Tuesday, October 19, 2010

ചില അരാഷ്ടീയ പ്രസ്താവനകള്‍

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാവരും വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്നതാണ് പൊതു അഭിപ്രായം (സര്‍വ്വകക്ഷി സമവായം).പക്ഷേ വികസനനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഇവരാരും സംസാരിക്കുന്നില്ല. രാഷ്ട്രീയമില്ല എന്നത് നിഷ്പക്ഷതയുടെ ഏറ്റവും മികച്ച അഭിമാന പ്രസ്താവനയായി കണക്കാക്കപ്പെടുന്ന കേരളീയ പശ്ചാത്തലത്തില്‍ ഈ രാഷ്ട്രീയ പ്രസ്താവന ഒരു കൌതുക വാര്‍ത്തയുടെ ശ്രദ്ധ പോലും ലഭിക്കാതെ തമസ്കരിക്കപ്പെടുന്നു.അമിതമായ കക്ഷി രാഷ്ടീയത്തെക്കുറിച്ചാണ് ഈ ആശങ്കയെങ്കില്‍ ഏറ്റവും കുറഞ്ഞത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷി രാഷ്ടീയമുക്തമാക്കാനായിരുന്നു ഇവരുടെ ആദ്യ പ്രസ്താവന പുറത്ത് വരേണ്ടിയിരുന്നത്.രാഷ്ടീയരഹിതമായ ജീവിതത്തെക്കുറിച്ച് ഏറെ വാചാലമാകുന്നവര്‍ മനുഷ്യനെന്നത് സാമൂഹ്യ ജീവിയാണ് എന്നതോടൊപ്പം ഒരു രാഷ്ടീയ ജീവി കൂടിയാണ് എന്നത് വിസ്മരിക്കുകയാണ്.ഇതിനെ സ്വാര്‍ത്ഥതയുടെ രാഷ്ടീയം അല്ലെങ്കില്‍ രാഷ്ടീയത്തിന്റെ അരാഷ്ടീയവത്കരണം എന്ന് വിശേഷിപ്പിക്കാതിരിക്കാനാവില്ല.

ഭൂമിയുടെ, വികസനത്തിന്റെ, ഭക്ഷണത്തിന്റെ, വിശപ്പിന്റെ, വിദ്യാഭ്യാസത്തിന്റെ, സംസ്കാരത്തിന്റെ, മതത്തിന്റെ, കലയുടെ തുടങ്ങിയവയുടെ ജീവിതഗന്ധിയായ രാഷ്ടീയം തിരിച്ചറിയുകയും അതിനെ ജനപക്ഷത്ത് നിന്ന് മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്ന നാളെയുടെ പുതിയ രാഷ്ടീയത്തിന്റെ ഉദയത്തെക്കുറിച്ച തീപിടിച്ച ചിന്തകള്‍ മുന്നോട്ട് നീക്കാന്‍ കേരളീയ പൊതു സമൂഹം കരുത്ത് നേനടേണ്ടതുണ്ട്.

No comments:

Post a Comment