Sunday, November 28, 2010

കേള്‍വി വൈകല്യത്തെ അതിജയിക്കുക

ജന്മനാ ഉള്ള കേള്‍വി വൈകല്യത്തെ അതിജയിക്കുക എന്നത് മാതാപിതാക്കളുടെയോ അല്ലെങ്കില്‍ അതത് കുടുംബങ്ങളുടെയോ മാത്രം ആവശ്യമായി വരികയാണിന്ന്. ഏതുതരം വൈകല്യമായാലും അതിന്റെ അതിജീവനം ഒരു സാമൂഹിക ആവശ്യമായി മാറുമ്പോഴാണ് അത് കൂടുതല്‍ പ്രായോഗികമാവുക. ബധിരര്‍ക്കുള്ള ഭാഷ എന്നത് ആംഗ്യഭാഷയാണ് എന്ന പൊതുകാഴ്ചപ്പാട് നമ്മുടെ സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.

'അന്ധതയെക്കാള്‍ ഞാന്‍ വെറുക്കുന്നത് ബധിരതയാണ്' എന്ന വചനം ഹെലന്‍ കെല്ലറുടേതാണ്. ആശയവിനിമയത്തിന്റെ പരമപ്രധാന ഉപാധികളായ കേള്‍വിയും ഭാഷയും നഷ്ടപ്പെടുന്നു എന്നതുതന്നെ ആയിരിക്കണം ഈ പ്രസ്താവനയുടെ നിദാനം. അതോടൊപ്പം ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ ആശയവിനിമയത്തിന്റെ അഭാവം ഏറെ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും അത് ഭാവിയുടെ സാധ്യതകളെ തടയുകയും ചെയ്യുന്നു. ഒരു കുട്ടിയുടെ പ്രായത്തിനും വളര്‍ച്ചക്കും കേള്‍വി ശക്തിക്കും അനുസരിച്ച് ഫലപ്രദമായ രീതിയില്‍ പരിശീലനം നല്‍കുകയാണെങ്കില്‍ ജന്മനാ ബധിരനാണെങ്കിലും, അവനെ/അവളെ കുറെയെങ്കിലും ആശയവിനിമയത്തിന് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാക്കാനാകും.

കേള്‍വിക്കുറവ് തങ്ങളുടെ കുട്ടിക്കുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്ന സ്ഥിതിയാണ് പൊതുവെ കണ്ടുവരുന്നത്. ഒന്നര-രണ്ട് വയസ്സായിട്ടും കുട്ടി സംസാരിക്കാതിരിക്കുകയും ശബ്ദങ്ങളോട് വേണ്ടത്ര പ്രതികരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അത് ക്രമേണ ശരിയാകും എന്ന കാഴ്ചപ്പാട് സ്വീകരിക്കുന്നവരാണ് ഭൂരിഭാഗവും.അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് / രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങളുടെ ആധിക്യത്തില്‍ പ്രത്യേക തീരുമാനങ്ങളിലെത്തിച്ചേരാതെയോ, ഒരേ സമയം ഒട്ടേറെ തീരുമാനങ്ങളെടുത്തോ കാലം കഴിക്കുമ്പോള്‍ വൈകല്യത്തെ അതിജീവിക്കാനുള്ള പരിശീലനത്തിനുള്ള സമയം നഷ്ടപ്പെടുത്തുകയാണ് .മനസ്സിലാക്കേണ്ട പ്രധാന വസ്തുത, വളരെക്കുറച്ച് പേര്‍ക്കേ പൂര്‍ണമായ ബധിരത ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നതും, വളരെ ഗുരുതരമായ രീതിയില്‍ കേള്‍വി വൈകല്യമുള്ളവരും (90%ത്തിന് മുകളില്‍) ഗുരുതരമായി കേള്‍വി വൈകല്യമുള്ളവരും (90%ത്തില്‍ താഴെ) ആയിരിക്കും കൂടുതല്‍ പേരും എന്നതുമാണ്. ചിലപ്പോള്‍ ഇരു ചെവികളുടെയും ശ്രവണശക്തിയും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ, വലിയ ശബ്ദങ്ങളോട് ചിലര്‍ പ്രതികരിക്കുകയും ചെയ്യുന്നു. ഈ പ്രതികരണം തെറ്റിദ്ധരിക്കപ്പെടുകയും കുഞ്ഞിന് കേള്‍വിയുണ്ട് എന്ന ധാരണയിലെത്താന്‍ പ്രേരണയാവുകയും ചെയ്യുന്നു.

