Thursday, December 18, 2014

സര്‍വ്വീസ് പരിഷ്‌കരണം ഒരു ജനാധിപത്യ പ്രക്ഷോഭമാണ്


സാമൂഹ്യശാസ്ത്രപരമായി ഔപചാരിക സംഘടന എന്ന നിര്‍വചനത്തില്‍ ഒരു പ്രത്യേക ലക്ഷ്യത്തിനായി ബോധപൂര്‍വ്വം പടുത്തുയര്‍ത്തിയ സാമൂഹിക ഘടകം എന്ന അര്‍ത്ഥത്തിലാണ് ബ്യൂറോക്രസിയെ രാഷ്ട്രമീമാംസകര്‍ വിവക്ഷിച്ചിട്ടുള്ളത്. ഇത് വ്യത്യസ്ത സംഘടനകളെ പരാമര്‍ശിക്കുന്ന കേവല പദമല്ല. രാഷ്ട്രങ്ങളുടെ ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകളിലെ ബുദ്ധിപരമായ വിവേചനം വേണ്ടുന്ന ചുമതലകള്‍ നിര്‍വഹിക്കുന്ന മനുഷ്യജീവികളെ വിശേഷിപ്പിക്കുന്നതിനാണ് ബ്യൂറോക്രസി എന്ന പദം ഉപയോഗിക്കാറുള്ളത്. ആധുനിക ഗവണ്‍മെന്റുകളുടെ വളര്‍ച്ച ബ്യൂറോക്രസിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയുടെ അനിവാര്യമായ സംഘടനാ ഘടകം കൂടിയാണിത്.
തൊഴില്‍ വിഭജനം, അധികാര ഘടന, ഓരോ അംഗത്തിന്റേയും പദവിയും ധര്‍മ്മവും, ഓരോരുത്തരും തമ്മിലുള്ള ബന്ധത്തെ വ്യവസ്ഥാപിതമാക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ എന്നിവയാണ് ബ്യൂറോക്രസിയുടെ ഘടനാപരമായ സവിശേഷതകള്‍. അത്യന്തം വികസിതമായ തൊഴില്‍ വിഭജനവും ജോലി വൈദഗ്ദ്യവുമാണ് ഇതിന്റെ മൗലിക ലക്ഷണങ്ങളാകേണ്ടത്. ഓരോ പദവിയുടേയും ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച സൂക്ഷമവും വിശദവുമായ നിര്‍വ്വചനങ്ങളിലൂടെയാണ് ഈ തൊഴില്‍ വിഭജനം സാധിക്കുന്നത്. ഭരണപരമായ ചട്ടങ്ങളിലൂടെ നിര്‍ണ്ണയിക്കുന്ന നിശ്ചിതാധികാര മേഖലകള്‍ എന്ന തത്വമനുസരിച്ചാണ് ഓരോ പദവിക്കും ജോലികള്‍ നീക്കിവെക്കുക. ഭരണ നിയമ നിര്‍മ്മാണ പ്രക്രിയയുടെ കൃത്യതയെ സംബന്ധിച്ച വിശ്വാസത്തില്‍ അധികാരം നിയമ സാധൂകരണം തേടുന്നു.
പരീക്ഷകളുടേയും യോഗ്യതകളുടേയും അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ നിയമന സമ്പ്രദായവും യുക്തിസഹമായ വകുപ്പ് വിഭജനവും ഇതിന്റെ സവിശേഷതയാണ്. പൊതുഭരണം എല്ലാ പൗരന്‍മാര്‍ക്കും വേണ്ടിയുള്ള നിഷ്പക്ഷ സംഘടനയാണ് എന്നതാണ് സങ്കല്‍പ്പം. കൃത്യനിര്‍വഹണത്തിനിടയിലെ എല്ലാതരം വ്യതിചലനങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും ബ്യൂറോക്രസിയെ സംരക്ഷിക്കേണ്ടതാണ് എന്ന ബോധ്യവും ഇത്തരം സങ്കല്‍പ്പങ്ങളില്‍ നിന്നും ഊരവം കൊണ്ടതാണ്.
