് ഓഫീസുകള്‍ കേവലം സര്‍ട്ടിഫിക്കറ്റ വിതരണ കേവലം സര്‍ട്ടിഫിക്കറ്റ് വിതരണ ഓഫീസുകളായി മാറിയിരിക്കുന്നു.ഒരു പദ്ധതിക്കുള്ള അപേക്ഷകരില്‍ കുറേ പേര്‍ സ്വാവികമായും പ്രാഥമിക പരിശോധനയില്‍ തന്നെ അനര്‍ഹരാണെന്ന് കണ്ടെത്തപ്പെടാം. പക്ഷേ, എല്ലാ അപേക്ഷകരില്‍ നിന്നും ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കാന്‍ ചുമതലപ്പെട്ട ഏജന്‍സി A മുതല്‍Zവരെ വിവരങ്ങള്‍ ആധികാരികതയോടെ ആവശ്യപ്പെടുന്നത് എന്തിനാണ്. അര്‍ഹരായവരുടെ പ്രാഥമിക പട്ടികയില്‍ നിന്നുള്ളവരിലേക്കെങ്കിലും ഇത് പരിമിതപ്പെടുത്താവുന്നതല്ലേ. ഇതൊരു ഉദാഹരണം മാത്രമാണ്. അനാവശ്യമായ ജോലിഭാരവും സമയനഷ്ടവുമില്ലാതെ യാതൊരു ഫലവും ഇല്ലാത്ത ഇത്തരം കാര്യങ്ങള്‍ സിവില്‍ സര്‍വീസിലെ ഒരു വിഭാഗത്തിന് മേല്‍ കെട്ടിവെക്കുന്നത് അവരിലെ തന്നെ മറ്റൊരു വിഭാഗമാണ്. പൗരന്റെ വിശ്വാസ്യതയെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടം മുഖവിലക്കെടുക്കുകയും ഗുണഭോക്താക്കളുടെ അര്‍ഹതാ മാനദണ്ഡങ്ങള്‍, ഓരോരുത്തര്‍ക്കും ലഭിച്ച മുന്‍ഗണനകള്‍ എന്നിവ യഥാവിധി സുതാര്യമായി പരസ്യപ്പെടുത്തുകയും ചെയ്താല്‍ സംസ്ഥാന ഭരണകൂടത്തിന്റെ മനുഷ്യവിഭവ ശേഷിയെ മറ്റൊരു മേഖലയില്‍ ഭരണകൂടത്തിന് ഫലപ്രദമായി ഉപയോഗിക്കാനാകും. കേരളീയ വികസനത്തിന് ഇതും ഒരു  സംഭാവനയാകും. 
  അഞ്ച ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അത്രത്തോളം വരുന്ന സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും വേണ്ടി സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ അന്‍പത് ശതമാനം ചിലവിടുന്നു. സര്‍വീസ് മേഖലയിലെ തട്ടുകളുടെ എണ്ണം കൂടി സര്‍വീസ് മേഖയിലെ ഈ വലുപ്പത്തിനോട് ചേര്‍ത്ത് വെക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഓഫീസിന്റെ പ്രാഥമിക തലത്തില്‍ നിന്ന് ഉടലെടുക്കുന്ന ഒരു വിഷയം കേരളത്തിലെ സെക്രട്ടറിയേറ്റിലെത്തി തീരുമാകുമ്പോഴേക്ക് ഏതാണ്ട് ഇരുപത് തട്ടുകള്‍ കടന്ന് പോകുന്നു എന്ന് കണക്കാക്കപ്പെടുന്നു. അനാവശ്യമായി വിഭവശേഷി തളച്ചിടപ്പെടുകയും പൊതുജനത്തിന് അത്യാവശ്യമായ മേഖലകളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ലഭ്യമല്ലാതാവുകയുമാണ് ഇതിന്റെ ഫലം.. കേരളത്തിന്റെ വികസനത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കേണ്ട  സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനാവശ്യമായ തട്ടുകളിലൂടെ മാത്രം ചലിക്കുന്നത് വികസനത്തിന്റെ ഗതിവേഗം കുറക്കുകയാണ് ചെയ്യുക. അതിനാല്‍ സംസ്ഥാന സിവില്‍ സര്‍വീസിലെ തട്ടുകളുടെ എണ്ണം കുറയേണ്ടത് കേരളീയ വികസനത്തിന് അത്യാവശ്യം തന്നെ. 
 സിവില്‍ സര്‍വീസിന് സമൂഹത്തോടുള്ള ബാധ്യത എന്നത് പരിഗണിക്കപ്പെടാറേയില്ല.അത് സാമൂഹികാവശ്യങ്ങളുടെ ധര്‍മ്മം പരിപാലിക്കേണ്ട വ്യവസ്ഥയാണെന്നതിന് നിഷേധങ്ങളുണ്ടാകേണ്ടതില്ല. സിവില്‍ സര്‍വീസിന് നഷ്‌ടോത്തരവാദിത്തം (Accountability) ഏര്‍പ്പെടുത്തേണ്ടതുണ്ട് എന്നത് ഈ പരിസരത്ത് നിന്ന് ചിന്തിക്കേണ്ടതാണ്. നിയമങ്ങളുടേയും ചട്ടങ്ങളുടേയും അതി ബ്രഹത്തായ വ്യാഖ്യാങ്ങളുടേയും ഇടയില്‍ ഇത്തരം സാധ്യതകള്‍ പരിഗണിക്കപ്പെടണം. വ്യക്തിഗതമായ നഷ്‌ടോത്തരവാദിത്തം നിയമം മൂലം ബാധ്യതപ്പെടുത്തേണ്ടതുണ്ട്. വിവരാവകാശനിയമം അല്‍പം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടുന്നത് ഇത്തരം ബാധ്യതപ്പെടുത്തുല്‍ മൂലമാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 