ഭാഷ പഠിക്കാന്‍
കേള്‍വി ഇല്ലാതെ ഭാഷ പഠിക്കാനാകില്ല അഥവാ സംസാരിക്കാനാകില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈകുന്നതാണ് കേള്‍വി വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ നേരിടുന്ന പ്രധാന പ്രശ്നം. കുട്ടി സംസാരിക്കാന്‍ വൈകുമ്പോള്‍ കുടുംബത്തിനകത്തെ അന്ധവിശ്വാസങ്ങള്‍ പൊടിതട്ടിയെടുക്കപ്പെടുന്നു. അവസാനം കുട്ടിക്ക് ആശയവിനിമയത്തിന് ആവശ്യമായ ഭാഷ സ്വായത്തമാക്കാന്‍ പരിശീലനം നല്‍കേണ്ട യഥാര്‍ത്ഥ കാലയളവ് പിന്നിട്ട ശേഷമാണ് ബധിരത ഒരു യാഥാര്‍ത്ഥ്യമായും,കുട്ടിക്ക് ആശയവിനിമയത്തിന് ഭാഷ മരീചികയായതിന്റെ ഫലമായി ആംഗ്യഭാഷ സ്വീകരിക്കാനും ഇടയാകുന്നത്.

നമ്മുടെ പൊതുവിദ്യാഭ്യാസത്തില്‍ പോലും ഭാഷാ പഠനത്തിന്റെ അടിസ്ഥാന തത്വമായി സ്വീകരിക്കപ്പെടുന്നത് LSRW കാഴ്ചപ്പാടാണ്. കേട്ട് മനസ്സിലാക്കുക (Listen), സംസാരിക്കുക (Speak) വായിക്കുക(Read), എഴുതുക (Write) എന്ന ക്രമമാണ് ഭാഷാ പഠനത്തിന്റെ വഴിയെന്നാണ് പറയപ്പെടുന്നത്. ഒരു സാധാരണ കുട്ടിക്ക് ഭാഷാ പഠനത്തിന് ബോധപൂര്‍വ്വമല്ലെങ്കിലും ഈ സൌകര്യം ലഭ്യമാണ്. എന്നാല്‍, ശ്രവണ വൈകല്യമുള്ള കുട്ടികളെ സംബന്ധിച്ച നമ്മുടെ സാമൂഹിക ധാരണ ആദ്യം സംസാരിക്കുക എന്നതാണ്. അതിനാല്‍ തന്നെ കേള്‍വി ഇല്ലാത്ത കുട്ടി സംസാരിക്കാത്തതിനാല്‍ കേള്‍ക്കട്ടെ എന്ന് തീരുമാനിക്കുന്നതിന് പകരം ആംഗ്യത്തിലൂടെ ആശയവിനിമയം നടത്താം എന്ന എളുപ്പ വഴിയാണ് സ്വീകരിക്കുന്നത്. ഇത് ആശയവിനിമയത്തിന് ഭാഷ ഉപയോഗിക്കാനും സ്വീകരിക്കാനുമുള്ള കുട്ടിയുടെ നൈസര്‍ഗികമായ താല്‍പര്യത്തെയും കഴിവിനെയും നശിപ്പിക്കുന്നു.