നിയമ നിര്‍മ്മാണം, കാര്യനിര്‍വഹണം, നീതിന്യായം ഇവയുടെ അര്‍ത്ഥപൂര്‍ണ്ണമായ സങ്കലനത്തിലൂടെയാണ് സാമൂഹിക സംവിധാനങ്ങളുടെ ആരോഗ്യകരമായ വികാസവും സംരക്ഷണവും നടക്കുക. ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ നിഷ്പക്ഷവും കാര്യക്ഷമവുമായ ഭരണനിര്‍വഹണ വിഭാഗത്തിന്റെ അനിവാര്യത മാറ്റിവെക്കാനാവുന്നതല്ല.
നാട്ടുരാജ്യങ്ങളും വലിയ സാമ്രാജ്യങ്ങളുമെല്ലാമായി രാജാക്കന്‍മാരും ചക്രവര്‍ത്തിമാരുമെല്ലാം ഈ നാട് ഭരിച്ചപ്പോഴും അതാത് കാലഘട്ടങ്ങളിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കാര്യനിര്‍വഹണ വിഭാഗം നിലനിന്നിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസം അവരുടെ ഭരണ സംവിധാനത്തെ നിലനിര്‍ത്താനുതകുന്ന ബ്യൂറോക്രസിയെ സംവിധാനിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ പരിതസ്ഥിതികളിലേക്ക് നാമതിനെ സ്വാംശീകരിച്ചു. അടിമ-ഉടമാ ബന്ധത്തിന്റെ ഫ്യൂഡല്‍ മനോഭാവങ്ങള്‍ സ്വതേ നിറഞ്ഞുനിന്നിരുന്ന ബ്യൂറോക്രസി ജനാധിപത്യ ഭരണ സംവിധാനത്തിലേക്ക് കടന്നുവന്നു. മാറുന്ന സാമൂഹിക സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടും അതിനെ സവിശേഷമായി അഭിമുഖീകരിച്ചും ഈ സംവിധാനത്തെ ഏറ്റവും ചലനാത്മകമായ ഒന്നായി നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. സാമൂഹിക ഘടനയുടെ അവിഭാജ്യ ഘടകമായി ഇതിനെ അംഗീകരിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ ദൈനംദിന പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടും വേഗത്തിലും ന്യായത്തിലുമുള്ള തീര്‍പ്പുകളിലൂടെ ഭരണ നിര്‍വ്വഹണ വിഭാഗം അതിന്റെ ഉത്തരവാദിത്തങ്ങളുടെ പ്രായോഗിക മാതൃകകള്‍ കാഴ്ചവെക്കുന്നു.

സിവില്‍  സര്‍വ്വീസ് എന്ന് പറയപ്പെടുന്ന ഭരണനിര്‍വ്വഹണ വിഭാഗത്തിന്റെ പരിഷ്‌കരണങ്ങളുമായി  ബന്ധപ്പെട്ട ബോധപൂര്‍വ്വമായ ഒട്ടേറെ ശ്രമങ്ങള്‍ കേരളത്തിലും ഉണ്ടായിട്ടുണ്ട്. 1957 ലെ ഇ.എം.എസ്. കമ്മിറ്റി, 1965 ലെ എം.കെ.വെള്ളോടി കമ്മിറ്റി, 1997 ലെ ഇ.കെ.നായനാര്‍ ചെയര്‍മാനായ ഭരണ പരിഷ്‌കരണ കമ്മിറ്റി എന്നിവയുടെ ഉദ്ദേശങ്ങള്‍ ഇവയുടെ പുനഃസംവിധാനങ്ങളെ സംബന്ധിച്ച ആലോചനകളും അഭിപ്രായങ്ങളും തന്നെയായിരുന്നു.
ജനാധിപത്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ടും തൊഴില്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടും പൊതുസേവന ഇടങ്ങളുടെ കാര്യക്ഷമത തന്നെയായിരുന്നു എല്ലായിപ്പോഴും ചര്‍ച്ചയ്ക്ക് വന്നിരുന്നത്. അതാത് കാലത്തെ ഭരണ-നിയമ പരിഷ്‌കരണങ്ങളെ അഭിമുഖീകരിച്ച് പുതിയ മാറ്റങ്ങള്‍ക്കുള്ള വിചാരങ്ങള്‍ നല്‍കാന്‍ ഇത്തരം കമ്മിറ്റികള്‍ക്ക് കഴിഞ്ഞുവെങ്കിലും പ്രായോഗികമായി ഈ കമ്മിറ്റികള്‍ നിര്‍ദേശിച്ച വിഷയങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുന്നോട്ട് പോകാന്‍ ഏറെയൊന്നും കഴിഞ്ഞില്ല. പ്രായോഗികമായ സമീപനങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കാനും കഴിഞ്ഞിട്ടില്ല.