 സ്വാതന്ത്രൃം ലഭിച്ച് ഇത്ര നാളുകള്‍ക്ക് ശേഷവും നമ്മുടെ നിയമങ്ങളും ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ബ്രിട്ടീഷുകാരന്റെ കാഴ്ചപ്പാടില്‍ നിന്ന് മുക്തമായിട്ടില്ല.ഇന്ത്യന്‍ ശിക്ഷാ നിയമം മുതല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം വരെ സ്വതന്ത്ര ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍കുന്ന ഇത്തരം നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാലാനുസൃത മാറ്റങ്ങള്‍ നിയമങ്ങളിലും ചട്ടങ്ങളിലും യഥാസമയം പ്രായോഗവത്കരിക്കാത്തതിനാലാണ് അപരിഷ്‌കൃതവും അപ്രായോഗികവും ജനദ്രോഹപരവുമായ നിര്‍ദേശങ്ങളും ഉത്തരവുകളും സിവില്‍ സര്‍വീസിലൂടെ പുറത്ത് വരുന്നത്. 
 സര്‍ക്കാര്‍ വകുപ്പുകള്‍ , സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവ ഇന്ന് പ്രവര്‍ത്തന പുരോഗതിയുടേയും അവയുടെ പ്രകടനത്തിന്റേയും പേരില്‍ വിലയിരുത്തപ്പെടുന്നില്ല. സാമ്പ്രദായികമായ ചില പ്രക്രിയകള്‍ ഇക്കാര്യത്തിലുണ്ടെങ്കില്‍ പോലും ഒരു തുറന്ന സമൂഹത്തിന് യോജിച്ച വിധം ഇക്കാര്യങ്ങള്‍ പരിഷകരിക്കപ്പെടണം. സോഷ്യര്‍ ഓഡിറ്റിങ്ങും പെര്‍ഫോര്മന്‍സ് ഓഡിറ്റിങ്ങും നിയമപ്രകാരം നിര്‍ബന്ധമാക്കപ്പെടണം. സിവില്‍ സര്‍വീസിലെ വ്യക്തിഗതമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടണം. ആത്മനിഷ്ഠമാണ് സിവില്‍ സര്‍വീസിലെ ഒട്ടുമിക്ക പേരുടേയും പ്രവര്‍ത്തനമെന്നതിനാല്‍ അത് താരതമ്യം ചെയ്ത് വിലയിരുത്തല്‍ പ്രായോഗികമല്ല എന്ന് പറയപ്പെടാറുണ്ട്. ജോലിയുടെ പ്രകടനത്തെ വിലയിരുത്തുന്ന മാനദണ്ഡങ്ങള്‍ രൂപീകരിക്കപ്പെടുകയും അവലോകനം ചെയ്യപ്പെടുകയും വേണ്ടതുണ്ട്. 
  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള പെരുമാറ്റചട്ടം ഇപ്പോള്‍ പാലിക്കപ്പെടാത്തതും പലപ്പോഴും പ്രായോഗികമല്ലാത്തതുമാണ്. അത് കാലാനുസൃതമായി പരിഷകരിക്കപ്പെടുകയും നടപ്പാക്കുകയും വേണം. ജീവനക്കാരുടെ സ്ഥലം മാറ്റവും നിയമനവുമാണ് സിവില്‍ സര്‍വീസിന്റെ രാഷ്ട്രീയ വിധേയത്വത്തിന് കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിച്ച് കേരളത്തിലെ പൊതുവിദ്യഭ്യാസ വകുപ്പില്‍ അധ്യാപരുടെ സ്ഥലം മാറ്റം പൂര്‍ണ്ണമായും Online വഴിയാക്കപ്പെട്ട ഒരു മാതൃക നിലവിലുണ്ട്. ഈ മാതൃക സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളിലും തസ്തികകളിലും സ്വീകരിക്കപ്പെടണം. അര്‍ഹതപ്പെട്ടയാള്‍ക്ക് സൗകര്യപ്രദമായ നിയമനങ്ങള്‍ ലഭിക്കണം.  അതോടെ ബാഹ്യശക്തികള്‍ ഈ രംഗത്ത് ഇടപെടുന്നത് അവസാനിക്കും. സിവില്‍ സര്‍വീസിലുടനീളം സ്ഥലം മാറ്റത്തില്‍ നിന്നും നിര്‍ഭയത്വം നല്‍കാന്‍ ഇത്തരം നടപടികള്‍ സഹായകരമാകും.
 കേരളത്തിലെ നന്‍മയെ സ്‌നേഹിക്കുന്ന സാമൂഹിക ഐക്യനിരക്കും സിവില്‍ സര്‍വീസിന്റെ പരിഷകരണത്തിന് സംഭവനകള്‍ നല്‍കാനാകും. പൊതു സമൂഹത്തിന്റെ പണവും യവജനങ്ങളുടെ സംഘാടനവും കൊണ്ട് ഇക്കാര്യത്തില്‍ കേരളത്തിലൊരു മാതൃക സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. യുവജന ശക്തിയും സംഘാടനവും കൊണ്ട് സിവില്‍ സര്‍വീസിനെ ശുദ്ധീകരിക്കാനാകും .
