Saturday, November 13, 2010

മാതൃകകള്‍ തേടുന്ന പലിശ രഹിത മൈക്രോ ഫിനാന്‍സിംഗ്


സൂക്ഷ്മതല വായ്പ സംവിധാനങ്ങള്‍ (micro credit programme), സ്വയം സഹായ സംഘങ്ങള്‍ (Self Help Groups - SHGs ) എന്നിവ കേരളീയ സമൂഹത്തിന് പുതുമയുള്ളതല്ല. സ്ത്രീകള്‍ക്കിടയിലാണ് ഇവ വ്യാപകമായി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സ്ത്രീ ശാക്തീകരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളും എന്‍.ജി.ഒ.കളും ഇവയെ പരിഗണിക്കുന്നു. എന്നാല്‍ സ്ത്രീകളുടെയും കുടുംബങ്ങളുടെയും ശാക്തീകരണത്തിന് സഹായകമാവേണ്ട സ്വയം സഹായ സംഘങ്ങളുടെ സൂക്ഷ്മതല വായ്പ സംവിധാനങ്ങള്‍ എല്ലാം പലിശാധിഷ്ഠിതമാണ്. പലിശാധിഷ്ഠിതമായ സാമ്പത്തിക ക്രമത്തിന്റെ അനിവാര്യത മാത്രമായി ഇതിനെ കാണാന്‍ കഴിയില്ല. മറിച്ച്, പുതിയ ഇരകളെ തേടിപ്പിടിച്ച് തളച്ചിടുന്ന കെണികളുടെ രൂപപ്പെടലായും ഇതിനെ വിലയിരുത്താവുന്നതാണ്.

കേരളത്തിലെ ഗ്രാമ,നഗര ഇടത്തരം നഗരങ്ങളിലെ ഇടത്തരക്കാരുടെയും ദരിദ്രരുടെയും ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത രണ്ട് കാര്യങ്ങളായിരിക്കുന്നു ബാങ്ക് വായ്പയും സ്വകാര്യ ബ്ളേഡ് വായ്പയും. കുടുംബങ്ങളിലെ സുപ്രധാനമായ ആവശ്യങ്ങള്‍ക്ക് (വീട്, വിവാഹം) വലിയ തുക ബാങ്ക് വായ്പയെടുക്കുന്നവര്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വകാര്യ ബ്ളേഡ് മുതലാളിമാരെ ആശ്രയിക്കുന്നു. ഇങ്ങനെ, വിവിധ പലിശ നിരക്കുകളിലുള്ള ഒട്ടേറെ വായ്പകള്‍ കുടുംബങ്ങളുടെ സാമ്പത്തിക അവസ്ഥയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. അധ്വാനത്തിന്റെ നല്ലൊരു പങ്കും തങ്ങളുടെ ജീവിതത്തിന് യാതൊരു പ്രയോജനവും നല്‍കാത്തതും പ്രത്യുല്‍പാദനപരവുമല്ലാത്ത പലിശ എന്ന ചിലവിനത്തിലേക്കായി മാത്രം മാറ്റപ്പെടുന്നു. ഇവരുടെ സാമ്പത്തികാവശ്യങ്ങള്‍ ന്യായമായി നിവര്‍ത്തിക്കപ്പെടുന്ന പക്ഷം സാമ്പത്തിക വ്യവസ്ഥക്ക് അതു നല്‍കുന്ന ഉണര്‍വ് അത്ഭുതാവഹമായിരിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മൂലം ഉത്തേജനം ലഭ്യമാകുന്നത് സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടിലാണ് എന്നതാണ് ഇതിനു കാരണം.

സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അരാജകപരമായ അവസ്ഥ ദരിദ്രരിലും ഇടത്തരക്കാരിലും സാമൂഹ്യപരമായ അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഒരു പരിധിവരെ സാമൂഹ്യ സുരക്ഷിതത്വത്തിന് അനുകൂലമായ പ്രതികരണങ്ങള്‍ സാമ്പത്തിക രംഗത്തെ നീതിപൂര്‍വ്വമായ വിതരണം ഉറപ്പ് വരുത്തുന്നു. അതിനാല്‍ തന്നെ, ഇത്തരം ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സ്വാധീനം സൃഷ്ടിക്കാനാവും.

അധ്വാനത്തിന്റെ പ്രത്യുല്‍പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പലിശ തടസ്സപ്പെടുത്തുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതില്‍ നമ്മുടെ ഭരണകൂടം പരാജയപ്പെടുന്നു. അതിനാലാണ്, കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിത സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശയെ ഒഴിച്ചു നിര്‍ത്തി ബദല്‍ കാഴ്ചവക്കാനാവാത്തത്. സ്വകാര്യ സ്വയം സഹായ സംഘങ്ങള്‍ പരമ്പരാഗത കാഴ്ചപ്പാടുകളെ നിരാകരിക്കാനോ, പുതിയ അന്വേഷണങ്ങള്‍ നടത്തുന്നതിനോ താത്പര്യപ്പെടുന്നുമില്ല. ശാക്തീകരണമെന്നതിനെ വ്യക്തികളിലെ പരിമിതമായ നിലപാടുകളിലേക്ക് മാത്രം ഒതുക്കാതെ,സാമ്പത്തിക ശാക്തീകരണം വഴി കുടുംബങ്ങളേയും കുടുംബാംഗങ്ങളേയും സമഗ്രമായി മുഖ്യധാരയിലേക്കെത്തിക്കാനാകാവുന്ന ആസൂത്രിതമായ പ്രവര്‍ത്തനങ്ങളായി മാറ്റി തീര്‍ക്കാതെ പോകുന്നതിന്റെ ഭവിഷ്യത്തുകള്‍ ചെറുതല്ല.