1997 ല്‍ രൂപീകരിക്കുകയും 2000 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത ഭരണ പരിഷ്‌കരണ കമ്മിറ്റി മുമ്പാകെ  ജീവനക്കാരെ പ്രതിനിധീകരിച്ച് ഹാജരായത് 11 സംഘടനകള്‍ മാത്രമായിരുന്നു.  എന്നാല്‍ നടപ്പിലാക്കപ്പെട്ട 9 ാം ശമ്പള പരിഷ്‌കരണ കമ്മീഷനുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയ സംഘടനകളുടെ എണ്ണം മുന്നൂറോളമാണ്. പരിഷ്‌കരണ ശ്രമങ്ങളെ തുറന്ന മനസ്സോടെയും പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കും വിധവും സ്വീകരിക്കാന്‍ ജീവനക്കാര്‍ക്ക് എത്രത്തോളം കഴിഞ്ഞു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. തൊഴില്‍പരമായ ഉന്നതി എന്നത് തന്റെ  മേഖലയുടെ പ്രവര്‍ത്തനക്ഷമതയുടെ അളവുകോലായി കണക്കാക്കപ്പെടുന്നതില്‍ ജാഗ്രതയോടെയുള്ള സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ ജീവനക്കാര്‍ വിജയിച്ചിട്ടില്ല. അതിനാലാണ് ആവര്‍ത്തന വിരസതയുള്ള വാക്കുകളും പദാവലികളും കൊണ്ട് ഈ മേഖല വിമര്‍ശനാത്മകമായി നിരൂപണം ചെയ്യപ്പെടുമ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്ന് കാണിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെടുന്നത്.
കേരളത്തിന്റെ സാമൂഹിക വികസനത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതില്‍ കൃത്യമായി പങ്കുവഹിച്ച ഘടകമാണ് കേരളത്തിന്റെ പൊതു സേവന മേഖലകള്‍. പൊതു വിദ്യാഭ്യാസവും ഭൂപരിഷ്‌കരണവും ആരോഗ്യ മേഖലയുമെല്ലാം ശ്രദ്ധിക്കപ്പെടും വിധം ഗുണപരമായ സദ്ഫലങ്ങള്‍ക്ക് ഹേതുവായിത്തീരുന്നതില്‍ കേരളത്തിന്റെ സിവില്‍ സര്‍വ്വീസും പൊതു വിദ്യാഭ്യാസ മേഖലയും പൊതു മേഖലയുമെല്ലാം വഹിച്ച പങ്കിനെ വിസ്മരിക്കുക സാധ്യമല്ല. പക്ഷേ, കേരളത്തിന്റെ സാമൂഹിക ശാസ്ത്ര പഠനങ്ങളില്‍ ഈ ക്രിയാത്മക ഇടപെടലുകളെ ഒന്നുകില്‍ പരിഗണിക്കാതിരിക്കുകയോ അല്ലെങ്കില്‍ വിമര്‍ശനാത്മകമായി പരാമര്‍ശിച്ച് വിട്ടുകളയുകയോ ആണ് ചെയ്യാറുള്ളത്. സ്വാഭാവികമായി രൂപപ്പെടുന്ന ചില നിര്‍ദ്ദോശമായ പരാമര്‍ശങ്ങള്‍ മാത്രമായി ഇതിനെ കാണാനാകില്ല. മറിച്ച്, പ്രവര്‍ത്തനങ്ങളേക്കാളുപരി മനോഭാവങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും മേല്‍ക്കൈ ലഭിക്കുന്നതിന്റെ ഫലമാണിത്.
സിവില്‍ സര്‍വ്വീസിനെ സംബന്ധിച്ച നിരൂപണാത്മകമായ പരാമര്‍ശങ്ങളെ പൊതു സേവന ഇടങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പൗരാവശ്യങ്ങളുമായി ബന്ധപ്പെട്ട് സമീപിക്കുന്ന പക്ഷം ഇതിലെ വിമര്‍ശനങ്ങളെ തല്‍കാലം ശ്രദ്ധിക്കാതിരിക്കാനാകും. അപ്പോഴും മൗലികമായ ചില വിഷയങ്ങളില്‍ സവിശേഷമായ ശ്രദ്ധ പതിയേണ്ടതുണ്ട്.
നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച ചര്‍ച്ചയാണ് അതില്‍ പ്രധാനം. രോഗിക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കാമെന്നും രോഗിയുടെ കൂട്ടിരിപ്പുകാരന് കൂടി മികച്ച സൗകര്യം ലഭിക്കാന്‍ സ്വകാര്യ  ആശുപത്രിയാണ് സൗകര്യപ്രദമാണെന്ന മനോഭാവം മുതല്‍ സേവന സംസ്‌കാരത്തിന്റെ രീതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കാവുന്നതാണ്. വിശ്വാസ്യതയും പ്രതിബദ്ധതയും ഗുണമേന്മയുമുള്ള സേവന ഇടങ്ങളില്‍  പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്തത മുതലുള്ള പ്രശ്‌നങ്ങള്‍ ഏറെയാണ്. അതോടൊപ്പം തന്നെയാണ് ഇവിടങ്ങളിലെത്തുന്ന സാധാരണക്കാരന് ലഭിക്കുന്ന സ്വീകരണത്തെ സംബന്ധിച്ച ആക്ഷേപങ്ങളേയും കൈകാര്യം ചെയ്യേണ്ടിവരുന്നത്. ഇത്തരം പ്രശ്‌നങ്ങളെ സമതുലിതമായി ബോധ്യപ്പെടുത്തി മുന്നോട്ട് പോകുന്നതില്‍ സംഘടിത തൊഴില്‍ മേഖലയില്‍ നിന്നും വ്യാപകമായ ശ്രമങ്ങള്‍ ഉണ്ടായില്ല എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്നതില്‍ കാര്യമില്ല.
തൊഴിലിടങ്ങളിലെ പരിമിതികളെ സംബന്ധിച്ച് ബോധ്യമുള്ള ജീവനക്കാരന്‍ ഉപഭോക്താവിന് അത് യഥാവിധി പകര്‍ന്ന് നല്‍കിയിരുന്നുവെങ്കില്‍ അതിന്റെ നവീകരണം വലിയ അര്‍ത്ഥത്തില്‍ സാമൂഹിക ചര്‍ച്ചകളിലെത്തുകയും അതിന് ഫലപ്രാപ്തി ലഭിക്കുകയും ചെയ്യാന്‍ വലിയ സാധ്യതകളുണ്ടായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരന്റെ ഓഫീസ് കുടുസ്സുകള്‍ പുറം ലോകത്ത് വിപുല ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നതില്‍ ഏറെ മുന്നോട്ട് കൊണ്ട് പോകാന്‍ ജീവനക്കാരുടെ സംഘടിത ശ്രമങ്ങള്‍ക്കായിട്ടില്ല. സേവന വേതന വ്യവസ്ഥകളെ സംബന്ധിച്ച വിഷയങ്ങളുടെ ന്യായങ്ങള്‍ നിരന്തരമായി  ബോധ്യപ്പെടുത്താന്‍ ശ്രമിച്ച അധ്വാനശേഷിയുടെ അല്‍പ്പം ഇപ്രകാരം തൊഴിലിടങ്ങളിലെ പരിമിതികളെ സംബന്ധിച്ച പൊതുചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കുന്നതില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അതിന് ഗുണപരമായ ഫലങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞേനെ.
ഏറ്റവും മികച്ച സൗകര്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ ജോലി എന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ ജോലിയെ സംബന്ധിച്ച് വെച്ചുപുലര്‍ത്തുന്നത്. പൊതു സമൂഹത്തിന്റെ ഈ ധാരണയെ അന്തസ്സിന്റേയും അഭിമാനത്തിന്റേയും പ്രതീകമായി കണക്കാക്കി പരിമിതികളെ ചര്‍ച്ചക്ക് വിധേയമാക്കാന്‍ കഴിയാതെ പോയത് ഒരു വീഴ്ചയാണ്. പൊതുസേവന ഇടങ്ങളുടെ അനിവാര്യത ബോധ്യപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്ത് ജീവനക്കാരുടേയും അധ്യാപകരുടേയും ആവശ്യങ്ങള്‍ പൊതു ആവശ്യങ്ങളായി മാറുന്നതില്‍ പരാജയങ്ങളുണ്ടാകുന്നത് ശുഭ സൂചനകളല്ല. ഇത് തിരിച്ചറിഞ്ഞ് ഇതിനെ അര്‍ത്ഥപൂര്‍ണ്ണമായി മറികടക്കാന്‍ കഴിയുന്നതിന് ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ജനപക്ഷത്ത് നില്‍ക്കുന്ന സിവില്‍ സര്‍വ്വീസിനെ ബോധ്യപ്പെടാനാരംഭിക്കുക.