 പരമ്പരാഗത പ്രക്ഷോഭങ്ങളുടെ പഴയ മാതൃകകള്‍ക്കപ്പുറം പുതിയ വഴികളും അന്വേഷിക്കേണ്ടതുണ്ട്. ക്രിയാത്മകവും പ്രായോഗികവുമായ അത്തരം ഇടപെടലുകളായിരിക്കും നാളത്തെ കേരളത്തെ മുന്നോട്ട് നയിക്കുക.
 സിവില്‍ സര്‍വീസിലെ ഒരു വലിയ വിഭാഗം ജോലിയെങ്കിലും അത്ര വൈദഗ്ദ്യമൊന്നും ആവശ്യപ്പെടുന്നതല്ല. സാമൂഹിക കൂട്ടായ്മകളുടെ ശ്രമദാന സേവനങ്ങള്‍ കൊണ്ട് സിവില്‍ സര്‍വീസിന്റെ ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയും. വിശദാoശങ്ങള്‍ രൂപീകരിക്കപ്പെടേണ്ടതുണ്ടെങ്കിലും സേവന സന്നദ്ധരായ യുവാക്കളുടെ കര്‍മശേഷിയെ സിവില്‍ സര്‍വീസിന് ഉപയോഗപ്പെടുത്താനാകുമോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
 സംസ്ഥാന സിവില്‍ സര്‍വ്വീസിലെ സ്ഥിര നിയമനങ്ങളോടൊപ്പം ആനുപാതികമായ താത്കാലിക നിയമനങ്ങളും പരിഗണിക്കപ്പെടണം. സിവില്‍ സര്‍വീസിന്റെ അടിസ്ഥാന യൂണിറ്റുകളിലാകണം ഇത്തരം നിയമനങ്ങള്‍.സിവില്‍സര്‍വ്വീസ് വെളിച്ചം കടന്ന് ചെല്ലാനാവാത്ത ഉരുക്കുമതിലിനാല്‍ ചുറ്റപ്പെട്ടതിനും ഇതിന്റെ നിഗൂഢതയുടെ പരിവേഷത്തിനും സ്ഥിര നിയമനങ്ങള്‍ക്ക് ഒരു പങ്കുണ്ടാകാം. നിശ്ചിത ശതമാനം താത്കാലിക നിയമനങ്ങള്‍ അധികമായി നടത്തി നാടിന്റെ വര്‍ത്തമാന സ്പന്ദനങ്ങളെ സിവില്‍ സര്‍വീസ് തൊട്ടറിയട്ടെ. വിദ്യഭ്യാസത്തിന്റെ ഒരു നിശ്ചിത ഘട്ടം കഴിഞ്ഞിറങ്ങുന്നവര്‍ക്കുള്ള നിര്‍ബന്ധ പരിശീലനങ്ങളായി ഈ നിയമനങ്ങളെ മാറ്റിതീര്‍ക്കാം. ഇരുമ്പകോട്ടക്കുള്ളില്‍ അഭിനവ രാജാക്കന്‍മാര്‍ എന്താണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരളത്തിലെ വലിയൊരു വിഭാഗം പുതുതലമുറ അറിയാനിടയാകട്ടെ. അവര്‍ക്കത് നാളെയുടെ ജീവിതത്തില്‍ ഉപകാരപ്പെടും. ഇത്തരം പ്രായോഗിക പരിശീലന പരിപാടികള്‍ സുതാര്യതയിലേക്കുള്ള ഒരു കിളിവാതിലെങ്കിലുമായിത്തീരും.
 വികസനത്തിന് പണം വേണം. അത് കണ്ടെത്തേണ്ടതും സിവില്‍ സര്‍വീസിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും സുതാര്യതയും നികുതി പിരിവിനെ ഊര്‍ജ്ജിതപ്പെടുത്തു. നികുതി ഇതര റവന്യൂ വരുമാനത്തില്‍ വര്‍ധനവ് വരുത്താനും കാര്യക്ഷമമായ സിവില്‍ സര്‍വീസിലൂടെ കഴിയും. നികുതി എന്നത് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയാമെന്ന് പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. സുതാര്യമായ ഭരണ സമ്പ്രദായത്തിലൂടെ മാത്രമേ അത്തരം ബോധ്യങ്ങള്‍ നിലനിര്‍ത്താനാകൂ.
 സമൂഹം നീതിയുക്തമായി നയിക്കപ്പെടണം. നീതി ധര്‍മ്മത്തിന്റെ സംഭാവനയാണ്. ധാര്‍മ്മികത വ്യക്തിയുടേയും സമൂഹത്തിന്റേയും അളവുകോലാകണo. സ്വഭാവികമായും സിവില്‍ സര്‍വീസും ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ പുനരാവിഷ്‌കരിക്കപ്പെടണം. വികസനം നീതി നിഷ്ഠമാകണമെങ്കിലും ധാര്‍മ്മികത അത്യാവശ്യം തന്നെ. ധാര്‍മ്മികതയുടെ അടിസ്ഥനത്തില്‍ വികസനം പുനര്‍ നിര്‍വ്വചിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും വേണം. വികസനത്തിന്റെ നിര്‍വഹണ വിഭാഗങ്ങളും തദ്വാരാ പുന:സംഘടിപ്പിക്കപ്പെടും. സിവില്‍ സര്‍വ്വീസിന്റെ വികസന കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും അപ്പോള്‍ സാമൂഹിക അംഗീകാരം നേടും. അതിന് വ്യക്തി മുതല്‍ ഭരണകൂടം വരെ പുതിയ കാഴ്ചപ്പാടിനും നീതിയുടെ സംസ്‌കാരത്തിനുമായി പുനരര്‍പ്പണത്തിന് ഒരുങ്ങേണ്ടതുണ്ട്.