കുടുംബത്തിന്റെ ദാരിദ്യ്രമെന്നത് സ്ത്രീകളില്‍ ഒതുക്കപ്പെടുകയോ അല്ലെങ്കില്‍ അവരിലേക്ക് ചുരുക്കപ്പെടുകയോ ചെയ്യുന്നു. അതിനാല്‍ തന്നെ കുടുംബത്തിന്റെ ശാക്തീകരണം ആണ് സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ ഉപാധി എന്നത് അംഗീകരിച്ചേ തീരൂ.

സ്ത്രീ ശാക്തീകരണമെന്നത് വാക്കുകള്‍ക്കപ്പുറം പ്രായോഗികമാകണമെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം പ്രാവര്‍ത്തികമാകേണ്ടതുണ്ട്. കുടുംബത്തിന്റെ ദാരിദ്രാവസ്ഥയും അനാരോഗ്യപരമായ ചുറ്റുപാടുകളും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. 'മുണ്ട് മുറുക്കിയുടുക്കേണ്ടി വരുന്നവര്‍' അവര്‍ മാത്രമായി മാറുന്നു. കുടുംബത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികാവശ്യങ്ങളോട് പ്രതികരിക്കേണ്ടി വരുന്ന സ്ത്രീകള്‍ ഇരട്ട തൊഴിലാളികളായി മാറുന്നു. വീടിന് പുറത്ത് ജോലി ചെയ്യേണ്ടി വരുമ്പോള്‍ പുരുഷന്റെ പകുതി കൂലിക്ക് മാത്രം അര്‍ഹതയുള്ളവളും, വീടിനകത്ത് പ്രതിഫലാര്‍ഹമോ പരിഗണനാര്‍ഹമോ പോലും അല്ലാത്ത കൂലിയില്ലാത്ത ജോലിക്കാരിയും മാത്രമായി സ്ത്രീ മാറ്റിനിര്‍ത്തപ്പെടുന്നു. സമ്മര്‍ദ്ദങ്ങള്‍, തികഞ്ഞ യാഥാര്‍ത്ഥ്യമായി മാറുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.

കുടുംബങ്ങളിലെ സാമ്പത്തികാവശ്യങ്ങളില്‍ സ്ത്രീകള്‍ കൂടി പങ്ക് വഹിക്കേണ്ടി വരുന്ന വര്‍ത്തമാന അവസ്ഥയില്‍ സ്ത്രീകള്‍ക്ക് അവരുടെ തന്നെ സ്വയം സഹായ സംഘങ്ങള്‍ നല്‍കുന്ന മൈക്രോ ക്രെഡിറ്റുകള്‍ തികച്ചും പ്രസക്തമാണ്. എന്നാല്‍ പലിശാധിഷ്ഠിതമായ വ്യവസ്ഥയുടെ പ്രത്യക്ഷമായ തിയെ മറികടക്കാന്‍ പരമ്പരാഗതമായ സ്വയംസഹായ സംഘങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ ദൌര്‍ബല്യം.

പലിശാധിഷ്ഠിതമായ വായ്പ വിതരണത്തിന് ബദല്‍ മാതൃക സൃഷ്ടിക്കുകയായിരുന്നു പരിമിതകള്‍ക്കിടയിലും കേരളത്തിലെ പലിശരഹിത നിധികള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. പലിശയെന്ന ചൂഷണത്തെ ചെറുക്കുന്ന ഇത്തരം കൊച്ചു സംരംഭങ്ങള്‍ പുതിയ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്.

പലിശയ്ക്കെതിരെ ബദല്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ച ചെറു കൂട്ടായ്മകള്‍ തങ്ങളുടെ പ്രവര്‍ത്തന രീതികളില്‍ വരുത്തിയ മാറ്റങ്ങളേയും അവയ്ക്ക് ലഭിച്ച പൊതുജന സ്വീകാര്യതയും പഠനവിധേയമാക്കേണ്ടതുണ്ട്. പൊതുജന സ്വീകാര്യതയും പിന്തുണയും ജനകീയതയുടെ അളവുകോല്‍ തന്നെയാണ്. ലക്ഷങ്ങള്‍ മൂലധനമായുള്ള പലിശ രഹിത വായ്പാ വിതരണ സംവിധാനങ്ങള്‍ അവയുടെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറ്റിവച്ച് പുതിയ കാലത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ശ്രമിക്കുന്നപക്ഷം അതിന്റെ ഫലം അത്ഭുതകരമായിരിക്കും.

പലിശ രഹിത വായ്പാ വിതരണം അയല്‍ക്കൂട്ടങ്ങള്‍ (Neighborhood Groups -NHGs) വഴി നടത്തി ഈ രംഗത്ത് ഒരു പുതിയ മാതൃക പരീക്ഷിച്ച ഒരു ചെറു കൂട്ടായ്മയെക്കുറിച്ച ഡോക്യുമെന്ററി ഈ തണലില്‍ ഇത്തിരി നേരംബ്ളോഗില്‍ ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്.

No comments:

Post a Comment