നിയമങ്ങളുടേയും ചട്ടങ്ങളുടേയും പ്രായോഗികതയില്‍ തടസ്സങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. അത് ഒഴിവാക്കാന്‍ കാലാനുസൃതമല്ലാത്ത നടപടിക്രമങ്ങളും പരമ്പരാഗതമായി തുടര്‍ന്നുവരുന്ന രീതികളും മറികടക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടാകണം. മാറേണ്ടത് മാറ്റുന്നതിന് വേഗതയാര്‍ന്ന തീരുമാനങ്ങള്‍ ഉണ്ടാകണം. നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളുമെല്ലാം സാമൂഹികമായ ഇടപെടലുകളെ തുറസ്സാക്കുന്നതാകണം. ഇടുങ്ങിയ മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധമുള്ള സമീപനങ്ങള്‍ ഇക്കാര്യങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല.
മാറുന്ന ജീവിത കാഴ്ചപ്പാടുകള്‍, അവയുടെ ഫലമായുണ്ടായ പുതിയ അഭിരുചികള്‍, അവയുമായി ബന്ധപ്പെട്ടുണ്ടായ സാമൂഹിക ചലനങ്ങള്‍ ഇവയൊന്നും അഭിമുഖീകരിക്കാതെ മുന്‍പ് നിശ്ചയിക്കപ്പെട്ട അതേ വഴിയിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പരിമിതികളാണ് സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. പുറംലോകത്ത് സാധാരണക്കാരന് ലഭിക്കുന്ന സേവനങ്ങളിലെ വേഗതയും കൃത്യതയും പണം കൊടുത്തു വാങ്ങുന്ന ഉപഭോക്താവിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ്. സാങ്കേതിക വിദ്യയുടെ യഥാവിധിയുള്ള ഉപയോഗം നിമിത്തമാണ് അവിടങ്ങളില്‍ ആകര്‍ഷകമാകുംവിധം സേവന ഇടങ്ങള്‍ സജ്ജീകരിക്കപ്പെടുന്നത്. എന്നാല്‍, പശ്ചാത്തല സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ മേഖല വളരെ പിറകില്‍ നില്‍ക്കുന്നു എന്ന് മാത്രമല്ല, വിവര സാങ്കേതിക വിദ്യ തൊഴിലിടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കപ്പുറം പ്രായോഗിക മാതൃകകള്‍ വ്യവസ്ഥാപിതമാക്കുന്നതില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുമില്ല.
സുതാര്യതയാണ് ഒരു ഭരണസംവിധാനത്തിന്റെ ജനാധിപത്യപരമായ ഉള്‍ച്ചേരലിന്റെ തെളിവായി മാറേണ്ടത്. സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വിജയിച്ചിരുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞേനെ. ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളില്‍ പോലും അത്തരമൊരു സമീപനം സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അര്‍ഹതയുള്ളത് അതിജീവിക്കുമെന്ന പ്രമാണപ്രകാരം അര്‍ഹത തെളിയിക്കാനുള്ള അവസരങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ഈ സംവിധാനത്തിന്റെ നിഷ്പക്ഷത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സുതാര്യത ഉറപ്പ് വരുത്തുക എന്നതാണ്. അതിലേക്കുള്ള നടപടികളുടെ ഗതിവേഗം കൂട്ടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.
കാലതാമസം മുതല്‍ അഴിമതി വരെ നീളുന്ന പരാതികള്‍ ഈ മേഖലയെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങളെല്ലാം ഇത്തരം പ്രതിലോമപരമായ മനോഭാവങ്ങളെ  മാത്രം പ്രതിനിധീകരിക്കുന്നവയാണ് എന്ന് ഉന്നയിക്കപ്പെടാറുമില്ല. ഒരു ന്യൂനപക്ഷത്തിന്റെ അരുതായ്മകള്‍ ഈ മേഖലയെ വല്ലാതെ ആക്ഷേപങ്ങള്‍ക്കിടയാക്കുന്നു എന്ന വസ്തുതയെ, ഒരു പുതിയ മുഖം നല്‍കി മറുപടി പറയാന്‍ കഴിയുംവിധം പൊതുധാരണകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയങ്ങളുണ്ടായിട്ടുണ്ട്.