Wednesday, March 23, 2011

വീണ്ടും ഒരു തിരഞ്ഞെടുപ്പ്





ഒരു തിരഞ്ഞെടുപ്പ് കൂടി വിളിപ്പാടകലെ എത്തിയിരിക്കുന്നു. അയ്യഞ്ചാണ്ടു കൂടുമ്പോഴുള്ള കേവല വാര്‍ഷിക മാമാങ്കങ്ങളായി ഇവയെ കണക്കാക്കി നിസ്സംഗരും നിസ്സഹായരുമായി വോട്ട് കുത്തുന്ന നിഷ്‌ക്രിയതയുടെ ആവര്‍ത്തനങ്ങളായി ഇനിയും നാം തിരഞ്ഞെടുപ്പുകളെ വരവേല്‍ക്കാനൊരുങ്ങരുത്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അഴിമതിയുടെ നാണം കെട്ട കഥകള്‍ കണ്ടും കേട്ടും അനുഭവിച്ചും കഴിയുന്ന ഒരു ജനതയെന്ന നിലയില്‍ നാളെ ഒരു നല്ല പുലരി സ്വപ്നം കാണാനെങ്കിലും നമുക്ക് കഴിയേണ്ടതുണ്ട്.
മനുഷ്യരെല്ലാം ഒരിക്കലും തിന്‍മയെ സ്‌നേഹിക്കുന്നവരല്ല. മറിച്ച് അവരില്‍ മഹാ ഭൂരിപക്ഷവും നന്മ പുലരണമെന്നാഗ്രഹിക്കുന്നവരാണ്. തിന്മ ചെയ്യുമ്പോഴും അത് മറച്ച് വെച്ച് ചെയ്യപ്പെടുന്നവര്‍ ഉണ്ടാകുന്നത് അതിനാലാണ്. പക്ഷേ, നമ്മിലെ നന്മയെ നാം പ്രലോഭിപ്പിച്ചേ മതിയാകൂ.
നമ്മുടെ നന്മകളെ ചൂണ്ടി നേതാക്കന്‍മാരുടെ തിന്‍മകളെ ചോദ്യം ചെയ്യാന്‍ നമുക്ക് കഴിയണം.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറയുന്നത് പോലെ കട്ട് മുടിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് ഒത്താശ പാടുന്നവരും അവരോട് ശിപാര്‍ശകള്‍ക്കായി അലയുന്നവരുമായി നാം നമ്മെ മാറ്റിക്കൂടാ. നമ്മെ നാം തിരിച്ചറിയേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.നിയമവിധേയമായ എല്ലാ കാര്യങ്ങളും ഒരു സാധാരണ പൗരന്റെ അവകാശങ്ങളും അധികാരങ്ങളും ഉപയോഗിച്ച് നേടിയെടുക്കാന്‍ നമുക്ക് കഴിയണം. നിയമ വിരുദ്ധമായ നമ്മുടെ ആവശ്യങ്ങളെ മാറ്റിവെക്കാന്‍ നാം തയ്യാറാവണം.
ഇനി നമുക്ക് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്.നന്മകളെ മുന്‍നിര്‍ത്തി ആ നന്മകളിലേക്ക് മടങ്ങാന്‍ സമൂഹം അവരോട് ആവശ്യപ്പെട്ടാല്‍ സങ്കുചിത താല്‍പര്യങ്ങള്‍ക്കപ്പുറം ജനങ്ങളുടെ ജനപക്ഷ താല്‍പര്യങ്ങളെ അവര്‍ക്ക് അവഗണിക്കാന്‍ കഴിയില്ല.
മൂല്യങ്ങളിലേക്കുള്ള മടക്കം എന്നത് മനുഷ്യനിലേക്കുള്ള മടക്കമാണ്. നമ്മുടെതായ സ്വാര്‍ത്ഥതകളെ തട്ടിമാറ്റി സമൂഹത്തിന്റെ ക്ഷേമത്തിനെ മുന്‍ നിര്‍ത്താന്‍ നമുക്ക് കഴിയുക എന്നതാണ് യഥാര്‍ത്ഥ മനുഷ്യത്വം.
നമുക്ക് ബദലുകളെക്കുറിച്ചും ആലോചിക്കാവുന്നതാണ്. പരമ്പരാഗതമായി പാടിപുകഴ്ത്തി സിംഹാസനങ്ങളില്‍ അരിയിട്ട് വാഴിച്ച ആശയങ്ങളേയും ആദര്‍ശങ്ങളേയും നിലപാടുകളേയും വ്യക്തികളേയും നമുക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്തി പരിശോധിക്കാവുന്നതാണ്. സമൂഹത്തിന്/എനിക്ക് അത് എന്ത് നന്മകള്‍ നല്‍കി എന്ന് ആലോചിക്കാവുന്നതാണ്. അതോടൊപ്പം ഉയര്‍ത്തപ്പെടുന്ന ബദലുകള്‍ ഇവയ്ക്ക് എന്ത് പരിഹാരം നല്‍കും എന്നും നാം ആലോചിക്കണം. അങ്ങിനെ നമ്മുടെ ബദലുകളെ നാം തന്നെ കണ്ടെത്തണം.
നാം നിരാശപ്പെടേണ്ടതില്ല. ചരിത്രത്തില്‍ പ്രതീക്ഷകള്‍ പൂവണിയാതിരുന്നിട്ടില്ല. ഏകാധിപത്യത്തിന്റെ കല്‍തുറുങ്കുകള്‍ തകര്‍ത്താണ് മുല്ലപ്പൂവിന്റെ സൗരഭ്യം ലോകം മുഴുവന്‍ പരക്കുന്നത് എന്നതിന് വര്‍ത്തമാനലോകം പോലും സാക്ഷിയാണ്. പ്രതീക്ഷാ നിര്‍ഭരമായി പ്രവര്‍ക്കുക. പുതിയ സ്വപ്നങ്ങള്‍ കണ്ട് മുന്നോട്ട് നീങ്ങുക. സ്വപ്നങ്ങള്‍ കാണുന്നവനേ അത് യാഥാര്‍ത്ഥ്യമാക്കാനാവൂ.