കേള്‍വിക്കുറവ് തിരിച്ചറിയാന്‍

കുഞ്ഞിന് കേള്‍വിക്കുറവുണ്ടോ എന്ന സംശയമുണ്ടെങ്കില്‍ തന്നെ ഒരു ഓഡിയോളജിസ്റിന്റെ സഹായത്തോടെ കുട്ടികളുടെ കേള്‍വി പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. കേള്‍വിക്കുറവ് ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ഏറ്റവും യോജിച്ച ശ്രവണ സഹായി തിരഞ്ഞെടുക്കാന്‍ ഓഡിയോളജിസ്റ് നമ്മെ സഹായിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓഡിയോളജിസ്റിന്റെ സേവനം ലഭ്യമാണ്. പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഇപ്പോള്‍ ഈ സൌകര്യം ലഭിക്കുന്നുണ്ട്.
എത്ര നേരത്തേ കേള്‍വിക്കുറവ് കണ്ടെത്താനാകുന്നുവോ അത്രയും നല്ലത്. തുടര്‍ന്ന് ശ്രവണസഹായി ഘടിപ്പിച്ച് കുട്ടിക്ക് ശബ്ദം അനുഭവിപ്പിക്കാന്‍ കഴിയുന്നു. അതോടെ മാത്രമേ ശബ്ദം എന്ന യാഥാര്‍ത്ഥ്യം കുട്ടി തിരിച്ചറിയുന്നുളളു. ജന്മനായുളള കേള്‍വി ശക്തിക്ക് ഒരിക്കലും ബദലാവുകയില്ല യന്ത്രങ്ങള്‍. അതിനാല്‍ തന്നെ ശ്രവണ സഹായി ഉപയോഗിച്ച് കുട്ടികള്‍ക്ക് ചിട്ടയായ പരിശീലനം നല്‍കിയാല്‍ മാത്രമേ ആശയവിനിമയത്തിന് ഭാഷ സ്വായത്തമാക്കാനാകു.സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി എന്നിവയിലൂടെ കുട്ടികളുടെ സാമൂഹികവും സാംസ്കാരികവുമായ ഭാഷയും നടപടികളും കൈവരിക്കാനാകുന്നു.ഇതിലൂടെ കുട്ടി സമൂഹത്തിന് മുതല്‍ക്കൂട്ടാവുകയാണ് ചെയ്യുന്നത്.'കേള്‍വിക്കുറവുളള കുട്ടികള്‍ക്ക് അനുസരണയുണ്ടാകില്ല' എന്ന പൊതു പ്രയോഗം സമൂഹത്തില്‍ നിലനില്‍ക്കുന്നത് അവര്‍ക്ക് യഥാര്‍ഥത്തില്‍ ആശയവിനിമയം അസാധ്യ മായതിനാലാണെന്നാണ് മനസിലാക്കേണ്ടത്. ആശയവിനിമയം സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ കൂടി പരിശീലനം നല്‍കി പൂര്‍ത്തിയാകുമ്പോള്‍ മേല്‍പ്പറഞ്ഞ അബദ്ധധാരണകള്‍ തിരുത്താനാകും.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് മൈസൂര്‍(IISH Mysore-
, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് തിരുവനന്തപുരം (NISH Thiruvananthapuram -
എന്നിവിടങ്ങളില്‍ കേള്‍വി പരിശോധന, പ്രീ സ്കൂള്‍ സൌകര്യം എന്നിവ വ്യവസ്ഥാപിതമായി ലഭിക്കുന്നുണ്ട്. കേള്‍വി പരിശോധന, ശ്രവണ സഹായി, സ്പീച്ച് തെറാപ്പി എന്നീ രംഗങ്ങളില്‍ ചില സ്വകാര്യ സംരംഭങ്ങളിലെങ്കിലും നിലനില്‍ക്കുന്ന കഴുത്തറപ്പന്‍ ചൂഷണവും അശാസ്ത്രീയതയും മേല്‍ സ്ഥാപനങ്ങളെ കൂടുതല്‍ പ്രസക്തമാക്കുന്നു. ഇവയുടെ മേഖല / പ്രാദേശിക കേന്ദ്രങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങേണ്ടതുണ്ട്.
നമുക്കുചുറ്റും എപ്പോഴെങ്കിലും നാം കണ്ടുമുട്ടാറുള്ള കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്ക് ആംഗ്യഭാഷ കാണിക്കാതെ അവര്‍ക്ക് നമ്മെപ്പോലെ എങ്ങനെ ഭാഷ ആശയവിനിമയത്തിന് ഉപയോഗിക്കാനാകും എന്ന ചിന്തയാണ് നമ്മില്‍ നിന്നും ഉണ്ടാകേണ്ടത്. വൈകല്യം അതിജയിക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

ഇത് അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ്.നമ്മുടെ കുട്ടി നമ്മുടേത് മാത്രമല്ല, മറിച്ച് സമൂഹത്തിന്റെ ഭാഗവും കൂടിയാണ്.ദയവായി നമ്മുടെ അസൌകര്യങ്ങളുടെ പേരില്‍ ഒരു ഭാവി ജീവിതത്തെ നിസ്സാരമാക്കരുത്.

താഴെക്കാണുന്ന ലിങ്കുകള്‍ ഇക്കാര്യത്തില്‍ ചില കാഴ്ചപ്പാടുകള്‍ നല്‍കും.


4 comments:

  1. Informatory.thanks my dear friend

    ReplyDelete
  2. very good article-thanks bilal

    ReplyDelete
  3. ഒരു ചെവിയുടെ കേള്വികുറവ് 103.3 ഉം മറ്റെ ചെവിയിലേത് 16.2 ഉമായാല്‍ അത് ഇതിലെ ഏത് ബധിരത എന്ന ഇനത്തിലാണ്‌ പെടുക? ഇതിന് ചികിത്സ ഉണ്ടോ?

    ReplyDelete
    Replies
    1. Degree of hearing loss Hearing loss range (dB HL)
      Normal –10 to 15
      Slight 16 to 25
      Mild 26 to 40
      Moderate 41 to 55
      Moderately severe 56 to 70
      Severe 71 to 90
      Profound 91+

      ചികിത്സ എന്നത് കൊണ്ട് മരുന്ന് ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇല്ല എന്നാണ് എന്റെ അറിവ്.
      മോഡേണ്‍ മെഡിസിന്‍ പ്രകാരം ശസ്ത്രക്രിയ ഒരു ചികിത്സയാണ്.

      Delete