വിമര്‍ശനങ്ങളെ പ്രതിരോധിക്കേണ്ടതും പുതിയ കാഴ്ച്ചപ്പാടുകളും പ്രവര്‍ത്തന സംസ്‌കാരവും നല്‍കി അഴിച്ചു പണിയുന്നേടത്തും തൊഴിലുടമക്കെന്നപോലെ തൊഴിലാളിക്കും വലിയ പങ്കുണ്ട്. സര്‍ക്കാര്‍ സേവന മേഖലകളേയും ഓഫീസുകളേയും ആധുനികവത്കരിക്കുന്നതിലും പുതിയ പ്രവര്‍ത്തന ശൈലിയും നടപടിക്രമങ്ങളും നിര്‍ണ്ണയിക്കുന്നതിലും ഭരണനേതൃത്വം  മുന്‍കൈയ്യെടുക്കണം. അതോടൊപ്പം തന്നെ ദൈനംദിന കാര്യനിര്‍വ്വഹണം നടത്തുന്ന ഓരോ ജീവനക്കാരനും ഇത് സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടുകളിലേക്ക് മാറുന്നതിനും പ്രാധാന്യമുണ്ട്. മനുഷ്യവിഭവശേഷിയുടെ കുറവ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പലതിലും യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഇവയെ കൃത്യമായി ക്ലിപ്തപ്പെടുത്തി പരിഹാര നിര്‍ദ്ദേശങ്ങളുണ്ടാകുന്നതിലും അധിക തസ്തികകളുടെ കാര്യത്തിലും സമഗ്രമായ സമീപനം സ്വീകരിക്കുന്നതിനും കഴിയാതെ പോയിട്ടുണ്ട്. വകുപ്പ്/കാറ്റഗറി/തസ്തികകളുടെ സങ്കുചിത താല്‍പര്യങ്ങള്‍ ഇതിന് പ്രതിബന്ധമായിരുന്നോ എന്നും ഇതിനെ മറിക്കടക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമെന്തെന്നും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. സ്റ്റേറ്റ് സിവില്‍ സര്‍വ്വീസിന്റെ രൂപീകരണത്തിലേക്കുള്ള ആദ്യചുവടുമായി എല്ലാ ജീവനക്കാരുടേയും സ്ഥാനക്കയറ്റ സാധ്യതകളെ കൂടുതല്‍ ഫലപ്രദമാക്കും വിധമുള്ള ഒരു സംവിധാനവും ആലോചനകള്‍ക്ക് വിധേയമാക്കണം. 1956-ല്‍ സംസ്ഥാന സെക്രട്ടറിയേറ്റിനകത്ത് ഉണ്ടായിരുന്ന പത്ത് വകുപ്പുകള്‍ പലമടങ്ങായി വര്‍ധിച്ചത് സാമൂഹിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഉന്നത തസ്തികകള്‍ പത്തിരട്ടിയിലധികം വര്‍ദ്ധിക്കുകയും എന്നാല്‍ ഇത് താഴ്ന്ന തസ്തികകളില്‍ അത് പ്രതിഫലിക്കാതിരിക്കുകയും ചെയ്യുന്നതിന് ഫീല്‍ഡ് വകുപ്പുകളിലും സമാനതകള്‍ കാണാനാകും. ദൈനംദിന ഭരണത്തെ പൊതുസമൂഹവുമായി അടുപ്പിക്കുന്ന ചെറിയ യൂണിറ്റുകളായ പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളുടെ ആധുനികവത്കരണവും സര്‍ക്കാര്‍ ഓഫീസുകളുടെ പശ്ചാത്തല ഭൗതിക സാഹചര്യങ്ങളുടെ വികസനവും മനുഷ്യ വിഭവശേഷിയുടെ ശരിയായ വികേന്ദ്രീകരണവും സമഗ്രമായ ആലോചനകളിലൂടെ നടക്കേണ്ടതുണ്ട്.