Sunday, January 16, 2011

പേര്



കടപ്പാടിന്റെ പുസ്തകത്തില്‍
നിന്റെ പേര്....

ഇനി ഓര്‍മ്മകളുടെ
പുതു വസന്തം തീര്‍ക്കാന്‍
നിനക്കെന്നെ ഓര്‍ക്കാതിരിക്കാനാകുമോ.....

വേണ്ട.
എനിക്കോ നിനക്കോ കഴിയാത്തത്
സ്വപ്‌നത്തില്‍ പോലും
മറക്കാന്‍ കഴിയാത്തത്

നമുക്ക് മിണ്ടിയും പറഞ്ഞും
പിണങ്ങിയും ഇണങ്ങിയും
ഇനിയും ചിലത് പറഞ്ഞും
വീണ്ടും കടപ്പാടിന്റെ പുസ്തകത്തില്‍
പേര് ചേര്‍ക്കാം.

Wednesday, January 5, 2011

ആര്‍ക്കു വേണ്ടി ഈ കേരളോത്സവം


കേരളീയ യുവത്വത്തിന്റെ കലാ-കായിക വസന്തമാകേണ്ട ഒരു കേരളോത്സവത്തിന് തിരുവനന്തപുരം ആതിയേത്വം വഹിക്കുകയാണ്. ഇന്ന്‌ സംസ്ഥാന കേരളോത്സവത്തിന് കൊടിയിറങ്ങും.ആശ്ചര്യകരമെന്ന് പറയെട്ടെ, വര്ത്തമാന കേരളീയ യുവത്വം പോലെ നിഷ്ക്രിയവും നിരാലംബവുമാണ് കേരളോത്സവും.

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്ഡ്,തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരാണ് കേരളോത്സവത്തിന്റെ മുഖ്യ സംഘാടകര്‍.സംഘാടകരുടെ പിടിപ്പുകേടിനപ്പുറം കേരളീയ യുവതക്ക് ഇത് തന്നെ ഇത് തന്നെ ധാരാളം എന്ന് കരുതുന്ന മാധ്യമങ്ങളും കെട്ടുകാഴ്ചകള്ക്ക് ഉത്തരവാദികള്തന്നെ.

മാധ്യമ കാഴ്്ചകളുടെ നിറ സാന്നിദ്ധ്യമുള്ളത്് കൊണ്ടായിരിക്കണം ഇതാദ്യമായി വര്ഷത്തെ കേരള ചലച്ചിത്രോത്സവ പ്രതിനിധികള്ക്ക് സോളിഡാരിറ്റി പോലും അഭിവാദ്യമറിയിക്കാന്ബാനറുകള്നിരത്തി.ദൗര്ഭാകരമെന്നോണം യുവജന ക്ഷേമ ബോര്ഡിലെ പാര്ട്ടി സഖാക്കളല്ലാതെ മറ്റാരും കേരളോത്സവ വേദിയിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല.

പരിപാടികളുടെ താളക്രമം തെറ്റിയത് മുതല്തുടങ്ങുന്ന കല്ലുകടികളും,ശുഷ്കമായ സദസ്സുകളും,പല ഇനങ്ങളിലും നിലവാരമില്ലാത്ത അവതരണങ്ങളും കലാ മത്സരങ്ങളില്കാണപ്പെട്ടു.കായിക മത്സരങ്ങള്ക്ക് നിലവാരമില്ലാത്ത സ്റ്റെഡിയം തന്നെ തിരന്ഞ്ഞെടുത്ത്‌ സംഘാടകര്തങ്ങളുടെ ഉത്തരവാദിത്തം തീര്ത്തു.സിന്തറ്റിക്ക് ട്രാക്കുള്ള യൂനിവേര്സിറ്റി സ്റ്റെഡിയം ഉണ്ടായിരിക്കെ സെന്ട്രല്സ്റ്റെഡിയത്തിലെ പുല്ലിലേക്കും കല്ലിലേക്കും മത്സരാര്‍ത്ഥികളെ കൊണ്ടുവരെണ്ടതില്ലായിരുന്നു.കാലില്ചെരുപ്പ് പോലും ഇല്ലാതെ ഓട്ട മത്സരത്തിയവരെ അവിടെ കാണാനായി.വിജയികളെ കാത്ത്‌ അവിടെ ഒരു മാധ്യമപ്പടയും ക്യാമറ ഫ്ലാഷുമായി നിരന്നില്ല.

മാധ്യമ ശ്രദ്ധയാണ് എന്ന് കേരളത്തിലെ ഇതൊരു പരിപാടിയുടെയും പ്രാഥമിക അളവുകോലായി സൂചിപ്പിക്കപ്പെടുന്നത്.തിരുവനന്തപുരം ജില്ല സ്കൂള്കലോത്സവത്തിന് മാധ്യമങ്ങള്അനുവദിച്ച സ്ഥലം പോലും സംസ്ഥാന കേരളോത്സവത്തിന് പത്ര മാധ്യമങ്ങള്നല്കിയിട്ടില്ല.വെറുതെയല്ല , സര്ക്കാരും ഇതൊരു വഴിപാട്തീര്ക്കാനുള്ള ഉത്സവം പോലെ കൊണ്ടാടുന്നത്.

ഒരു സമൂഹത്തിലെ യുവാക്കളെ വിനോദോപാധികളില്തളച്ചിടുകയാണ് സാമൂഹിക തിന്മകള്ക്കെതിരെ യുവാക്കള്രംഗത്തിറങ്ങാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി എന്ന നിരീക്ഷണം ഏറെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒരു സമൂഹത്തിന്റെ സാംസ്കാരികമായ വളര്ച്ച തടയുന്നതിനും കലാപരവും ചിന്ടപരവുമായ നന്മകളെയും ഉന്നതിയെയും തടയുന്നതിനും സമൂഹത്തിലെ യുവാക്കല്ക്കായി ചില വഴിപാട്ഉത്സവങ്ങള് നടത്തിയാല്മതി എന്ന് പുതിയ പ്ലാറ്റോമാര്പഠിപ്പിച്ച സിദ്ധാന്തമാണോ ആവോ.

കഴിവുള്ളവരും ചിന്ടിക്കുന്നരും ഉയര്ന്നു വരുന്നത് നമ്മുടെ പരമ്പരാഗത പ്രസ്ഥാനക്കാര്ക്ക് എന്നും ഭീഷണിയാണല്ലോ.

Friday, December 31, 2010

കൂട്ടുകാരിയുടെ ഓര്‍മ്മ



കിളി കൂട്ടിയ കൂട്
കുഴിയാനയുടെ കുഴി പോലെ
അത്ര ചെറുതായിരിക്കില്ല.

അടുപ്പം കാട്ടാന്‍ കൂട്ടുകാരില്ലാത്തപ്പോള്‍
ഹൃദയം വിശാലമാക്കുന്നത്
ആരെയും പ്രതീക്ഷിച്ചായിരിക്കില്ല.

നീ ഏകനാക്കിയത്, എന്നെയോ.....
ഞാന്‍ ഏകയാക്കിയത്,
നിന്നെയോ.......

ഉത്തരം തേടാന്‍ നാം
ശ്രമിക്കാതിരുന്നതിന്
ആര്‍, ആരെയാണ് ചോദ്യം ചെയ്യുന്നത്.

നിന്റെ
നിശ്വാസങ്ങള്‍
കാതില്‍ മുഴങ്ങുന്നു.

പുറപ്പെട്ട് പോയവന് തിരികെയെത്താന്‍
ഒട്ടേറെ ഭയക്കേണ്ടി വരുമെന്ന്
ഞാനറിയുന്നു.

സോദരീ......ചൊല്ലു,.....നീ....
ഞാനല്ല,നീയല്ല.......നാമല്ലൊരിക്കലും
ഈ കൂടും,കൂടിന്റെ കൂട്ടുകാരും.....

നമ്മെ ഉപേക്ഷിക്കാന്‍
കാരണമെന്നതും
ലോകം പറഞ്ഞും അറിഞ്ഞും നടിച്ചതും

ഇല്ല,തിരിച്ചു പോക്കില്ല ഒരിക്കലും
ഭാവി മാത്രം മുന്നിലാ
നീണ്ടു കിടക്കുന്നു.

നന്ദി,....വേണ്ടാ.......എങ്കിലും
പറയട്ടെ
ഈ കടപ്പാടിന്റെ വിരല്‍തുമ്പ്.

Sunday, December 26, 2010

ഞാനും - 2


ഞാന്‍ പ്രസാദവാനായി.
സന്തോഷം എനിക്കാദ്യമായിരുന്നു.

അഹഌദം പ്രകടിപ്പിക്കാന്‍
എനിക്ക് ഏകനായേ പറ്റൂ..

ഞാന്‍ പിറകോട്ട് നീങ്ങി.
കൂടുതല്‍.......കൂടുതല്‍.......

ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നും
ദുഃഖങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി.

വയ്യ......എനിക്ക് വികാരങ്ങള്‍
ബാധ്യതയാവാന്‍ തുടങ്ങുന്നു.
എന്റെ തിരിച്ചറിവുകള്‍
എന്നെ എന്നിലേക്ക് മടക്കുകയാണ്.