പൊതു ചിലവിനങ്ങളിലെ ഭീമമായ ഒരു ശതമാനക്കണക്കിനെ ചൂണ്ടി ഭരണ നിര്‍വ്വഹണ വിഭാഗത്തിന്റെ ചിലവുകളെ പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്ന ആശാസ്യമല്ലാത്ത പ്രവണതയും നിലനില്‍ക്കുന്നുണ്ട്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ രൂപീകരണവും നടത്തിപ്പും മേല്‍നോട്ടവും മുതല്‍ സാമൂഹ്യക്ഷേമ മേഖലകള്‍ വരെ നിലനില്‍ക്കേണ്ടത് പൊതു ആവശ്യമായിരിക്കുകയും, അതൊരു ജനാധിപത്യ ഭരണ സംവിധാനത്തിന് ഒഴിവാക്കാന്‍ പാടില്ലാത്തതുമായിരിക്കെ ഇത്തരം പ്രതിലോമപരമായ പ്രചാരണങ്ങളുടെ ഉദ്ദേശശുദ്ധി സംശയിക്കത്തക്കതാണ്. പൊതുസേവകനെന്ന നിലയില്‍ സിവില്‍ സര്‍വ്വീസിലേക്ക് കടന്നുവരുന്ന ഓരോരുത്തരും അവരവരുടെ പൗരാവകാശങ്ങള്‍ പോലും അടിയറ വെക്കാന്‍ ബാധ്യസ്ഥരാണ്. രാഷ്ട്രീയ സാമൂഹ്യ അഭിപ്രായ സ്വാതന്ത്ര്യങ്ങളെ പോലും ഒഴിവാക്കി സര്‍ക്കാര്‍ ജോലിയിലേക്ക് കടന്ന് വരുന്നവരുടെ സാമൂഹ്യ സുരക്ഷിതത്ത്വത്തിന്റെ ഭാഗമായിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തെ സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ നിലവിലെ കാഴ്ചപ്പാടുകള്‍ ഒരു പുനരാലോചനക്ക് വിധേയമാക്കേണ്ടതിന്റെ അനിവാര്യത ഇപ്രകാരം തിരിച്ചറിയണം.
സര്‍ക്കാര്‍ സേവന ഇടങ്ങളിലുള്ള എല്ലാതരം സേവനങ്ങളേയും വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകും വിധം മുഴുസമയ സേവനത്തിന്റെ  പ്രയോജനം കിട്ടുംവിധം സംവിധാനിക്കണം. അതോടൊപ്പം തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ  ജീവനക്കാരുടെ പ്രവര്‍ത്തന സമയം, പ്രവര്‍ത്തി ദിനങ്ങള്‍, ഹാജര്‍  രേഖപ്പെടുത്തുന്ന രീതി ഇവക്കെല്ലാം കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

സവിശേഷമായ രീതികളും സംവിധാനങ്ങളും വഴി ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ശാക്തീകരണത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി ഉണ്ടാകേണ്ട ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സാമൂഹിക ബാധ്യതയാണ്. ഇവ ഏറ്റെടുത്ത് നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. അവര്‍ ഭരണകൂടത്തിന്റെ നയം രൂപീകരിക്കുന്നേടത്ത് അഭിപ്രായങ്ങളറിയിക്കുന്നവരാണ്. ഭരണ നേതൃത്വത്തിന്റെ പദ്ധതികളും പരിപാടികളും കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്നവര്‍. അതിന്റെ വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കാന്‍ കഴിയുന്നവര്‍. അതിനാല്‍ ജനപക്ഷത്ത് നിന്നുള്ള രാഷ്ട്രീയ സമീപനങ്ങള്‍ ഭരണകൂടത്തിന്റെ  നയമായി  മാറ്റാന്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ സര്‍വീസ് ഒരു ജനപക്ഷ രാഷ്ട്രീയമാണ് എന്ന അടിസ്ഥാനത്തെ ഉറപ്പിക്കാന്‍ കഴിയുന്നവനാണ്. അതിനപ്പുറം ജനാധിപത്യത്തെക്കുറിച്ച് പൗരന്റെ മോഹങ്ങള്‍ക്കും ആശകള്‍ക്കും നിറവും മണവും രൂപവും നല്‍കാന്‍ കഴിയുന്നവര്‍. അതുമായി ബന്ധപ്പെട്ട എല്ലാ ആശങ്കളേയും പൊതു സാമൂഹിക ജീവിതത്തില്‍ അപ്രസക്തരാക്കാന്‍ കഴിയുന്നവര്‍.