Sunday, December 5, 2010

ഇല്ല . . . . കണ്ണാടിക്ക് ഒന്നും പറയാനില്ല.



പെരുമകളുടെ ചങ്ങാതിക്കാലമാണിത്. ശുദ്ധ സൌഹൃദവും ആദര്‍ശവും ചങ്ങാതിക്കൂട്ടങ്ങളുടെ നിലപാടുകളായിരുന്ന കാലം വിദൂര സ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. കടങ്കഥകള്‍ കള്ളക്കഥകള്‍ പറയുന്ന കാലമാണിത്. പഴഞ്ചൊല്ലുകള്‍ക്ക് മറുചൊല്ലുകളുണ്ടാകുമ്പോള്‍ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിയേണ്ടിവരുന്നു. നിരന്തരമായ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ഒരു ചൊല്ല് രൂപപ്പെട്ടതും പ്രചരിക്കപ്പെട്ടതുമെങ്കില്‍ അതിന്റെ മറുചൊല്ലുo അങ്ങനെതന്നെ ആയിത്തീരണം. അതിവേഗതയുള്ള ജീവിത പരിസരങ്ങളാണ് കൂട്ടിനുള്ളതെന്നതിനാല്‍ അതിവേഗതയില്‍ പുതിയ ചൊല്ലുകളും മറുചൊല്ലുകളും സൃഷ്ടിക്കാന്‍ ഇന്ന് കഴിയുന്നതില്‍ അത്ഭുതവുമില്ല.
ഉത്തരം കിട്ടാത്ത സമസ്യാപൂരണമായിരുന്നില്ല ചങ്ങാതിയെ കണ്ണാടിയോടുപമിച്ച പഴയ മനസ്സിന്റ ലക്ഷ്യം. മറിച്ച് അത് യാഥാര്‍ത്ഥ്യവും ജീവിതാനുഭവവുമായിരുന്നു. ആദര്‍ശ പരമായ ചങ്ങാത്തത്തെക്കുറിച്ച് വിശുദ്ധ വാക്യങ്ങള്‍ ജീവിതാനുഭവങ്ങളിലൂടെ കണ്ടറിഞ്ഞിരുന്നു. അപകടങ്ങള്‍ വാരിക്കുഴികളായി മുന്നില്‍ നില്‍ക്കുമ്പേള്‍ അത് കണ്ടറിയുകയും മുന്നറിയിപ്പ് നല്‍കുകയും ആപത്തിലകപ്പെടാതെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന ചങ്ങാതിക്കൂട്ടങ്ങള്‍ ഓര്‍മ്മ മാത്രമായെന്ന് പറയുന്നത് അതിശയോക്തിയാകും. പക്ഷേ, നിറം മങ്ങിയ ഓര്‍മ്മകള്‍ പോലെ വല്ലപ്പോഴും മാത്രം കഴിയുന്ന ഒന്നായി അത് മാറിപ്പോയിരിക്കുന്നു എന്നത് നഗ്ന സത്യമായി മാറിയിരിക്കുകയും ചെയ്യുന്നു.
പണം ഒരു മാനദണ്ഡമായത് ഇന്ന് മാത്രമല്ല. എല്ലാ കാലത്തും അത്തരം പണജീവിതങ്ങള്‍ ജീവിതം ഹോമിച്ചിരുന്നു. പക്ഷേ, അതൊരു സമൂഹത്തിന്റെ പൊതുജീവിതധാരയായിരുന്നില്ല. അതിനുവേണ്ടിയുള്ള നിരന്തരമായ സമരമാണ് ജീവിതമെന്ന് ആരും പറഞ്ഞ് പഠിപ്പിച്ചിരുന്നില്ല. ക്ഷുഭിത യൌവനം കുരുതി നല്‍കി, മരവിപ്പ് ബാധിച്ച മനസ്സുകള്‍ സ്വന്തമാക്കാന്‍ മത്സരിക്കുന്ന അവസ്ഥ വ്യാപകമായിരുന്നില്ല.
ഇതൊരു ചങ്ങാതിക്കാലമാണെന്ന പ്രസ്താവന ഒരിക്കലും അതിശയോക്തിയല്ല. ആഘോഷങ്ങളുടെ ചങ്ങാതിക്കാലം എന്ന് തിരുത്തിപ്പറഞ്ഞാലും തെറ്റല്ല. ആഘോഷങ്ങളാണ് ചങ്ങാതികളെ നിര്‍ണ്ണയിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരവസരം. ലഹരിയുടെ സുഖം തേടാനും മദ്യത്തിന്റെ രുചി നുണയാനും ഇത്തരം ചങ്ങാതിക്കൂട്ടങ്ങള്‍ വേദിയാകുന്നു എന്നതും ഒരു വാസ്തവം. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്യ്രം ആഗ്രഹിക്കുന്ന തലമുറ എന്ന വിശേഷണത്തില്‍ നിന്ന് അത് അനുഭവിച്ച തലമുറയായി മാറാനുള്ള കുതിപ്പായി അതിനെ വിശേഷിപ്പിക്കാം.
കണ്ണാടി പ്രതിഫലിപ്പിക്കേണ്ടുന്ന ഒന്നാണ്. ഇല്ലാത്ത ഒന്ന് പ്രതിഫലിപ്പിക്കാനാവില്ല. നന്മയെ പ്രതിഫലിപ്പിക്കാന്‍ നമ്മുടെ ചങ്ങാതികള്‍ക്ക് കഴിയുന്നുണ്ടോ, ചോദ്യമോ, ചങ്ങാതിക്കൂട്ടങ്ങള്‍ അതിന് ഉത്സുകരാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അരിക് വത്കരണത്തിന്റെ
സൂചനകളല്ല. ഒറ്റപ്പെടുത്താനുള്ള ചോദ്യങ്ങളുമല്ല. സമൂഹത്തിന്റെ മുന്നോട്ടുപോക്കില്‍ ആര്‍ക്കാണ് കൂടുതല്‍ സ്വാധീനം ചെലുത്താനാകുക എന്ന അന്വേഷണത്തിന്റെ ഭാഗം മാത്രമാണിത്. ആത്മവിശ്വാസത്തോടെ നാളയെ നേരിടാന്‍ ആര്‍ക്കെല്ലാം കഴിയുമെന്ന അന്വേഷണം സാമൂഹിക പുരോഗതിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നവരുടെ അന്വേഷണത്തിന്റെ ഭാഗമാകുന്നത് സ്വാഭാവികം മാത്രമാണ്.


യുവതയുടെ സ്വപ്നങ്ങളാണ് സമൂഹത്തിന്റെ സ്വപ്നങ്ങളാകുന്നത്, യുവാക്കളുടെ കര്‍മ്മശേഷിയാണ് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ടത്. ലോകം തങ്ങളെയല്ല മാറ്റുകയെന്നും മറിച്ച് തങ്ങളാണ് ലോകത്തെ മാറ്റുകയെന്നും ഉറപ്പിച്ച് പറയാനാവുക ഈ യുവശക്തിക്ക് മാത്രമാണ്. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ തങ്ങളെ ബാധിക്കാത്ത പുഴുക്കുത്തുകളും കീടബാധകളുമാണ് എന്നതും തങ്ങളതിന്റെ കീടനാശിനികളാകാന്‍ തയ്യാറുള്ളവരാണെന്നതും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത യുവാക്കള്‍ക്കുള്ളതാണ്. ഒഴുക്കിനെതിരെ നീന്താനാവുക തങ്ങള്‍ക്കാണെന്നും, ഒഴുക്കിനൊപ്പം പോവുന്ന പൊങ്ങുതടികളാകാന്‍ തങ്ങില്ലെന്നും പറയേണ്ടത് യുവാക്കള്‍ തന്നെയാണ്.
നമുക്ക് പുന:രര്‍പ്പണം ചെയ്യേണ്ടതുണ്ട്. തന്നിലേക്ക് മാത്രം ചുരുങ്ങാതെ നമ്മുടെ നന്മകള്‍ ഈ ലോകത്തോളം വിശാലമാകേണ്ടതുണ്ട്. അതൊരിക്കലും എളുപ്പമായിരിക്കില്ല. ത്യാഗം ആവശ്യപ്പെടാത്ത ഒന്നും ഭൂമുഖത്തില്ല. ആര്‍ക്കുവേണ്ടി ത്യജിക്കുന്നു എന്നതല്ല എന്തിനുവേണ്ടി ത്യജിക്കുന്നു എന്നതും തീര്‍ച്ചയായും പ്രസക്തവും പരിശോധിക്കപ്പെടേണ്ടതുമാണ്. മനുഷ്യനുവേണ്ടി പ്രകൃതിക്ക് വേണ്ടി ദൈവത്തിന് വേണ്ടി നമുക്ക് മാറ്റിവയ്ക്കാനും ത്യാഗപ്പെടാനും കഴിയണം. അപ്പോള്‍ നമ്മളില്‍, ചങ്ങാതികളില്‍, ചങ്ങാതിക്കൂട്ടങ്ങളില്‍ പുതിയ പ്രകാശം കടന്നുവരും. അതൊരിക്കലും അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. അവരില്‍ നിന്ന് അവരുടെ കൂട്ടുകാരിലേക്ക്, അവരില്‍ നിന്ന് . . . . അത് തുടരുക തന്നെ ചെയ്യും. ആ പകര്‍ച്ച നമ്മെ, നമ്മുടെ സമൂഹത്തെ മാറ്റിത്തീര്‍ക്കും. അതൊരിക്കലും പരാജയപ്പെട്ടിട്ടില്ല. നന്മ ഒരിക്കലും പ്രസരിക്കാതിരുന്നിട്ടില്ല.
നമ്മുടെ ചങ്ങാതികളും ചങ്ങാതിക്കൂട്ടങ്ങളും നമ്മുടെയെല്ലാം തന്നെ ഇരുളില്‍ തിളങ്ങുന്ന നക്ഷത്രങ്ങളും നക്ഷത്രക്കൂട്ടങ്ങളുമാകട്ടെ. അതെ, അത് എപ്പോഴും പ്രകാശം പരത്തുകയും ചുറ്റുമുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യട്ടെ.
ഈ ചങ്ങാതിക്കാലത്ത് കണ്ണാടിക്ക് ഒന്നും പറയാനുണ്ടാകില്ല.
ദയ, സ്നേഹം, നീതി, കരുണ തുടങ്ങി നന്മകളുടെ സുഗന്ധം പരന്ന് ജീവിതത്തിന് സൌരഭ്യമുണ്ടായി. അത് ജീവിതത്തിലും സമൂഹത്തിലും പ്രതിഫലിപ്പിക്കട്ടെ എന്നതൊഴിച്ച്.