ജനാധിപത്യം; അതിന്റെ ശക്തിയും ദൗര്‍ബല്യവും ജനങ്ങളാണ്. ജനകീയ ഹിതത്തെ ഏറ്റവും മികച്ചതും സാമൂഹ്യ കാഴ്ച്ചപ്പാടുള്ളതുമായ ആശയമായി പരിവര്‍ത്തിപ്പിക്കാന്‍ ജനക്കൂട്ടത്തിന്  കഴിയില്ല. അതിനാണ് രാഷ്ട്രീയ ഭരണ നേതൃത്വമുള്ളത്. അവര്‍ക്ക് സഹായകരമായി നാടിന്റെ നാഢീ സ്പന്ദനങ്ങളെ വസ്തുതകളും കണക്കുകളും യാഥാര്‍ത്ഥ്യങ്ങളും വെച്ച് ശരിയായ തീരുമാനങ്ങളെടുക്കുന്നതിലേക്ക് എത്തിക്കുക എന്നതാണ് സിവില്‍ സര്‍വ്വീസിന്റെ മൗലിക കര്‍ത്തവ്യം. ജനങ്ങളുടെ ക്ഷേമാവശ്യാര്‍ത്ഥം എടുക്കുന്ന തീരുമാനങ്ങള്‍ യഥാവിധി നടപ്പിലാക്കുക എന്നതാണ് സിവില്‍ സര്‍വ്വീസിന്റെ ജോലി. അതിനാല്‍, ജനാധിപത്യത്തിന്റെ നടത്തിപ്പുകാരും പ്രയോക്താക്കളുമായി മാറുന്ന  ജീവനക്കാര്‍ക്കിടയിലെ പരിഷ്‌കരണ ശ്രമങ്ങള്‍ ജനാധിപത്യത്തിന്റെ സാധ്യതകളെ പോഷിപ്പിച്ചും ഉപയോഗപ്പെടുത്തിയുമാണ് നടത്തേണ്ടത്. അപ്രകാരമുള്ള അഭിപ്രായ രൂപീകരണത്തിന് ജനാധിപത്യപരമായ മാനങ്ങള്‍ സ്വീകരിക്കുക എന്നത് പ്രധാനമാണ്. കേവലം തൊഴിലിടങ്ങളിലെ തൊഴില്‍ പ്രശ്‌നമല്ല സര്‍ക്കാര്‍ ജീവനക്കാരന്റെ  പ്രശ്‌നങ്ങളെന്നും അത് പൊതു സമൂഹത്തിന്റെ നിരന്തരമായ ജാഗ്രത ആവശ്യപ്പെടേണ്ട സവിശേഷമായ വിഷയങ്ങളാണെന്നും തിരിച്ചറിയപ്പെടണം. സര്‍വ്വീസ് പരിഷ്‌കരണം ഒരു ജനാധിപത്യ പ്രക്ഷോഭമാകേണ്ടത് ഇപ്രകാരമൊരു കാഴ്ചപ്പാടിലാകണം. പൊതു സേവന ഇടങ്ങള്‍ക്കും കാര്യനിര്‍വ്വഹണ വിഭാഗങ്ങളുടെ നിലനില്‍പ്പിനും വേണ്ടിയുള്ള  അര്‍ത്ഥവത്തായ ശബ്ദങ്ങള്‍ എല്ലാവരും പങ്കിടുന്ന പുതിയ കാലത്തെയും ലോകത്തേയും പ്രതീക്ഷിച്ച് കൊണ്ടാണ് ഇതിനെ മുന്നോട്ട് കൊണ്ടു പോകേണ്ടത്.
ധര്‍മ്മ നീതിയുടെ അടിസ്ഥാനത്തില്‍, നിസ്വാര്‍ത്ഥതയോടെയും തുറന്ന മനസ്സോടെയും നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാരന് രാജ്യം അവസരം നല്‍കിയിരിക്കുന്നു. നിയമപരമായ ചട്ടക്കൂടിനകത്തെ ധാര്‍മ്മികമായ മാതൃകകളായി മാറുന്ന പൊതുസേവകരെന്ന ഉദാത്ത സങ്കല്‍പ്പം ഏറ്റെടുത്ത് ക്രിയാത്മകവും സര്‍ഗാത്മകവുമായ സര്‍ക്കാര്‍  ഓഫീസുകളെക്കുറിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് ചുവട് വെക്കുക എന്നതാണ് ഇത്തരമൊരു ജനാധിപത്യ ഇടപെടലിനെ പ്രസക്തമാക്കുന്നത്.No comments:

Post a Comment